വി. കൊച്ചുത്രേസ്യയെ പോലെ ചിലിയിലെ മറ്റൊരു തെരേസ
ലോകത്തിനു മുന്നിൽ തന്റേതായ വ്യക്തിമുദ്ര പതിപിക്കാൻ ഏറെ വർഷമൊന്നും ജീവിച്ചിരിക്കേണ്ടതില്ല എന്നു നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ചിലിയിലെ വി. തെരേസയുടെ ജീവിതകഥ. ചിലിയിലെ ഒറു ചെറിയ ഗ്രാമത്തിൽ 1900ലാണ് തെരേസ ജനിച്ചത്.
കുട്ടിയായിരിക്കുമ്പോൾ ഒരു ദിവസം ഫ്രാൻസിലെ കൊച്ചുത്രേസ്യപുണ്യവതിയുടെ ആത്മകഥ വായിക്കാൻ തെരേസയ്ക്കിട വന്നു. ആ വിശുദ്ധയുടെ ജീവിതകഥ അവളുടെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. കൊച്ചുത്രേസ്യ പുണ്യവതിയെ പോലെ തന്റെ ജീവിതവും യേശുവിനു വേണ്ടി മാറ്റിവയ്ക്കുമെന്ന് അവൾ തീരുമാനിച്ചു.
19ാം വയസിൽ തെരേസ കർമലീത്ത സഭയിൽ കന്യാസ്ത്രീയായി. പ്രാർഥനയും ത്യാഗവുമായിരുന്നു തെരേസയുടെ മാർഗം. ”എന്റെ ആരംഭവും എന്റെ അവസാനവും ഈശോയാണ്. ഞാൻ അങ്ങയുടേതാണ്” മരിക്കും മുൻപ് തന്റെ ഡയറിയിൽ തെരേസ എഴുതി. കത്തുകളെഴുതിയാണ് കൂടുതൽ സമയവും തെരേസ പ്രേഷിതപ്രവർത്തനം നടത്തിയിരുന്നത്. ഒട്ടെറെ ആളുകളെ കത്തുകളിലൂടെ ദൈവത്തിലേക്ക് അടുപ്പിക്കാൻ അവർക്കു കഴിഞ്ഞു.
ഇരുപതാം വയസിൽ തെരേസയെ ടൈഫോയ്ഡ് ബാധിച്ചു. വലിയ ആഴ്ചയിലെ ഒരു ദിവസം അവർ മരിച്ചു. ചിലിയിലെ ആദ്യത്തെ വിശുദ്ധയാണ് വി. തെരേസ. ഇരുപതാം വയസിൽ ടൈഫോയ്ഡ് ബാധിച്ചു മരിച്ച തെരേസയുടെ ശവകുടീരം ഒരു ലക്ഷത്തോളം തീർഥാടകരാണ് ഒരോ വർഷവും സന്ദർശിക്കുന്നത്. തെരേസയുടെ മാധ്യസ്ഥതയിൽ അനുഗ്രഹങ്ങൾ ലഭിച്ച ആയിരക്കണക്കിനാളുകൾ ഇപ്പോഴുമുണ്ട്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.