ഇന്നത്തെ വിശുദ്ധൻ: വിശുദ്ധ വില്യം ബെറൂയര്‍
January 10 – വിശുദ്ധ വില്യം ബെറൂയര്‍
ബെല്‍ജിയത്തില്‍ റനവേഴ്സില്‍ ഒരു കുലീന കുടുംബത്തിലാണ് വില്യം ബറുയര്‍ ജനിച്ചത്. ബാല്യം മുതല്‍ക്കു തന്നെ വില്യം സമ്പത്തിനോടും ലൌകികാര്‍ഭാടങ്ങളോടും അവജ്ഞ പ്രദര്‍ശിപ്പിച്ചിരിന്നു. അവയുടെ വിപത്തുകളെ പറ്റി ബോധവാനായിരിന്ന ബാലന്‍ പഠനത്തിലും വിശ്വാസ ജീവിതത്തില്‍ നിന്നും പൌരോഹിത്യത്തിലേക്ക് ശ്രദ്ധ തിരിച്ചു. പുരോഹിതനായ ശേഷം സ്വാസ്സോണിലും പാരീസിലും അദ്ദേഹം സേവനമനുഷ്ട്ടിച്ചു. പിന്നീട് അദ്ദേഹം ഗ്രാന്‍റ് മോന്തിലേക്ക് താമസം മാറി. അവിടെ വൈദികരും സഹോദരന്മാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ കണ്ട് വില്യം സിസ്റ്റേഴ്സ്യന്‍ സന്യാസസഭയില്‍ ചേര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ചു. മാതൃകാപരമായ അദ്ദേഹത്തിന്റെ ജീവിതം എല്ലാവരെയും ആകര്‍ഷിച്ചു. പിന്നീട് അദ്ദേഹം പൊന്തീജിയില്‍ ആദ്യം സുപ്പീരിയറും താമസിയാതെ ആശ്രാമാധിപനുമായി അദ്ദേഹം മാറി. എളിമയും വിനയവും കൊണ്ട് അദ്ദേഹത്തിന്റെ ഹൃദയം നിര്‍മ്മലമായിരിന്നു. ഉയര്‍ന്ന പ്രാര്‍ത്ഥനയുടെ മാധുര്യവും ദൈവം അദേഹത്തിന് നല്കി.
1200-ല്‍ ബൂര്‍ഷിലെ ആര്‍ച്ച് ബിഷപ്പ് മരിച്ചപ്പോള്‍ ആശ്രമാധിപനായ വില്യം ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മാര്‍പ്പാപ്പയില്‍ നിന്നും സഭാ അധികാരികളില്‍ നിന്നും നിര്‍ബന്ധപൂര്‍വമായ കല്‍പ്പനകള്‍ ഉണ്ടായതിന് ശേഷമാണ് തന്റെ ഏകാന്തതയില്‍ നിന്ന്‍ മെത്രാസനത്തിലേക്ക് അദ്ദേഹം കയറിയത്. ആര്‍ച്ച് ബിഷപ്പായിരിന്നെങ്കിലും വില്യം തപശ്ചര്യ വര്‍ദ്ധിപ്പിച്ചതേയുള്ളൂ. ഉടുപ്പിന്റെ കീഴില്‍ അദ്ദേഹം രോമചട്ട ധരിച്ചു. അദ്ദേഹം സദാ മാംസം വര്‍ജ്ജിച്ചിരിന്നു. ദരിദ്രരെ സഹായിക്കുവാനാണ് ദൈവം തന്നെ നിയോഗിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം സദാ പറഞ്ഞിരിന്നത്.
കാരുണ്യവും സ്നേഹവും കൊണ്ട് പല ആല്‍ബിജെന്‍സിയന്‍ പാഷണ്ഡികളെയും അദ്ദേഹം മാനസാന്തരപ്പെടുത്തി. അവസാനത്തെ തന്റെ പ്രസംഗം പനിയുള്ളപ്പോഴാണ് അദ്ദേഹം നിര്‍വ്വഹിച്ചത്. പനി വര്‍ദ്ധിച്ചതിനെ തുടര്‍ന്നു അദ്ദേഹവും രോഗീലേപനവും വിശുദ്ധ കുര്‍ബാനയും സ്വീകരിച്ചു. പാതിരാത്രിയില്‍ ചൊല്ലാറുള്ള ജപം നേരത്തെ ആരംഭിച്ച് രണ്ട് വാക്ക് മാത്രമേ ചൊല്ലാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. പിന്നെ മിണ്ടാന്‍ കഴിഞ്ഞില്ല. അനന്തരം അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം രോമാചട്ടയോട് കൂടെ അദ്ദേഹത്തെ ചാരത്തില്‍ കിടത്തി. താമസിയാതെ അദ്ദേഹം ദിവംഗതനായി. വില്യമിന്റെ മരണത്തിന് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധനെന്ന നാമകരണം അദ്ദേഹത്തിന് നല്‍കി.
വിശുദ്ധ വില്യം ബെറൂയര്‍, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.