സുവിശേഷ സന്ദേശം എപ്പിഫനി രണ്ടാം ഞായര്‍

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
ജനുവരി 13
ആദിമുതല്ക്കേ ഉണ്ടായിരുന്ന ദൈവവചനം മനുഷ്യനായി അവതരിച്ച വ്യക്തി എന്ന നിലയിലാണ് സുവിശേഷകനായ യോഹന്നാന് യേശുവിനെ ഇവിടെ അവതരിപ്പിക്കുന്നത്. സമാഗമ കൂടാരത്തില്‍ ഇസ്രായേല്‍ ജനത്തിന്റെ മധ്യേ വസിച്ചതു പോലെ നസ്രായനായ യേശുവിലൂടെ ദൈവം മനുഷ്യരുടെ മധ്യേ വസിച്ചു. അവിടുത്തെ മഹത്വം ജനം ദര്‍ശിച്ചു. തന്റെ അത്ഭുതങ്ങളിലൂടെയും കാരുണ്യപ്രവര്‍ത്തികളിലൂടെയും അവന് ദൈവകൃപ വെളിപ്പെടുത്തി. ദൈവത്തെ കുറിച്ചുള്ള സത്യം പ്രഘോഷിച്ചു. സ്നാപക യോഹന്നാന് അവിടുത്തേക്ക് സാക്ഷ്യം വഹിച്ചു. മോശ വഴി നല്കപ്പെട്ട നിയമം യേശു ക്രിസ്തുവിലൂടെ പരിപൂര്ണമാകുകയും കൃപയും സത്യവും വെളിവാകുകയും ചെയ്തു. താന്‍ ദൈവത്തില്‍ നിന്ന് വന്നതിനാലും പിതാവിനെ നേരില്‍ കണ്ടിട്ടുള്ളതിനാലും യേശുവിന് മാത്രമേ സത്യത്തെ കാണിച്ചു തരാന്‍ സാധിക്കുകയുള്ളൂ.
ബൈബിള്‍ വായന: യോഹന്നാന് (1: 14 – 18)
‘വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള് ദര്‍ശിച്ചു. കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം. യോഹന്നാന് അവന് സാക്ഷ്യം നല്കി കൊണ്ട് വിളിച്ചു പറഞ്ഞു: ഇവനെ പറ്റിയാണ് ഞാന്‍ പറഞ്ഞത്. എന്റെ പിന്നാലെ വരുന്നവന് എന്നേക്കാള്‍ വലിയവനാണ്. കാരണം, എനിക്ക് മുമ്പേ തന്നെ അവന് ഉണ്ടായിരുന്നു. അവന്റെ പൂര്‍ണതയില്‍ നിന്ന് നാമെല്ലാം കൃപയ്്ക്കു മേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു. എന്തു കൊണ്ടെന്നാല്‍ നിയമം മോശ വഴി നല്കപ്പെട്ടു. കൃപയും സത്യവുമാകട്ടെ യേശു ക്രിസ്തുവഴി ഉണ്ടായി. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്.‘
സുവിശേഷകനായ യോഹന്നാന് ഒരു ദൈവശാസ്ത്രജ്ഞനും ദാര്‍ശനികനും ആയതിനാല്‍ അദ്ദേഹം തന്റെ സുവിശേഷത്തിന് സുദീര്‍ഘമായ ഒരു ആമുഖം നല്കുന്നു. അധ്യായം 1 ന്റെ 1 മുതല്‍ 18 വാക്യങ്ങളില്‍.
വചനം മാംസമായി
ബൈബിള്‍ അര്‍ത്ഥത്തില്‍ മാംസം എന്ന വാക്കിന് മനുഷ്യശരീരത്തിന്റെ പാപസ്വഭാവം എന്നാണ് അര്‍ത്ഥം. ഇവിടത്തെ അര്‍ത്ഥം ദൈവം മനുഷ്യശരീരം സ്വീകരിച്ചു എന്നാണ്. മനുഷ്യന്റെ പാപസ്വഭാവത്തെ അത് സൂചിപ്പിക്കുന്നില്ല.
നമ്മുടെ ഇടയില്‍ വസിച്ചു
നമ്മുടെ ഇടയില്‍ വസിച്ചു എന്ന വചനം ചിലപ്പോള്‍ വചനം കൂടാരം കെട്ടി നമുക്കിടയില്‍ വസിച്ചു എന്നും വിവര്‍ത്തനം ചെയ്യാറുണ്ട്. പഴയ നിയമത്തില്‍ ഇസ്രായേല്‍ക്കാരുടെ മധ്യേ കൂടാരത്തില്‍ വസിച്ച കാര്യം ഓര്‍മിപ്പിക്കുകയാണ് ഇവിടെ.
