ലൗ ജിഹാദ് തടയണം: തലശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ
തലശേരി: വിദ്യാർഥിനിക്ക് ലഹരി കലർന്ന പാനീയം നൽകി പീഡിപ്പിക്കുകയും നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിക്കുകയുംചെയ്ത സംഭവത്തിൽ പരാതിക്കാരായ, പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അടിയന്തരമായി നീതി ലഭ്യമാക്കണമെന്ന് തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു. ഗൂഢ ലക്ഷ്യത്തോടെയുള്ള ലൗ ജിഹാദ് കേരളത്തിലില്ല എന്ന നിലപാട് ഇനിയെങ്കിലും അധികൃതർ തിരുത്തണം. കുറ്റക്കാരെ കണ്ടെത്തുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തെങ്കിൽ മാത്രമേ ഇതര മതസ്ഥരുടെ ഇടയിലുള്ള ആശങ്കകൾ ദൂരീകരിക്കാൻ കഴിയൂവെന്ന് പാസ്റ്ററൽ കൗൺസിൽ വിലയിരുത്തി.
പ്രണയം നടിച്ച് മറ്റു സമുദായത്തിൽപ്പെട്ട പെൺകുട്ടികളെ മതം മാറ്റുന്നതിന് പ്രോത്സാഹനം നൽകുന്ന ഗൂഢസംഘങ്ങളേയും സംവിധാനങ്ങളേയും കണ്ടെത്തുന്നതിനും തടയുന്നതിനും അധികാരികൾ തയാറാകണമെന്നും തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി ഫാ. തോമസ് തെങ്ങുംപള്ളി, പാസ്റ്ററർ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ ആവശ്യപ്പെട്ടു