ഇന്നത്തെ വിശുദ്ധന്‍: മാര്‍പാപ്പയായിരുന്ന വിശുദ്ധ സക്കറിയാസ്
March 22: മാര്‍പാപ്പയായിരുന്ന വിശുദ്ധ സക്കറിയാസ്
ഇറ്റലിയിലുള്ള കാലാബ്രിയായിലെ, സെവേരിനോ എന്ന സ്ഥലത്തുള്ള ഒരു ഗ്രീക്ക് കുടുംബത്തിലാണ് വിശുദ്ധ സക്കറിയാസ് ജനിച്ചത്. റോമിലെ ഒരു പുരോഹിതാര്‍ത്ഥിയായിരുന്ന വിശുദ്ധന്‍, തന്റെ ദൈവീകതയും, അറിവും മൂലം പരക്കെ അറിയപ്പെടുകയും പിന്നീട് വിശുദ്ധ ഗ്രിഗറി മൂന്നാമന്‍ പാപ്പാക്ക് ശേഷം മാര്‍പാപ്പയായി തിരഞ്ഞെടുകയും ചെയ്തു. സമാധാന സ്ഥാപകനും, ആരെയും മുന്‍വിധിയോട് കൂടി വിധിക്കാന്‍ ആഗ്രഹിക്കാത്ത വ്യക്തി കൂടിയായിരിന്നു വിശുദ്ധ സക്കറിയാസ് പാപ്പാ. അദ്ദേഹം മാര്‍പാപ്പയായി സ്ഥാനമേറ്റപ്പോള്‍, തന്നെ എതിര്‍ത്തവര്‍ക്ക് ധാരാളം നന്മകള്‍ ചെയ്യുകയാണ് വിശുദ്ധന്‍ ചെയ്തത്. അത്രമാത്രം ഹൃദയശുദ്ധിയുള്ള ഒരു വ്യക്തിയായിരിന്നു വിശുദ്ധന്‍.
ലൊംബാര്‍ഡിലെ രാജാവായിരുന്ന ലിയുറ്റ്‌പ്രാന്‍ഡ്, റോം ആക്രമിക്കുവാന്‍ തുടങ്ങിയപ്പോള്‍, വിശുദ്ധന്‍ തന്റെ ജീവന്‍ പോലും പണയം വെച്ച് അവരെ കാണുകയും, അവിടുത്തെ രാജാവിന്‍റ പക്കല്‍ സമ്മര്‍ദ്ദം ചെലുത്തി അവരെ സ്വതന്തരാക്കുകയും 30 വര്‍ഷത്തോളം രാജാവ് കീഴടക്കി വെച്ചിരുന്ന ഭൂപ്രദേശം തിരിച്ചു നേടുകയും ചെയ്തു. നിരന്തരമായ സന്ധിസംഭാഷങ്ങള്‍ വഴി ഗ്രീക്ക് സാമ്രാജ്യവും, ലൊമ്പാര്‍ഡുകളും തമ്മിലുള്ള സമാധാനം പുനഃസ്ഥാപിക്കുവാന്‍ വിശുദ്ധനു കഴിഞ്ഞു. വാസ്തവത്തില്‍ ലൊംബാര്‍ഡിലെ രാജാവായിരുന്ന വിശുദ്ധ റാച്ചിസിനു ഡൊമിനിക്കന്‍ സഭാവസ്ത്രം നല്‍കിയത് വിശുദ്ധനാണ്.
പലവിധ കാരണങ്ങളാല്‍ സഭയും, ഭരണകര്‍ത്താക്കളും തമ്മിലുള്ള ബന്ധം മോശപ്പെട്ട നിലയിലായിരുന്നുവെങ്കിലും, ഫ്രാങ്കിഷ് മണ്ഡലത്തില്‍ വളരെവലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ വിശുദ്ധന്റെ സഭക്ക് കഴിഞ്ഞു. എല്ലാത്തിനുമുപരിയായി വിശുദ്ധ ബോനിഫസിനെ, മെയിന്‍സിലെ മെത്രാപ്പോലീത്തയാക്കിയത് വഴി ജര്‍മ്മനിയിലെ സഭാപുനസംഘടനയും, മതപരമായ ആവേശവും ഉളവാക്കുവാന്‍ വിശുദ്ധനു കഴിഞ്ഞു. ജര്‍മ്മനിയിലെ അപ്പസ്തോലിക പ്രവര്‍ത്തനങ്ങളെ തന്നാലാവും വിധം അദ്ദേഹം സഹായിച്ചു. പാപ്പായായിരിക്കുമ്പോള്‍ അദ്ദേഹം വിശുദ്ധ ബോനിഫസിനെഴുതിയ രണ്ടു എഴുത്തുകള്‍ ഇപ്പോഴും നിലവിലുണ്ട്. ഇതില്‍ നിന്നും വളരെയേറെ ഊര്‍ജ്ജസ്വലതയും, അനുകമ്പയുമുള്ള ഒരാളായിരുന്നു വിശുദ്ധനെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ബഹുഭാര്യത്വം പ്രോത്സാഹിപ്പിക്കുകയും, കൊലപാതകികളുമായ പുരോഹിതരെ പിരിച്ചുവിടുവാനും, അന്ധവിശ്വാസപരമായ ആചാരങ്ങള്‍, റോമില്‍ ആചരിക്കപ്പെടുന്നവയാണെങ്കില്‍ പോലും അവ നിരാകരിക്കുവാനും വിശുദ്ധ സക്കറിയാസ് പാപ്പാ വിശുദ്ധ ബോനിഫസിനോടാവശ്യപ്പെട്ടു.
ഇതിനിടെ വിശുദ്ധ സക്കറിയാസ്, വിശുദ്ധ പെട്രോണാക്സുമായി ചേര്‍ന്നുകൊണ്ട് മോണ്ടെകാസിനോ ആശ്രമം പുനസ്ഥാപിക്കുകയും, 748-ല്‍ ആശ്രമ ദേവാലയം അഭിഷേകം ചെയ്യുകയും ചെയ്തു. ഇതിനിടെ അദ്ദേഹം നിരവധി പാവപ്പെട്ടവരെ സഹായിക്കുകയും, കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നും വിഗ്രഹാരാധകരാല്‍ ആട്ടിയോടിക്കപ്പെട്ട കന്യാകാസ്ത്രീകള്‍ക്ക് അഭയം നല്‍കുകയും ചെയ്തു. കൂടാതെ അദ്ദേഹം വെനീഷ്യക്കാരില്‍ നിന്നും നിരവധി അടിമകളെ മോചനദ്രവ്യം നല്‍കി മോചിപ്പിച്ചു. ക്രിസ്ത്യന്‍ അടിമകളെ ആഫ്രിക്കയിലെ മുതലാളികള്‍ക്ക് വില്‍ക്കുന്നത് അദ്ദേഹം തടഞ്ഞു, വിശുദ്ധ ഗ്രിഗറിയുടെ സംവാദങ്ങള്‍ ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്താന്‍ അദ്ദേഹം സമയം കണ്ടെത്തി.
752-ലാണ് വിശുദ്ധന്‍ അന്ത്യനിദ്രപ്രാപിച്ചത്. സകലരോടും ഒരു പിതാവിനേപോലെ വാല്‍സല്യ പൂര്‍വ്വം പെരുമാറിയത് കൊണ്ടും ആര്‍ക്കും ഒരു ചെറിയ അനീതിക്ക് പോലും ഇടവരുത്തുവാന്‍ അനുവദിക്കാത്തത് കൊണ്ടും സഖറിയാസ് പാപ്പ മരണപ്പെട്ട ഉടന്‍ തന്നെ ജനങ്ങള്‍ അദ്ദേഹത്തെ ഒരു വിശുദ്ധനായി ആദരിച്ചു തുടങ്ങിയിരുന്നു. ഔദ്യോഗികമായി മാര്‍ച്ച് 22-നാണ് വിശുദ്ധന്റെ തിരുനാള്‍ എങ്കിലും കിഴക്കന്‍ സഭകളില്‍ സെപ്തംബര്‍ 5-നാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.
വിശുദ്ധ സക്കറിയാസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.