പുറപ്പാടിന്റെ കാലത്ത് യാത്രയ്ക്കിടയില്‍ ഇസ്രായേല്‍ക്കാരുടെ കൂടാരങ്ങള്‍ക്കു നടുവില്‍ ദൈവത്തിന്റെ കൂടാരം ഉയര്‍ത്തിയിരുന്നു. (പുറ. 25 : 8). ഈ ദൈവസാന്നിധ്യം സോളമന് നിര്‍മിച്ച ദൈവാലയത്തിലും തുടര്‍ന്നു. മനുഷ്യാവതാരം ചെയ്ത യേശു മനുഷ്യരുടെ മധ്യേയുള്ള പുതിയ ദൈവസാന്നിധ്യമാണ്. പഴയ നിയമത്തിലേതു പോലെയല്ല, തൊട്ടു നോക്കാവുന്നതും കാണാവുന്നതും കേള്‍ക്കാവുന്നതുമായ ദൈവസാന്നിധ്യമാണിത്.
ഞങ്ങള്‍ അവന്റെ മഹിമ ദര്‍ശിച്ചു
പാത്മോസ് ദ്വീപില്‍ വച്ച് ദൈവദര്‍ശനം ലഭിച്ച വ്യക്തിയാണ് യോഹന്നാന്. അദ്ദേഹം എഴുതിയ വെളിപാട് ഈ ദര്‍ശനത്തെ കുറിച്ചാണ്. താബോര്‍ മലയില്‍ വച്ച് മോശയുടെയും ഏലിയായുടെയും മധ്യേ യേശു തന്റെ മഹിമ വെളിപ്പെടുത്തിയപ്പോള്‍ അവിടെ യോഹന്നാനും അതിന് സാക്ഷി ആയിരുന്നു. യേശു പരസ്യജീവിത കാലത്ത് പ്രവര്‍ത്തിച്ച നിരവധി അത്ഭുതങ്ങള്‍ക്കും അദ്ദേഹം സാക്ഷി ആയിരുന്നു. അതു കൊണ്ടാണ് ഞങ്ങള്‍ അവന്റെ മഹിമ ദര്‍ശിച്ചു എന്ന് അദ്ദേഹം എഴുതിയത്. ദൈവത്തിന്റെ മഹിമ എന്നാല്‍ ദൈവസാന്നിധ്യമാണ്.
ദൈവത്തിന്റെ മഹിമ കാണുക എന്നാല്‍ ദൈവത്തെ മുഖാമുഖം കാണുന്നതു പോലെയല്ല. ‘കൂടാരത്തില്‍ പ്രവേശിക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങി വന്നു കൂടാര വാതില്ക്കല് നില്ക്കും. അപ്പോള്‍ കര്‍ത്താവ് മോശയോട് സംസാരിക്കും’ (പുറ 33: 9). മോശ ദൈവത്തെ മുഖാമുഖം കണ്ടിട്ടില്ല. മേഘസ്തംഭമാണ് കണ്ടത്.
ഒരിക്കല്‍ ദൈവത്തിന്റെ മഹിമ കാണണമെന്ന് മോശ ദൈവത്തോട് അപേക്ഷിച്ചു. (പുറ 33: 18). ‘നീ എന്റെ മുഖം കണ്ടുകൂടാ. എന്തെന്നാല്‍ എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെ ഇരിക്കില്ല’ (പുറ. 33: 20) എന്നായിരുന്നു ദൈവത്തിന്റെ മറുപടി. മോശ ദൈവത്തിന്റെ പിന്‍ഭാഗം കാണുന്നതായി ബൈബിള്‍ പറയുന്നുണ്ട്. (പുറ. 33: 23). എന്നാല്‍ യേശു പറയുന്നു ‘ ആരും ദൈവത്തെ കണ്ടിട്ടില്ല. പിതാവുമായി ഗാഢ ബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്’ (യോഹ 1: 18).
‘ക്രിസ്തുവില്‍ ദൈവത്വത്തിന്റെ പൂര്ണതയൊക്കെയും ശരീരത്തിന്റെ രൂപത്തില്‍ വസിക്കുന്നു’ (കൊളോ 2: 9) എന്ന് പൗലോസും ‘എന്നെ കാണുന്നവന് പിതാവിനെ കണ്ടു കഴിഞ്ഞു’ (യോഹ 14; 9) എന്ന് യേശു പീലിപ്പോസിനോടും പറയുന്നു. യേശു ഈ ലോകത്തിലേക്ക് വന്നത് എളിയ മനുഷ്യന്റെ രൂപത്തിലായതിനാല്‍ മനുഷ്യനയനങ്ങളാല് അവിടുത്തെ നോക്കാന്‍ മനുഷ്യര്‍ക്ക് സാധിച്ചു. അവിടുത്തെ മഹത്വം ഭാഗികമായി പത്രോസിനും യാക്കോബിനും യോഹന്നാനും വെളിപ്പെടുത്തിയപ്പോള്‍ അവര്‍ ഭയന്നു വിറച്ചു (മത്തായി 17: 1-13).. യേശു തന്റെ അത്ഭുതങ്ങളിലൂടെയും തന്റെ മഹത്വം മനുഷ്യന് വെളിപ്പടുത്തി.
കൃപ
യേശുവിന്റെ ദൈവകരുണയാണ് കൃപ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. തന്റെ മേല്‍ നമ്മുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ ഏറ്റെടുത്ത് യേശു നമ്മെ നിത്യനാശത്തില്‍ നിന്ന് രക്ഷിച്ചു. നമ്മെ വിശുദ്ധീകരിച്ച് അവിടുന്ന് തന്റെ രണ്ടാം വരവില്‍ പിതാവ് സമര്‍പ്പിക്കും. യേശു രക്ഷിച്ചതിനാലാണ് നാം നിത്യരക്ഷയ്ക്ക് അര്‍ഹരായി തീര്‍ന്നിരിക്കുന്നത്. യേശുവിന്റെ രക്ഷാകരമായ സഹനങ്ങളെ കുറിച്ച് ഏശയ്യാ പ്രവാചകന് പറയുന്നുണ്ട്. (ഏശ 53: 4-5)
ഒരു കുട്ടി തെറ്റ് ചെയ്യുമ്പോള്‍ അത് നിസഹായനാകുന്നു. അപ്പോള്‍ ആ കുട്ടിക്കു വേണ്ടി സഹിക്കുന്നത് അതിന്റെ മാതാപിതാക്കളാണ്. അതു പോലെ നിസഹായരായ മനുഷ്യര്‍ക്കു വേണ്ടി ദൈവം തന്റെ പ്രിയമകനെ അയച്ചു.
കൃപ നമുക്ക് സ്വന്തം കഴിവിനാല് നേടാന്‍ കഴിയാത്ത ഒരു കാര്യമാണ്. എന്നാല്‍ യേശു പാപികളായ നമുക്കു വേണ്ടി അത് ചെയ്തു. നമ്മുടെ ജീവിതത്തിലും കരുണയുടെ പ്രവര്‍ത്തികള്‍ ചെയ്തു കൊണ്ട്് യേശുവിനെ അനുകരിക്കണം.
സത്യം
നുണയുടെ വിപരീതമാണ് സത്യം. ആദത്തിന്റെ ഹവ്വയുടെയും കഥയില്‍ ദൈവം അവരോട് സത്യം പറയുകയും സാത്താന് നുണ പറയുകയും ചെയ്യുന്നു (ഉല് 3: 1 – 3). ആദിമാതാപിതാക്കള്‍ സാത്താന്റെ നുണ വിശ്വസിക്കുകയും സത്യം വെടിഞ്ഞ് നുണയെ പിന്തുടരുകയും ചെയ്തു. രക്ഷാകര ചരിത്രം മുഴുവന്‍ ദൈവം പ്രവാചകരിലൂടെയും നിയമത്തിലൂടെയും സത്യം വെളിപ്പെടുത്തുന്നത് നാം കാണുന്നു. അനേകര്‍ സത്യത്തെ പിന്തുടര്ന്നപ്പോള് മറ്റനേകം പേര് സത്യത്തെ വെടിഞ്ഞ് കള്ള ദേവന്മാരെ ആരാധിച്ചു. സത്യത്തില്‍ നിന്ന് അകന്നു പോകുന്നതാണ് പാപം.
യേശു പറയുന്നു: ‘ഞാനാണ് വഴിയും സത്യവും ജീവനും’ (യോഹ 14 : 6). യേശു സത്യവുമായ സ്വയം താദാത്മ്യപ്പെടുത്തി. ദൈവത്തെ കുറിച്ച് സംസാരിക്കുക മാത്രമല്ല ദൈവം എങ്ങനെയാണെന്ന് അവിടുന്ന് കാണിച്ചു തന്നു.
സന്ദേശം
ദൈവസാന്നിധ്യം നമ്മുടെ മധ്യേ അനുഭവിക്കാന്‍ നമുക്ക് ഭാഗ്യമുണ്ടായി. ഇപ്പോള്‍ മനുഷ്യരൂപത്തില്‍ യേശുവിനെ കാണാന്‍ നമുക്ക് കഴയില്ലെങ്കിലും പരിശുദ്ധ കുര്‍ബാനയിലൂടെ നാം അവിടുത്തെ കാണുന്നു, കേള്‍ക്കുന്നു, സ്വീകരിക്കുന്നു.
കൃപ യേശു ക്രിസ്തുവിലൂടെ നമ്മിലേക്കു വന്നു. യേശു അത് അപ്പോസ്തലന്മാര്ക്ക് കൈമാറി. അവരുടെ പിന്തുടര്‍ച്ചക്കാരിലൂടെ അത് നമ്മുടെ പക്കലെത്തി. നാം സ്വീകരിച്ച കൃപ നമ്മുടെ സഹജീവികളായ മനുഷ്യര്‍ക്ക് നമ്മുടെ കാരുണ്യപ്രവര്‍ത്തികളിലൂടെയും ആത്മത്യാഗത്തിലൂടെയും നാം പകര്‍ന്നു കൊടുക്കണം.
നമ്മെ സ്വതന്ത്രരാക്കുന്ന സത്യമാണ് യേശു. യേശുവിന്റെ സത്യമായ സന്ദേശങ്ങളെ നമുക്ക് പിന്ചെല്ലാം. അപ്പോള്‍ നാം സ്വര്‍ഗത്തിലേക്കുള്ള ശരിയായ വഴിയേ ചരിക്കുന്നവരാകും.