വിശുദ്ധ ഗീവര്‍ഗീസ് പുണ്യാളന്റെ അത്ഭുതകഥ
മെറ്റാഫ്രാസ്റ്റെസ് നല്‍കുന്ന വിവരണമനുസരിച്ച് വിശുദ്ധ ഗീവര്‍ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്. വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന്‍ തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി. വിശുദ്ധന്റെ മാതാവിന്റെ ജന്മദേശമായിരുന്നു പലസ്തീന്‍. അവിടെ അവര്‍ക്ക് വളരെ വലിയ തോട്ടമുണ്ടായിരുന്നു. ക്രമേണ ഈ തോട്ടം വിശുദ്ധ ഗീവര്‍ഗീസിനു ലഭിച്ചു.
വിശുദ്ധ ഗീവര്‍ഗീസ് നല്ല ആരോഗ്യവാനായിരിന്നു. അതിനാല്‍ തന്നെ അദ്ദേഹം സൈന്യത്തില്‍ ചേരുകയും അദ്ദേഹത്തിന്റെ ധീരതയാല്‍ സൈന്യത്തിലെ ഉപസൈന്യാധിപതിയായി നിയമിതനാവുകയും ചെയ്തു. അധികം താമസിയാതെ ഡയോക്ലീഷന്‍ ചക്രവര്‍ത്തി വിശുദ്ധന് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കി.
പിന്നീട് ചക്രവര്‍ത്തി ക്രൈസ്തവര്‍ക്കെതിരായി യുദ്ധം ചെയ്തപ്പോള്‍, വിശുദ്ധ ഗീവര്‍ഗീസ് തന്റെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുകയും, ചക്രവര്‍ത്തി കാണിക്കുന്ന ക്രൂരതയേക്കുറിച്ച് തുറന്ന്! പറയുകയും ചെയ്തു. ഉടന്‍ തന്നെ വിശുദ്ധന്‍ തടവിലടക്കപ്പെട്ടു. പ്രലോഭനങ്ങളും, വാഗ്ദാനങ്ങളും പിന്നീട് ക്രൂരമായ മര്‍ദ്ദനങ്ങളും വിശുദ്ധന് നേരിടേണ്ടി വന്നു. പക്ഷേ ഇതിനൊന്നിനും വിശുദ്ധനെ തളര്‍ത്തുവാന്‍ കഴിഞ്ഞില്ല.
അധികം വൈകാതെ തന്നെ വിശുദ്ധനെ തെരുവുകളിലൂടെ നടത്തിക്കുകയും ശിരച്ചേദം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു. നിക്കോമീദിയായില്‍ രാജശാസനം ആദ്യമായി സ്ഥാപിച്ചപ്പോള്‍ അത് വലിച്ചുകീറിയ ധീരനായ ചെറുപ്പക്കാരന്‍ വിശുദ്ധ ഗീവര്‍ഗീസാണെന്ന് നിരവധിപേര്‍ വിശ്വസിക്കുന്നു.
അദ്ദേഹത്തിന്റെ ജോലിയുടെ സ്വഭാവവും അന്തിയോക്യായില്‍ ഉണ്ടായ ഒരു യുദ്ധത്തില്‍ വിശുദ്ധന്‍, ഗോഡ്‌ഫ്രേ ബൂയില്ലോണിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ സൈന്യത്തിന്റെ സഹായത്തിനെത്തുകയും, ആ യുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ വിജയിച്ചു എന്ന വിവരണവുമാണ് വിശുദ്ധ ഗീവര്‍ഗീസിനെ സൈനികരുടെ മദ്ധ്യസ്ഥനായി പരിഗണിക്കുവാനുള്ള കാരണം. ഈ വിജയം വിശുദ്ധനെ യൂറോപ്പ് മുഴുവന്‍ പ്രസിദ്ധനാക്കുകയും, യുദ്ധവേളകളില്‍ സൈനികര്‍ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കുന്ന പതിവിനു തുടക്കമിടുകയും ചെയ്തു.
മറ്റൊരു വിശ്വാസം കൂടിയുണ്ട്, റിച്ചാര്‍ഡ് ഒന്നാമന്‍ രാജാവിന്, സാരസെന്‍സിനെതിരായ യുദ്ധത്തിനിടക്ക് വിശുദ്ധ ഗീവര്‍ഗീസിന്റെ ദര്‍ശനം ഉണ്ടായതായി പറയപ്പെടുന്നു, രാജാവ് ഇക്കാര്യം തന്റെ സൈനികരെ അറിയിക്കുകയും ഇതില്‍ പ്രചോദിതരായ സൈന്യം ശത്രുക്കളെ എളുപ്പം പരാജയപ്പെടുത്തുകയും ചെയ്തു.
സാധാരണയായി വിശുദ്ധ ഗീവര്‍ഗീസിനെ ചിത്രങ്ങളില്‍ ഒരു കുതിരപ്പുറത്തിരിന്നു ഒരു വ്യാളിയുമായി കുന്തം കൊണ്ട് യുദ്ധം ചെയ്യുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ തന്റെ വിശ്വാസവും, ക്രിസ്തീയ സഹനശക്തിയും കൊണ്ട് തിന്മയെ കീഴടക്കി എന്നുള്ളതിന്റെ വെറുമൊരു പ്രതീകമെന്നതില്‍ കവിഞ്ഞ് യാതൊന്നുമല്ല. ക്രിസ്തുവിന്റെ രക്തസാക്ഷികളില്‍ ഏറ്റവും തിളക്കമാര്‍ന്ന ഒരു രക്തസാക്ഷിയായിട്ടാണ് വിശുദ്ധ ഗീവര്‍ഗീസിനെ കത്തോലിക്കാ സഭ ആദരിക്കുന്നത്.
