ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ ലൂർദ്ദ് സ്വാമി അന്തരിച്ചു
കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഝാർഖണ്ഡിലെ ആദിവാസികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ജീവിതം സമർപ്പിച്ച ഫാദർ സ്റ്റാൻ സ്വാമിയ്ക്കെതിരെ തെറ്റായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു ഭരണകൂടം. ആവശ്യമായ ചികിത്സ പോലും നിഷേധിച്ചു. വിറക്കുന്ന കൈകൾ കൊണ്ട് ഗ്ലാസ് ഉയർത്തി വെള്ളം കുടിക്കാൻ കഴിയാതായപ്പോൾ ഒരു സ്ട്രോ ചോദിച്ചിട്ട് അതു പോലും നൽകാൻ ജയിൽ അധികൃതർ സമ്മതിച്ചില്ല.കടുത്ത മനുഷ്യവകാശ ലംഘനമാണ് അദേഹം നേരിട്ടത്.
ഇന്ത്യ എന്ന മഹത്തായ രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ടത് ‘സത്യമേവ ജയതേ’ എന്ന മുദ്രാവാക്യത്തിൻ്റെ അടിത്തറയിലാണ്. സത്യത്തെ തോൽപ്പിക്കുന്ന ദുരവസ്ഥയാണ് അധികാരികൾ സൃഷ്ടിച്ചത്. ഒരധർമ്മവും ന്യായീകരിക്കപ്പെടരുതെന്ന ഭാരതത്തിന്റെ പാരമ്പര്യവും പശ്ചാത്തലവും മറന്നു കൊണ്ടാണ് ഫാ.സ്റ്റാൻ സ്വാമിയെ തടങ്കലിലാക്കിയത്. പാവപ്പെട്ട ജനങ്ങളുടെ മനസാക്ഷി സംശയരഹിതമായി ഫാ.സ്റ്റാൻ സ്വാമിയോടൊപ്പമുണ്ടായിരുന്നു.
വിദ്യഭ്യാസ, ആരോഗ്യ മേഖലകളിൽ പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഈശോസഭാംഗങ്ങൾ ആദിവാസി ഗ്രാമങ്ങളിൽ ചെയ്തു വരുന്ന സാമൂഹിക ഇടപെടലുകളുടെ തുടർച്ചയാണ് ഫാ. സ്റ്റാൻ സ്വാമി ചെയ്തത്. രാജ്യദ്രോഹ കുറ്റങ്ങളല്ല ജനക്ഷേമത്തിനുള്ള പ്രവർത്തനങ്ങളായിരുന്നു ഫാ.സ്റ്റാൻ ലൂർദ്ദ് സ്വാമിയുടേത്.
നന്മയും നീതിയും ഉയർത്തി പിടിച്ച ആ വന്ദ്യ പുരോഹിതന്, മനുഷ്യസ്നേഹിയ്ക്ക് സ്നേഹപ്രണാമം. ഒരു വീരചരമമാണ് അദ്ദേഹത്തിന്റേത്. ആദിവാസികൾക്കും പാവങ്ങൾക്കും വേണ്ടിയുള്ള സ്വയം ഏറ്റെടുത്ത വീരമരണം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.