‘ഫാത്തിമ’- അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ക്രൈസ്തവ യുവാവിനെ വിവാഹം കഴിച്ച മുസ്ലീം രാജകുമാരി; ഫാത്തിമ. വിവാഹശോഷം അവരിരുവരും പോര്‍ച്ചുഗലിലെ ഒരു ഗ്രാമത്തില്‍ താമസമാക്കി. കാലമേറെ കടന്നുപോയപ്പോള്‍ ആ ഗ്രാമത്തിന്റെ പേരു തന്നെ ഫാത്തിമ എന്നായിമാറി… വിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട പോര്‍ച്ചുഗലിലെ ഫാത്തിമ നഗരത്തിന്റെ പേരിനു പിന്നില്‍ കാലങ്ങള്‍ക്ക് മുമ്പ് പറയപ്പെട്ടിരുന്ന ഒരു ചരിത്രമാണിത്.
ഫാത്തിമ നഗരത്തിന്റെ ചരിത്രത്തില്‍ പരിശുദ്ധ കന്യാമറിയത്തിനുള്ള സ്ഥാനമാണ് ഇന്ന് ഏറ്റവും അവിസ്മരണീയം. മാതാവിന്റെ ഇടപെടല്‍ ഉണ്ടായതോടെ ഫാത്തിമ നഗരം അമ്മയുടെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഫാത്തിമമാതാവ് എന്ന പേരില്‍ പരിശുദ്ധ അമ്മയുടെ സ്‌നേഹവും കരുണയും ലോകത്തിന്റെ അതിര്‍ത്തികള്‍ വരെയെത്തി. ഇന്ന് ലോകത്തിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഏറ്റവും മുന്‍നിരയിലുള്ള സ്ഥാനം തന്നെയാണ് ഫാത്തിമ അലങ്കരിക്കുന്നത്. എണ്ണമറ്റ തീര്‍ത്ഥാടകരാണ് പരിശുദ്ധ മാതാവിന്റെ അനുഗ്രഹത്തിനായി ഫാത്തിമയില്‍ ഓരോ വര്‍ഷവും എത്തിച്ചേരുന്നത്.
മരിയശാസ്ത്രം അഥവാ മരിയോളജിയുമായി ബന്ധപ്പെട്ട് ദൈവശാസ്ത്രജ്ഞന്‍മാര്‍ ഏറ്റവും താത്പര്യമെടുത്തു പഠനം നടത്തുന്ന തീര്‍ത്ഥാടനകേന്ദ്രവും ഫാത്തിമ തന്നെയാണ്. 1917 ല്‍ ഫാത്തിമയില്‍ ഉണ്ടായ മാതാവിന്റെ പ്രത്യക്ഷപ്പെടല്‍ വളരെ വേഗം തന്നെ സഭ അംഗീകരിച്ചിരുന്നു. 1942 ഒക്ടോബര്‍ 30 ന് പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ ലോകത്തെ മുഴുവന്‍ പരിശുദ്ധ കന്യാമറിയത്തിനായി സമര്‍പ്പിച്ചു. ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ രജതജൂബിലി ആയിരുന്നു അന്ന്.
ഫാത്തിമ മാതാവിനോട് വളരെയേറെ ഭക്തി പുലര്‍ത്തിയ ഒരാളായിരുന്നു വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ. 1981 മെയ് പതിമൂന്നിന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് വെടയേറ്റു. തന്റെ നേര്‍ക്ക് പാഞ്ഞെത്തിയ വെടിയുണ്ടയുടെ ദിശ മാറ്റിവിട്ടത് പരിശുദ്ധ കന്യാമറിയത്തിന്റെ കരങ്ങളാണെന്ന് മാര്‍പാപ്പ ഉറച്ചുവിശ്വസിച്ചു. ഫാത്തിമായിലെ മൂന്നാമത്തെ രഹസ്യമായിരുന്നു ഇതെന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി തവണ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഫാത്തിമ സന്ദര്‍ശിച്ചിട്ടുണ്ട്. 2000 മെയ് 13 നായിരുന്നു മാര്‍പാപ്പയുടെ അവസാന സന്ദര്‍ശനം. മാര്‍പാപ്പയുടെ കാറില്‍ പതിച്ച വെടിയുണ്ട ഫാത്തിമായിലെ ബിഷപ്പിന് കൈമാറുകയും പിന്നീടത് മാതാവിന്റെ തിരുസ്വരൂപത്തിലെ കിരീടത്തില്‍ സ്ഥാപിക്കുകയും ചെയ്തു.
പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ നിന്നും തൊണ്ണൂറ് കിലോമീറ്റര്‍ അകലെയാണ് ഫാത്തിമയുടെ സ്ഥാനം. കത്തോലിക്കാ വിശ്വാസികള്‍ നിരവധിയായ പീഡനങ്ങളെ നേരിട്ടുകൊണ്ടിരുന്ന സമയത്തായിരുന്നു ഫാത്തിമായില്‍ മാതാവിന്റെ പ്രത്യക്ഷപ്പെടല്‍. രക്ഷയുടെ സന്ദേശവുമായിട്ടായിരുന്നു മാതാവ് ലൂസിയ, ഫ്രാന്‍സിസ്, ജസീന്ത എന്നീ ഇടയക്കുട്ടികള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ചെറിയ ഒരു കുഗ്രാമം മാത്രമായിരുന്ന ഫാത്തിമ ഇന്ന് ലോകത്തിനു മുഴുവന്‍ വിശ്വാസത്തിന്റെ പ്രഭ ചൊരിയുന്ന കേന്ദ്രമാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.