ഗ്രീക്ക്കാര്‍ വിശുദ്ധന് ‘മഹാനായ രക്തസാക്ഷി’ എന്ന വിശേഷണം നല്‍കി ആദരിക്കുകയും വിശുദ്ധന്റെ തിരുനാള്‍ ദിനം ഒരു പൊതു അവധിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പണ്ട് കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഏതാണ്ട് അഞ്ചോ ആറോ ദേവാലയങ്ങള്‍ വിശുദ്ധന്റെ നാമധേയത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പഴക്കമേറിയത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഇപ്പോഴും ചില പൗരസ്ത്യ രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ച് ജോര്‍ജ്ജിയന്‍ നിവാസികള്‍ വിശുദ്ധ ഗീവര്‍ഗീസിനെ അവരുടെ മദ്ധ്യസ്ഥവിശുദ്ധനായിട്ടാണ് പരിഗണിക്കുന്നത്.
വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴി നിരവധി യുദ്ധവിജയങ്ങളും, മറ്റു അത്ഭുതങ്ങളും നടന്നിട്ടുണ്ടെന്നു ചില ബൈസന്റൈന്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധനാട് സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ പാലസ്തീനിലുള്ള വിശുദ്ധന്റെ ശവകുടീരവും, ദേവാലയവും സന്ദര്‍ശിക്കുന്നതിനാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ വിശുദ്ധന്റെ നാമം വളരെയേറെ പ്രചരിപ്പിക്കപ്പെട്ടു. ആറാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ വിശുദ്ധനെ വളരെയേറെ ആദരിച്ചിരുന്നുവെന്ന് ടൂര്‍സിലെ വിശുദ്ധ ഗ്രിഗറി പരാമര്‍ശിച്ചിരിക്കുന്നു. മാത്രമല്ല അദ്ദേഹം നശിക്കാറായ വിശുദ്ധ ഗീവര്‍ഗീസിന്റെ ഒരു ദേവാലയം അറ്റകുറ്റപണികള്‍ ചെയ്ത് പുതുക്കുവാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ഫ്രാന്‍സിലെ ആദ്യ ക്രിസ്ത്യന്‍ രാജാവായിരുന്ന ക്ലോവിസിന്റെ ഭാര്യയായിരുന്ന വിശുദ്ധ ക്ലോറ്റില്‍ഡിസ്, വിശുദ്ധന്റെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി; ചെല്ലെസിലെ ദേവാലയവും ഈ മഹതി തന്നെയാണ് നിര്‍മ്മിച്ചിട്ടുള്ളത്. ജെനോവാ റിപ്പബ്ലിക്കിന്റെ സംരക്ഷകനായ വിശുദ്ധന്‍ കൂടിയാണ് വിശുദ്ധ ഗീവര്‍ഗീസ്.
1222ല്‍ ഓക്‌സ്‌ഫോര്‍ഡില്‍ കൂടിയ ദേശീയ സമിതിയില്‍ ഇംഗ്ലണ്ട് മുഴുവന്‍ വിശുദ്ധന്റെ തിരുനാള്‍ ദിനം ഒരു അവധിദിവസമായി പ്രഖ്യാപിക്കണമെന്ന് ഉത്തരവിട്ടു. എഡ്വേര്‍ഡ് മൂന്നാമന്‍ ചക്രവര്‍ത്തി സ്ഥാപിച്ച പ്രഭുക്കളുടെ ബഹുമതിയുടെ അടയാളവും, ചിഹ്നവും വിശുദ്ധനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവര്‍ക്ക് വിശുദ്ധനോടുള്ള അസാധാരണമായ ഭക്തി, തിരുസഭയില്‍ വിശുദ്ധന്റെ നാമം എത്രമാത്രം തിളക്കമുള്ളതാണെന്നതിന്റെ
ആധികാരികമായ തെളിവാണ്. പരമ്പരാഗത വിശ്വാസം അനുസരിച്ച് പലസ്തീനായില്‍ നിന്നുള്ള ഒരു റോമന്‍ പടയാളിയായിരുന്ന അദ്ദേഹം ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ അംഗരക്ഷകസേനയിലെ അംഗവും സൈനിക പുരോഹിതനുമായിരുന്നു. പിന്നീട് വിശുദ്ധന് ചക്രവര്‍ത്തിയില്‍ നിന്നും നിക്കോമീദിയയില്‍ വെച്ച് ഒട്ടേറെ സഹനങ്ങള്‍ നേരിടേണ്ടതായി വന്നു. ജോസഫ് അസ്സെമാനിയുടെ അഭിപ്രായത്തില്‍, എല്ലാ സഭകളും ഏകപക്ഷീയമായി ഏപ്രില്‍ 23 നു വിശുദ്ധന്റെ രക്തസാക്ഷിത്വ ദിനമായി അംഗീകരിക്കുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.