ഹൃദയം നൊന്തു കരഞ്ഞ പത്രോസ് ശ്ലീഹ

വിശുദ്ധ പത്രോസ് ശ്ലീഹാ ഈശോയുടെ കൂടെ നടന്ന് ഈശോയുടെ സ്‌നേഹവും കരുണയും ആവോളം അനുഭവിച്ച വ്യക്തിയാണ്. ‘നീ ജീവനുളള ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു ‘ എന്ന് പരിശുദ്ധാത്മാവില്‍ നിറഞ്ഞ് ഉദ്‌ഘോഷിച്ച കര്‍ത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ടവന്‍, ആരൊക്കെ നിന്നെ ഉപേക്ഷിച്ചാലും ഞാന്‍ നിന്നെ തള്ളി പറയുകയില്ല എന്ന് പറഞ്ഞ ഈശോയുടെ ശിഷ്യന്‍. എന്നാല്‍ ഒരു നിമിഷത്തെ ബലഹീനതയാല്‍, പ്രധാന പുരോഹിതന്റെ കൊട്ടരമുറ്റത്ത് വച്ച് തന്റെ ജീവന്‍ സംരക്ഷിക്കാനായി നിത്യജീവനായ യേശുവിനെ തള്ളി പറഞ്ഞു. അന്ന് മൂന്നാമതും കോഴി കൂവിയപ്പോള്‍ യേശു തന്നെ മൂന്ന് തവണ തള്ളി പറഞ്ഞ പത്രോസ് ശ്ലീഹായെ നോക്കി. ആ നോട്ടം പത്രോസ് ശ്ലീഹായുടെ ചങ്കില്‍ തറച്ചു, ശ്ലീഹ ഹൃദയം നൊന്തു കരഞ്ഞു.

നമുക്കായി ഉഴവുചാല്‍ കീറുന്നതുപോലെ കീറിമുറിക്കപ്പെട്ട ശരീരവുമായി കുരിശില്‍ മൂന്ന് ആണികള്‍ തൂങ്ങപ്പെട്ട ഈശോയെ പലപ്പോഴും നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളില്‍ നമ്മളും തള്ളി പറഞ്ഞിട്ടുണ്ടാകാം.ഓരോ വ്യക്തിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ടാകാം.അപ്പോഴൊക്കെയും ഈശോ പത്രോസ് ശ്ലീഹയെ നോക്കിയത് പോലെ നമ്മളേയും നോക്കിയിട്ടുണ്ടാകാം. ആ നോട്ടം ഒന്ന് ഹൃദയത്തില്‍ ഏറ്റെടുത്താല്‍ നമ്മുടെ ജീവിതവും മാറി മറിയും.

ഉത്ഥിതനായ ഈശോ പത്രോസ് ശ്ലീഹായെ മാറ്റി നിര്‍ത്തിയില്ല. തന്റെ കൃപയാലെ ചേര്‍ത്ത് നിര്‍ത്തി. തള്ളി പറഞ്ഞ പത്രോസ് ശ്ലീഹായെ അല്ല, തന്നെ കണ്ട് ചങ്ക് പൊട്ടി കരഞ്ഞ പത്രോസിനെയാണ് ഈശോ കണ്ടത്. പെന്തകോസ്ത നാളില്‍ പരിശുദ്ധാത്മാവിനാല്‍ ശക്തിപ്പെട്ട പത്രോസ് ശ്ലീഹായുടെ പ്രസംഗത്തിലൂടെ ആദ്യത്തെ ക്രൈസ്തവ സമൂഹം രൂപപ്പെട്ടു.

ഒരിക്കല്‍ ഈശോയെ തള്ളി പറഞ്ഞവന്‍ കൃപയാല്‍ നിറഞ്ഞപ്പോള്‍ തന്റെ ഉള്ളിലുള്ള ഈശോയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്ന് തിരിച്ചറിഞ്ഞ് ആ ഈശോയെ പങ്ക് വച്ച് കൊടുത്തു. പത്രോസ് പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 6).

ഒരിക്കല്‍ തന്റെ ജീവന്‍ രക്ഷിക്കാനായി ഈശോയെ തളളിപറഞ്ഞെങ്കില്‍ കൃപയാല്‍ നിറഞ്ഞപ്പോള്‍ സഹനങ്ങളിലൂടെ ക്രിസ്തുവിന്റെ പാടുപീഡകളില്‍ പങ്കാളിയാകാന്‍ ഉത്സാഹിച്ചു. ക്രിസ്തുവിന്റെ നാമം നിമിത്തം നിന്ദിക്കപ്പെടുന്നത് ഭാഗ്യമായി കരുതി.

പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്‌നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും.ക്രിസ്തുവിന്റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു. (1 പത്രോസ് 4 : 12).

ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട് അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ. (1 പത്രോസ് 4 : 16)

ഓരോ വ്യക്തിയുടേയും ഏറ്റവും വലിയ സമ്പാദ്യം ക്രിസ്തുവാണെന്നും.,ക്രിസ്തുവിനെ കുറിച്ചുള്ള അറിവിലൂടെ ആണ് സമാധാനം കടന്നു വരുന്നത് എന്നും, ക്രിസ്തു കുരിശില്‍ എനിക്ക് വേണ്ടി സകലതും പൂര്‍ത്തികരിച്ചു എന്ന വിശ്വാസത്തില്‍,യേശു കുരിശിലെ ബലിയിലൂടെ നമ്മുടെ പാപങ്ങളും രോഗങ്ങളും ശാപങ്ങളും ഏറ്റെടുത്ത് നമ്മെ നീതീകരിച്ച് ദൈവമക്കളായി ഉയര്‍ത്തി എന്ന അറിവില്‍ നമ്മള്‍ ആഴപ്പെടുമ്പോള്‍ നമ്മുടെ ജീവിതം അനന്തമായ കൃപയാല്‍ നിറയപ്പെടും എന്നും പത്രോസ് ശ്ലീഹ ഇന്നും നമ്മളോട് പറയുന്നു.

ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ധിക്കട്ടെ! തന്റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെവിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. (2 പത്രോസ് 1 : 23). ബലഹീനതയാല്‍ തന്നെ തള്ളി പറഞ്ഞ പത്രോസ് ശ്ലീഹായുടെ ബലഹീനതകളെ യേശു തന്റെ കൃപയാല്‍ പൊതിഞ്ഞു കൊണ്ട്, പത്രോസ് ശ്ലീഹായെ തിരുസഭയുടെ ആദ്യത്തെ മാര്‍പ്പാപ്പ ആയി ഉയര്‍ത്തി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles