വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാസവണക്കം ഇരുപതാം തിയതി
1.വി.സെബസ്ത്യാനോസ് ഇത്ര കഠിനവും അസഹനീയവുമായ പീഡകൾ ഏറ്റു മരിച്ചതിൻ്റെ ഉദ്ദേശമെന്ത് ? ചാവുദോഷം ചെയ്തു സ്വന്ത ആത്മനാശം വരുത്താതിരിക്കുവാൻവേണ്ടി മാത്രം ഒരു ചാവുദോഷം ചെയ്യാതിരിക്കുവാൻ വി.സെബസ്ത്യാനോസ് ഇത്ര ഭയങ്കര പീഡകൾ സഹിച്ചുവെങ്കിൽ നാമും ഒരു ചാവുദോഷത്തിൽ വീഴാതിരിപ്പാൻ ഏതു പീഡയും കഷ്ടനഷ്ടങ്ങളും സഹിക്കേണ്ടതല്ലയോ?
2.വിശുദ്ധ സെബസ്ത്യാനോസിൻ്റെ സ്ഥാനത്തു നിന്നെ വയ്ക്കുക. ചക്രവർത്തിയുടെ ആജ്ഞ പ്രകാരം നീ ബിംബങ്ങൾക്കു ധൂമിച്ചില്ലെങ്കിൽ നിന്നെ ജീവനോടെ ദഹിപ്പിക്കുമെന്നും പറയുന്നതായി സങ്കല്പിക്കുക. അപ്പോൾ നിൻ്റെ യഥാർത്ഥമായിട്ടുള്ള രുപം വെളിപ്പെടും. നിൻ്റെ ആത്മരക്ഷയ്ക്കുവേണ്ടി അസഹനീയമായ വേദന സഹിച്ച്, അഗ്നിയിൽ ദഹിച്ചു,സർവ്വാംഗം അമ്പുകളാൽ എയ്യപ്പെട്ടു. ഗദകൾകൊണ്ടു അടിക്കപ്പെട്ടു,സിംഹങ്ങൾക്കു എറിയപ്പെട്ടു, ജീവനോടെ കുഴിച്ചു മൂടപ്പെട്ടു, തുണിചുറ്റി മണ്ണെണ്ണ ഒഴിച്ചു പന്തങ്ങൾപോലെ കത്തിക്കപ്പെട്ടു.മരിക്കുന്നതിനു നീ ഇപ്പോൾ സന്നദ്ധനാണോ? ”ഇതെല്ലാം ഞാൻ സഹിക്കും” എന്നു നീ പറയുമായിരിക്കും. എന്നാൽ അനുദിനകൃത്യങ്ങളിലേക്കു വരിക, മടികൊണ്ടും, അത്യാഗ്രഹംകൊണ്ടും കാമ വികാരങ്ങൾ കൊണ്ടും, വൈരാഗ്യം കൊണ്ടും നീ എത്ര ചാവുദോഷങ്ങൾ ചെയ്യുന്നു. നിൻ്റെ മടിയും അത്യാഗ്രഹവും, കാമാഗ്നിയും വൈരാഗ്യവും മറ്റും അടക്കുവാൻ നിവൃത്തിയില്ലാത്ത നീ എപ്രകാരം പ്രസ്തുത ഭയങ്കരപീഡകളെ തടുത്തുനിൽക്കും?
ജപം
ഗദകളാൽ അടിക്കപ്പെട്ടു അതികഠിനമായ വേദന സഹിച്ചു മിശിഹായ്ക്കുവേണ്ടി കൊല്ലപ്പെട്ട വി.സെബസ്ത്യാനോസെ, മിശിഹായെപ്രതി ഏതു പീഡയും സന്തോഷസമേതം സഹിക്കുവാനുള്ള സന്നദ്ധത ഞങ്ങൾക്കുലഭിച്ചു തന്നരുളേണമെ.
ആമ്മേൻ.
3.സ്വർഗ്ഗ,3നന്മ,3ത്രിത്വ.
വിശുദ്ധ സെബസ്ത്യാനോസിനോടുള്ള ലുത്തിനിയ
സുകൃതജപം
വേദസാക്ഷികളുടെ രാജാവായ ഈശോയേ, ഒരു വേദസാക്ഷിയായി മരിക്കുന്നതിനുള്ള വിശ്വാസവും ധൈര്യവും എനിക്കു തരണമേ.
സൽക്രിയ
എന്തു നഷ്ടം വന്നാലും ചാവുദോഷം ചെയ്യുന്നതല്ലെന്നു പ്രതിജ്ഞ ചെയ്യുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.