വാഴ്ത്തപ്പെട്ട സൊളാനസ് കാസിയുടെ പുണ്യജീവിതം
”ഞാനെന്റെ ആത്മാവിനെ ദൈവത്തിനു സമര്‍പ്പിക്കുന്നു.” ലാളിത്യം മുഖമുദ്രയാക്കിയ ഫാ. സൊളാനസ് കാസി എന്ന കപ്പൂച്ചിന്‍ സന്ന്യാസി തന്റെ അന്ത്യനിമിഷങ്ങളില്‍ ഉരുവിട്ട വാക്കുകളാണിവ. 1957 ജൂലൈ 31ന് ഡെട്രോയിറ്റില്‍ മരണമടഞ്ഞ ഈ സന്ന്യാസിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ പനാമക്കാരിയായ ഒരു അധ്യാപികയ്ക്കുണ്ടായ അത്ഭുതകരമായ രോഗശാന്തി വാഴ്ത്തപ്പെട്ടവന്‍ എന്ന പദവിയിലേക്ക് ഫാ. സൊളാനസ് കാസിയെ ഉയര്‍ത്തി. കഴിഞ്ഞ നവംബര്‍ 18 ന് ഡെട്രോയിറ്റിലെ ഫോര്‍ഡ് ഫീല്‍ഡില്‍ നടന്ന നാമകരണചടങ്ങില്‍ പങ്കെടുക്കാനെത്തിയത് അറുപതിനായിരത്തോളം വരുന്ന ഭക്തസമുദ്രമായിരുന്നു. പഠനവൈകല്യം നിമിത്തം സുവിശേഷം പ്രസംഗിക്കാനും, കുമ്പസാരിപ്പിക്കുവാനും വിലക്ക് കല്‍പ്പിക്കപ്പെട്ട് സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച ഒരസാധാരണ കപ്പൂച്ചിന്‍ എന്നാണ് കപ്പൂച്ചിന്‍ മിനിസ്റ്റര്‍ ജനറല്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
വഴിത്തിരിവ്
1870 നവംബര്‍ 25ന് വിസ്‌കണ്‍സിനിലെ ഓക് ഗ്രോവ് എന്ന പട്ടണത്തില്‍ ഐറിഷ് മാതാപിതാക്കളുടെ 16 മക്കളില്‍ ആറാമനായി ജനിച്ച, ബാര്‍ണി എന്ന വിളിപേരുളള ബെര്‍ണാര്‍ഡ് ഫ്രാന്‍സിസ് കാസി വാഴ്ത്തപ്പെട്ടവന്‍ എന്ന പദവിക്ക് അര്‍ഹനാകുന്ന രണ്ടാമത്തെ അമേരിക്കന്‍ വ്യക്തിത്വമാണ്. തേനീച്ചകളുടെ കൂട്ടുകാരന്‍, ചിലയ്ക്കുന്ന വയലിനിസ്റ്റ് എന്നിങ്ങനെ വ്യത്യസ്ത പേരുകളുളള ഈ കത്തോലിക്കാ സന്ന്യാസി സരളവും സ്‌നേഹപൂര്‍ണ്ണവുമായ ജീവിതശൈലിയിലൂടെ ഏവരുടേയും പ്രിയങ്കരനായി മാറി. പതിനേഴാം വയസ്സില്‍ വീടുവിട്ട കാസി പല വിധ ജോലികളില്‍ ഏര്‍പ്പെട്ടു. ഒരിക്കല്‍ മദ്യപിച്ചുന്മത്തനായ വ്യക്തി ഒരു സ്ത്രീയെ നിഷ്‌കരുണം കുത്തിക്കൊലപ്പെടുത്തുന്ന കാഴ്ച കാസിയുടെ ജീവിത കാഴ്ചപ്പാട് അപ്പാടെ മാറ്റിമറിച്ചു. വൈദീകനാകാനുളള ആഗ്രഹം കാസിയില്‍ ഉടലെടുുത്തു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവം സെമിനാരിയില്‍ ഏറെ ക്‌ളേശത്തിന് ഇടയാക്കിയെങ്കിലും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്താല്‍ ഡെട്രോയിറ്റിലെ കപ്പൂച്ചിന്‍ സന്യാസസമൂഹാംഗമാകാനുളള ആഗ്രഹം സൊളാനസില്‍ നാമ്പിട്ടു. തുടര്‍ന്ന് 1897 ജനുവരി 14ന് ഡെട്രോയിറ്റില്‍ കപ്പൂച്ചിന്‍ ഫ്രാന്‍സിസ്‌കന്‍ സഭാംഗമാകുകയും 1904ല്‍ വൈദീകപട്ടം കരസ്ഥമാക്കുകയും ചെയ്തു.
കാരുണ്യത്തിന്റെ സുവിശേഷവാഹകനായ ഫാദര്‍ കാസി ഒരു നല്ല ആത്മീയ ഉപദേഷ്ടാവും ശ്രോതാവുമായിരുന്നു. ഡെട്രോയിറ്റിലെ ബൊനാവെഞ്ച്വര്‍ ആശ്രമത്തില്‍ ഇരുപത്തിയൊന്നുവര്‍ഷം ഡോര്‍കീപ്പറായി സേവനമനുഷ്ഠിച്ച ഫാദര്‍ തന്റെ മനസ്സില്‍ കാത്തുസൂക്ഷിച്ച കാരുണ്യമെന്ന നുറുങ്ങുവെട്ടത്തിന്റെ മധുരിമ നുകരാത്തവര്‍ ഡെട്രോയിറ്റില്‍ നന്നേ കുറവായിരുന്നു. രോഗികളോടും, വിശക്കുന്നവരോടും പുലര്‍ത്തിയിരുന്ന ശ്രദ്ധയും ശുഷ്‌കാന്തിയും ഫാദറിനെ ദൈവത്തിനും, മനുഷ്യര്‍ക്കും ഒരുപോലെ പ്രിയങ്കരനാക്കി മാറ്റി. രാത്രിയുടെ യാമങ്ങളില്‍ ദിവ്യകാരുണ്യത്തിന്റെ മുമ്പിലിരുന്ന് രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നു, ഈ സന്യാസി പ്രത്യേക ദിവ്യബലിയും അവര്‍ക്കായി അര്‍പ്പിക്കുമായിരുന്നു. ഇതിനാലാകാം നിരവധി ആളുകള്‍ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടുകൊണ്ട് ആശ്രമത്തിലെത്തിയിരുന്നത്.
പ്രാതലിന് എല്ലാ വിഭവങ്ങളും ജ്യൂസും, സൂപ്പും, പാലും, കാപ്പിയും, ധാന്യങ്ങളുമെല്ലാം ഒരു ബൗളിലേക്കിട്ട് കൂട്ടിക്കുഴച്ചു കഴിക്കുന്ന ശീലം ഈ സന്ന്യാസിക്കുണ്ടായിരുന്നു.1929-ല്‍ ഡെട്രോയിറ്റില്‍ ഫാ. സൊളാനസ് കാസിയുടെ സഹായത്താല്‍ സ്ഥാപിതമായ കപ്പൂച്ചിന്‍ സൂപ്പ് കിച്ചന്‍ തൊഴില്‍രഹിതര്‍ക്കും, ദരിദ്രര്‍ക്കും ഒരുപോലെ ആലംബമായി. സാന്‍ഡ്‌വിച്ചിനും ആവിപറക്കുന്ന കാപ്പിക്കും പൂറമെ നറുനിലാവ് തൂകിയ മന്ദസ്മിതവുമായി ആശങ്കകളും, വേദനകളും പങ്കുവയ്ക്കാനും, സാന്ത്വനസ്പര്‍ശനമേകാനും ഫാദര്‍ അവിടെ സന്നിഹിതനായിരുന്നു.
ഐസ്‌ക്രീം അത്ഭുതം
1941-ലെ ചൂടുളള ഒരു ദിവസമായിരുന്നു അന്ന്. കപ്പൂച്ചിന്‍ സന്ന്യാസസഭയിലെ ഒരു നവ വൈദികന്‍ പല്ലുവേദനമൂലം ഡോക്ടറെ കാണാന്‍ പോകുന്നതിനു മുന്‍പ് രോഗസൗഖ്യത്തിനായി ഫാദര്‍ സൊളാനസിനെ കാണാന്‍ വരികയുണ്ടായി. പ്രശ്‌നം ഗുരുതരമാണെങ്കില്‍ നോവീഷ്യേറ്റിന്റെ ആരംഭഘട്ടത്തിലേക്ക് മടങ്ങിപോകാന്‍ നിര്‍ബന്ധിതനാകുമായിരുന്നു ആ നവവൈദികന്‍. എന്നാല്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുക എല്ലാം ശരിയാകും എന്ന് ആശ്വസിപ്പിച്ചുകൊണ്ട് ഫാദര്‍ കാസി ആ നവവൈദീകനെ യാത്രയാക്കി. ഇതിനിടയില്‍ സെമിനാരിയിലെത്തിയ ഒരു വനിത ഫാദര്‍ കാസിക്കായി രണ്ട് ഐസ്‌ക്രീം കോണുകള്‍ കൊണ്ടുവന്നു. ആ സമയം കഴിക്കാന്‍ നിര്‍വാഹമില്ലാതിരുന്നതിനാല്‍ മറ്റുളളവരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഫാദര്‍ അവ തന്റെ ഡെസ്‌കിന്റെ ഡ്രോയറില്‍ സൂക്ഷിച്ചു. അത്ഭുതകരമായി രോഗശാന്തി ലഭിച്ച വൈദീകന്‍ അരമണിക്കൂറിനു ശേഷം ഫാ. കാസിയെ കാണാനായി എത്തിയപ്പോള്‍ സന്തോഷസൂചകമായി തന്റെ ഡ്രോയറില്‍ നിന്നും രണ്ടിനു പകരം മൂന്നു ഐസ്‌ക്രീം കോണുകളാണ് ഫാദര്‍ ആ നവ വൈദീകന് സമ്മാനിച്ചത്. അത്ഭുതപ്രവര്‍ത്തകന്‍ എന്ന പേരിന് കാസിയെ അര്‍ഹനാക്കിയ സംഭവങ്ങളില്‍ ഒന്നായി സഹസഭാംഗമായ ഫാദര്‍ ടോം ഇതിനെ അനുസ്മരിക്കുന്നു.
തേനീച്ചകളുടെ കൂട്ടുകാരന്‍
ഫ്രാന്‍സിസ്‌കന്‍ സഭയുടെ സ്ഥാപകനായ വി.ഫ്രാന്‍സീസ് അസീസിയെപോലെ മൃഗങ്ങളുമായി ഒരു പ്രത്യേക അടുപ്പം ഫാദര്‍ പുലര്‍ത്തിയിരുന്നു പ്രത്യേകിച്ചും തേനീച്ചകളുമായി. ഒരിക്കല്‍ കലിപൂണ്ട് ആര്‍ത്തിരമ്പുന്ന തേനീച്ചകളെശാന്തമാക്കാനായി ഫാദര്‍ സൊളാനസ് അവരോട് സംസാരിക്കുന്നു. അന്തംവിട്ട സുപ്പീരിയര്‍ നോക്കിനില്‍ക്കെ യാതൊരു സുരക്ഷാമാര്‍ഗങ്ങളും അവലംബിക്കാതെ ഫാദര്‍ കരങ്ങള്‍ തേനീച്ചകൂടിലേക്ക് ഇടുകയും. കണ്ട് റാണിമാര്‍ ഉളള കൂട്ടില്‍നിന്നും ഒരു റാണിയെ പുറത്തെടുത്തു. മറ്റൊരവസരത്തില്‍ തേനീച്ചകളെ അടക്കാനായി ഫാദര്‍ തന്റെ സംഗീതോപകരണമായ ഹാര്‍മോണിക്ക വായിക്കുകയുണ്ടായി.
ഒട്ടേറെ വൈദികരെ കപ്പൂച്ചിന്‍ സന്ന്യാസസഭയിലേക്ക് ആകര്‍ഷിച്ചതിനു പിന്നിലെ പ്രേരകശക്തിയാണ് ഫാ. സൊളാനസ് കാസി. തന്റെ പേരിന് കാരണഭൂതനായ വി. ഫ്രാന്‍സിസ് സൊളാനസിനെ പോലെ ഫാ. കാസിയും വയലിനോട് ഒരു പ്രത്യേക മമത പുലര്‍ത്തിയിരുന്നു. എഴുപതാം വയസിലും ചുറുചുറുക്കും പ്രസരിപ്പും പുലര്‍ത്തിയിരുന്ന ഫാദര്‍ ചെറുപ്പക്കാരായ വൈദികര്‍ക്കൊപ്പം ടെന്നീസിലും വോളീബോളിലും പങ്കെടുത്തിരുന്നു. ക്രമേണ ആരോഗ്യം ക്ഷയിക്കുകയും ഒന്നിടവിട്ട അസുഖങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തു.
1957ന് ജൂലൈ 31 ന് സോറിയാസിസ് എന്ന ത്വക്ക് രോഗം മൂലം മരണമടഞ്ഞ ഫാദറെ സ്‌നേഹപൂര്‍വം അനുസ്മരിക്കുന്നു ഇന്നും ഡെട്രോയിറ്റ് നിവാസികള്‍.