ജനനത്തിരുനാള്‍ ഒന്നാം ഞായര്‍ സുവിശേഷ സന്ദേശം
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
കിഴക്കു നിന്നുള്ള ജ്ഞാനികള്‍ ഭൂമിയില്‍ അവതരിച്ച രക്ഷകനെ സന്ദര്‍ശിക്കാനെത്തുന്ന സംഭവമാണ് ഈ ഞായറാഴ്ച നാം വായിച്ചു കേള്‍ക്കുന്ന സുവിശേഷഭാഗം.
വായന (മത്തായി 2: 1- 12)
യൂദയായിലെ ബെത്ലെഹേം
സെബുലൂനിന്റെ ഭാഗമായ മറ്റൊരു ബെത്ലെഹേം ഉണ്ടായിരുന്നു. ഗലീലി കടലിന്റെ സമീപത്തായിരുന്നു അത്. അതില്‍ നിന്ന് വ്യത്യസ്ഥമാണെന്ന് കാണിക്കാനാണ് മത്തായി സുവിശേഷകന് യൂദയായിലെ ബെത്ലെഹേം എന്ന് എടുത്തു പറഞ്ഞിരിക്കുന്നത്. അപ്പത്തിന്റെ ഭവനം എന്നാണ് ബെത്ലെഹേം എന്ന വാക്കിന്റെ അര്‍ത്ഥം. കൃഷിക്കും ആടുവളര്‍ത്തലിനും യോജിച്ച ഫലഭൂയിഷ്ഠമായ സ്ഥലമായിരുന്നതിനാലാണ് അങ്ങനെ ഒരു പേര് വന്നത്.
ഹേറോദേസ്
ഹേറോദേസ് രാജാവ് പാതി യഹൂദനും പാതി ഇദുമെയക്കാരനും ആയിരുന്നു. ബിസി 47 ല്‍ ഗവര്‍ണറായി നിയമിതനായ അദ്ദേഹം 40 ല്‍ രാജാവാകുകയും ബിസി 4 വരെ ഭരണം നടത്തുകയും ചെയ്തു. മഹാനായ ഹേറോദേസ് എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. കിഴക്കു നിന്നുള്ള ജ്ഞാനികള്‍ എത്തിയപ്പോള്‍ അദ്ദേഹം ജറുസലേമില്‍ താമസിക്കുകയായിരുന്നു.
ജ്ഞാനികള്‍
പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായ മീഡ്സില് നിന്നുള്ള മിദിയാന്‍ വംശത്തില്‍ പെട്ടവരായിരുന്നു ജ്ഞാനികള്‍. അവര്‍ പേര്‍ഷ്യന്‍ രാജാവിന്റെ ഗുരുക്കന്മാരും ഉപദേശകരും ആയിരുന്നു. അക്കാലത്തെ വിജ്ഞാന ശാഖകളില്‍ അവര്‍ നിപുണരായിരുന്നു. ജ്യോതിശാസ്ത്രജ്ഞരും ഭാവിപറയുന്നവരും സ്വപ്നം വ്യാഖ്യാനിക്കുന്നവരും ആയിരുന്നു. 12 പേരാണ് വന്നതെന്ന് ഒരു പാരമ്പര്യം പറയുന്നു. ബൈബിള്‍ പ്രകാരം മൂന്നു പേരാണ് യേശുവിനെ സന്ദര്‍ശിച്ചത്. മെല്ക്കിയോര്, ഗാസ്പര്‍, ബല്‍ത്താസര്‍ എന്നിങ്ങനെ ആയിരുന്നു അവരുടെ പേരുകള്‍ എന്ന് പാരമ്പര്യം വ്യക്തമാക്കുന്നു. പാശ്ചാത്യസഭയുടെ പാരമ്പര്യം അനുസരിച്ച് ബല്‍ത്താസര്‍ അറേബ്യ രാജാവും, മെല്ക്കിയോര് പേര്‍ഷ്യാ രാജാവും ഗാസ്പര്‍ ഇന്ത്യയില്‍ നിന്നുള്ള രാജാവും ആയിരുന്നു എന്ന് പറയുന്നു.
യഹൂദരുടെ നവജാതനായ രാജാവ് എവിടെ?
തങ്ങളുടെ രാജാവിനെ മനസ്സിലാക്കാന്‍ യഹൂദര്‍ പരാജയപ്പെട്ടു. വിജാതീയരായ ജോതിശാസ്ത്രജ്ഞര്‍ അവര്‍ക്ക് അക്കാര്യം പറഞ്ഞു കൊടുക്കേണ്ടി വന്നു. എല്ലാത്തിലും വലിയ രാജാവ് യൂദയായില്‍ നിന്ന് വരും എന്ന് കിഴക്കുള്ളവര്‍ വിശ്വസിച്ചിരുന്നു. അതാണ് അവര്‍ ചോദിക്കുന്നത്. യഹൂദരുടെ നവജാതനായ രാജാവ് എവിടെ? എന്ന്.
നക്ഷത്രം
നക്ഷത്രം എന്നു പറയുന്നത് പ്രകാശപൂര്‍ണമായൊരു കൊള്ളിമീന്‍ ആകാം. ആധുനിക കാലത്തെ ജ്യോതിശാസ്ത്രജ്ഞരുടെ വാദം അനുസരിച്ച് അത് ശുക്രഗ്രഹം ആണ്, കൃത്യമായ അര്‍ത്ഥത്തില്‍ ഒരു നക്ഷത്രമല്ല. ഒരു രാജാവിന്റെ ജനനത്തോടനുബന്ധിച്ച് ഒരു പുതിയ നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെടും എന്നൊരു പുരാതന വിശ്വാസം നിലനിന്നിരുന്നു.
ഹേറോദേസ് ഭയപ്പെട്ടു
ഹേറോദേസിന് യഹൂദരുടെ മേലുള്ള അധികാരം ലഭിച്ചത് റോമന്‍ ചക്രവര്‍ത്തിയില്‍ നിന്നാണ്. ഹേറോദേസ് പാതി യഹൂദനും പാതി വിജാതീയനുമായതിനാല് യഹൂദര്‍ ഹേറോദേസിനെ മനസ്സു കൊണ്ട് അംഗീകരിച്ചിരുന്നില്ല. ദാവീദിന്റെ വംശത്തില്‍ നിന്നുള്ള രാജാവ് വന്നാല്‍ തന്നെ യഹൂദര്‍ തള്ളിക്കളയും എന്നയാള്‍ ഭയന്നിരുന്നു. സ്വന്തം ഭാര്യയായ മരിയാംനേ, അമ്മായിഅമ്മയായ അലക്സാന്‍ഡ്ര, അവരുടെ മകന് അന്തിപ്പാര് തുടങ്ങിയവരെ ഹേറോദേസ് കൊന്നു കളഞ്ഞിരുന്നു.
്പ്രധാന പുരോഹിതരെയും നിയമജ്ഞരെയും വിളിച്ച് മിശിഹാ എവിടെയാണ് പിറക്കാനിരിക്കുന്നതെന്ന് ഹേറോദേസ് ആരാഞ്ഞു. മിശിഹായുടെ ജനനത്തെ കുറിച്ച് പ്രവചനങ്ങളുണ്ടെന്ന് ഹേറോദേസ് മുമ്പേ അറിഞ്ഞിരുന്നു. യൂദയായിലെ ബെത്ലെഹേമില്‍ എന്ന് എഴുതപ്പെട്ടിരിക്കുന്നു എന്ന് അവരെല്ലാവരും ഏകസ്വരത്തില്‍ പറഞ്ഞു.
ഹേറോദേസ് ജ്ഞാനികളെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയത്തെ കുറിച്ച് ആരാഞ്ഞു. കാരണം കൂടെയുള്ള യഹൂദരില്‍ അയാള്‍ക്ക് വിശ്വാസം ഉണ്ടായിരുന്നില്ല. നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം നോക്കി അയാള്‍ പുതിയ രാജാവിന്റെ പ്രായം കണക്കു കൂട്ടി നോക്കി. അതനുസരിച്ചാണ് രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള ശിശുക്കളെ കൊല്ലാന്‍ ഹേറോദേസ് കല്പന പുറപ്പെടുവിച്ചത്. ശിശുവിനെ കണ്ടതിനു ശേഷം തിരികെ വന്ന് തന്നെ അറിയിക്കണം തനിക്കും അവനെ ആരാധിക്കണം എന്ന് ഹേറോദേസ് ജ്ഞാനികളോട് പറയുന്നു.
ഹേറോദേസിന്റെ കൊട്ടാരത്തിനടുത്ത് വച്ച് അപ്രത്യക്ഷമായ നക്ഷത്രം ജ്ഞാനികള്‍ കൊട്ടാരം വിട്ടപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് ശിശു ജനിച്ച സ്ഥലത്തിന്റെ മുകളില്‍ വന്നു നിന്നു.
അകത്തു പ്രവേശിച്ച അവര്‍ ദിവ്യശിശുവിനെ അവന്റെ അമ്മ മറിയത്തോടൊപ്പം കണ്ടു. അവര്‍ സാഷ്ടാംഗം വീണ് ശിശുവിനെ പ്രണമിച്ചു. പൊന്നും കുന്തുരുക്കവും മീറയും സമ്മാനമായി സമര്‍പിച്ചു.
