വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക ഇന്ന് തുറക്കും
വത്തിക്കാന്‍ സിറ്റി: കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക ഇന്ന് മെയ് 18 ന് വീണ്ടും തുറക്കും. ഇന്ന് മുതല്‍ ബസിലിക്കയില്‍ പൊതു കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടും. ഉപാധികളോടെ ആയിരിക്കും തുറക്കുക. തുറക്കുന്നതിന് മുമ്പ് സെന്റ് പീറ്റേഴ്സ് ബസിലിക്ക അണുവിമുക്തമാക്കിയിരുന്നു.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് രണ്ട് മാസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനിലെ സുപ്രധാന ബസിലിക്ക.
എന്നാല്‍ സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി ബസിലിക്ക് എന്നു മുതല്‍ തുറന്നു കൊടുക്കും എന്ന് വ്യക്തമാക്കിയിട്ടില്ല. വര്‍ദ്ധിപ്പിച്ച ആരോഗ്യപരിരക്ഷാ ഉപാധികളോടെ ആയിരിക്കും തുറക്കുക.
വെള്ളിയാഴ്ചയാണ് ബസിലിക്ക അണുവിമുക്തമാക്കിയത്. ആദ്യം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷം അണുനാശിനി സ്പ്രേ ചെയ്തു ശുചിയാക്കി എന്ന് വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ ഓഫീസ് വൈസ് ഡയറക്ടര്‍ ആന്‍ഡ്രിയ അര്കാന്ജലി അറിയിച്ചു.