ജ്ഞാനികള്‍ എത്തുമ്പോള്‍ ഉണ്ണിയേശുവിന് ഏതാനും മാസങ്ങള്‍ പ്രായമായിട്ടുണ്ടാകും എന്ന് ബൈബിള്‍ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ഒരു പക്ഷേ, ഭേദപ്പെട്ട ഒരു വീടും അവര്‍ക്ക് താമസിക്കാന്‍ ലഭിച്ചിരിക്കാം. അതു കൊണ്ടാണ് ‘അവര്‍ ഭവനത്തില്‍ പ്രവേശിച്ച്…’ എന്ന് മത്തായി എഴുതിയിരിക്കുന്നത്.
ഉണ്ണിയേശുവിനെ അവന്റെ അമ്മയോടു കൂടെ കണ്ടു എന്നാണ് മത്തായി എഴുതിയിരിക്കുന്നത്. ശിശു ആയിരുന്നല്ലോ അവരുടെ ലക്ഷ്യം. അതാണ് ശിശുവിന്റെ പേര് ആദ്യം പറഞ്ഞത്. ദിവ്യശിശുവിന്റെ ദിവ്യത്വം തിരിച്ചറഞ്ഞതിനാല് അവര്‍ അവനെ കുമ്പിട്ടാരാധിച്ചു. അവര്‍ വന്നത് വെറും ഒരു രാജാവിനെ കാണാനല്ല, ലോക രക്ഷകനായി പിറന്നവനെ കാണാനാണ്.
ഉണ്ണിക്ക് സമ്മാനിച്ച ഉപഹാരങ്ങള്‍ക്കും പ്രത്യേകയുണ്ട്. വൃദ്ധനായ മെല്ക്കിയോര് സ്വര്‍ണമാണ് നല്‍കിയത്. ശിശുവിന്റെ രാജത്വത്തിനുള്ള ആദരവാണത്. യുവാവായ കാസ്പര്‍ കുന്തുരക്കവും നല്കുന്നു. യേശുവിന്റെ ദൈവത്വത്തിനുള്ള ആദരവാണത്. ഇരുനിറമുള്ള ബല്‍ത്താസര്‍ യേശുവിന്റെ മരണത്തെ സൂചിപ്പിച്ച് മീറ അര്‍പിക്കുന്നു.
ഉണ്ണിയേശുവിനെ കണ്ട ശേഷം മാലാഖയുടെ നിര്‍ദേശം അനുസരിച്ച് അവര്‍ ഹേറോദേസിന്റെ കൊട്ടാരത്തിലേക്ക് മടങ്ങാതെ മറ്റൊരു വഴിക്ക് തിരിച്ചു പോകുന്നു.
സന്ദേശം
നിധി തേടുന്നവരെ പോലെയായിരുന്നു ആ മൂന്ന് ജ്ഞാനികള്‍. ദിവ്യനായ രാജാവും രക്ഷകുമായി പിറന്നവനായിരുന്നു അവര്‍ തേടിയ നിധി. ആ നിധിക്ക് വേണ്ടി റിസ്ക് എടുക്കാന്‍ അവര്‍ തയ്യാറായി. ‘വഴിയും സത്യവും ജീവനുമായ’ യേശുവിന് വേണ്ടി നാം റിസ്ക് എടുക്കാന്‍ തയ്യാറാകണം.
അഹറോന്റെയും ദാവീദിന്റെയും യഥാര്‍ത്ഥ പിന്തുടര്ച്ചക്കാരെ സ്ഥാനഭൃഷ്ടരാക്കി യഹൂദര്‍ അഴിമതിക്കാരായ നേതാക്കള്‍ ഭരിക്കുന്നതിന് കാരണമാക്കി. പാതി യഹൂദനും പാതി വിജാതീയനുമായിരുന്നു ഹേറോദേസ്. യഹൂദര്‍ യേശുവിനെ അംഗീകരിക്കുന്നതിന് പകരം ഹേറോദേസിനെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചു. നാം യേശുവിനോടും അവിടുത്തെ സഭയോടും എത്രമാത്രം സ്നേഹവും വിശ്വസ്തതയും കാണിക്കുന്നുണ്ട് എന്ന് ആത്മപരിശോധന ചെയ്യാം.
മാലാഖമാരുടെ സന്ദേശം കേട്ട പാടെ ഇടയന്മാര് ഉണ്ണിയേശുവിനെ അന്വേഷിച്ചു പോയി. എന്നാല്‍ ഹേറോദേസും മുഖ്യപുരോഹിതരും എല്ലാം ദിവ്യജനനത്തെ കുറിച്ചറിഞ്ഞിട്ടും ആരും യേശുവിനെ ആദരിക്കാന്‍ പോയില്ല. ഉണ്ണിയെ കൊന്നുകളയാനാണ് ഹേറോദേസ് ശ്രമിച്ചത്.
ക്രിസ്മസ് സമ്മാനങ്ങള്‍ നല്കുന്ന പതിവ് ആദ്യമായി ആംരഭിച്ച് ജ്ഞാനികളാണ്. സമ്മാനങ്ങള്‍ നല്കുമ്പോള് യേശുവിനെ നല്കാന് മറക്കരുതേ!