ജപ്പാനില്‍ കുരിശില്‍ തൂങ്ങി മരിച്ച പോള്‍ മിക്കി

ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതിയും വിശ്വാസത്തെ പ്രതിയും ജീവന്‍ വേടിയേണ്ടി വന്ന അനേകം രക്ത സാക്ഷികളെ സഭയുടെ ചരിത്രത്താളുകളില്‍ സുവര്‍ണ ലിപികളില്‍ ആലേഖനം ചെയ്തു വച്ചിട്ടുണ്ട്. ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സഭ മുന്നോട്ടു പോകുന്നത് ക്രിസ്തുവില്‍ ഉള്ള വിശ്വാസത്തെ മുറുകെ പിടിച്ചാണ്. ഓരോ കാലത്തിലും അനേകം മനുഷ്യര്‍ തങ്ങളുടെ ജീവന്‍ യേശുവിന്റെ കുരിശിനോട് ചേര്‍ത്തു വച്ചിട്ടുണ്ട്. അത്തരം ചരിത്രങ്ങളില്‍ ക്രിസ്തുവിന്റെ മരണവുമായി സാമ്യപ്പെട്ടു മരിച്ച വിശുദ്ധ ഗണത്തില്‍പ്പെട്ടവരാണ് പോള്‍ മിക്കിയും കൂട്ടുകാരും.

പോള്‍ മിക്കി

1565 ല്‍ ജപ്പാനിലെ സെറ്റ്സ്സു പ്രൊവിന്‍സിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച പോള്‍ മിക്കി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ജെസ്യുട്ട് മിഷനറിമാര്‍ കീഴിലായിരുന്നു. ജെസ്യുട്ട് മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ മിക്കി തന്റെ പ്രാഥമിക വിദ്യാഭാസത്തിനു ശേഷം വൈദികന്‍ ആകാന്‍ ജെസ്യുട്ട് സഭയില്‍ ചേര്‍ന്നു. പ്രസംഗ കലയില്‍ അതീവ താല്പര്യം കാണിച്ചിരുന്ന മിക്കി തന്റെ പ്രസംഗത്തിലൂടെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു. ക്രിസ്തുവിനെ പ്രഖ്യാപിക്കുന്നതിലൂടെ ആയിരങ്ങള്‍ ആ സമയത്ത് ക്രിസ്തു മതത്തിലേക്ക് ചേരുകയുണ്ടായി.

ജപ്പാന്റെ മതങ്ങള്‍

ആറാം നൂറ്റാണ്ട് മുതല്‍ ആണ് ജപ്പാനില്‍ ബുദ്ധ മതം വ്യാപകമായതും ജപ്പാന്‍ ബുദ്ധ മതത്തിന്റെ ആസ്ഥനമായതും ഭൂരിപക്ഷം ജനങ്ങളും ബുദ്ധ മതത്തില്‍ ജീവിച്ചിരുന്നതും .. മിക്കിയുടെ വരവിനു മുന്‍പ് ജപ്പാനില്‍ ക്രിസ്തു വിശ്വാസം പ്രഘോഷിച്ച വിശുദ്ധന്‍ ആണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ . അദേഹത്തിന്റെ നേതൃത്വത്തില്‍ വന്ന മിഷനറിമാര്‍ ജപ്പാനില്‍ ക്രിസ്തു മതത്തിന്റെ വിത്തുകള്‍ നട്ടു. അവ മുളച്ചു വളര്‍ന്നു .ഫ്രാന്‍സിസ് സേവ്യറിന് ശേഷം ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തി നടന്നത് മിക്കിയും കൂട്ടുകാരുമായിരുന്നു. അവര്‍ തങ്ങളുടെ ദൗത്യം തുടര്‍ന്ന് കൊണ്ടിരുന്നു. അന്നത്തെ നേതാവായിരുന്ന ഹിടെയോഷി രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം ക്രിസ്തു മതം സ്വീകരിക്കുന്നത് കണ്ടു ഭയന്നു. ക്രിസ്ത്യാനികള്‍ തന്റെ രാജ്യ ഭരണം കയ്യേറുമെന്ന് അദ്ദേഹം പേടിച്ചു. അതിന്റെ ഫലമോ 1587 ല്‍ അദ്ദേഹം രാജ്യത്തെ ക്രിസ്ത്യന്‍ പള്ളികള്‍ ഒന്നടങ്കം തകര്‍ക്കുകയും മിഷനറിമാരെ ജയിലില്‍ അടക്കുകയും ചെയ്തു. സന്ന്യാസിമാര്‍ വേഷം മാറി ജപ്പാന്റെ പരമ്പരാഗത വേഷങ്ങള്‍ ധരിച്ചു കൊണ്ട് ഒളിവില്‍ നിന്ന് കൊണ്ട് മറ്റു വിശ്വാസികളെ ധൈര്യപ്പെടുത്തി കൊണ്ടിരുന്നു.

രക്തംകൊണ്ട് നനഞ്ഞ ജപ്പാന്‍

മൂവായിരത്തോളം ക്രിസ്ത്യാനികള്‍ ജപ്പാനില്‍ ക്രിസ്തുവിനെ വേണ്ടി ആ സമയത്ത് ജീവന്‍ വെടിഞ്ഞു. 1596 ഡിസംബര്‍ 8 ന് ഹിദേയോഷിയുടെ സംഘം മിക്കിയെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്തു. ആ സമയം മിക്കിയുടെ സംഘത്തില്‍ മൂന്ന് ജാപ്പനീസ് ജെസ്യുട്ട് വൈദികരും ആറു ഫ്രാന്‍സിസ്‌കന്‍ വൈദികരും പതിനേഴ് അല്‍മായരും ഉണ്ടായിരുന്നു. ജാപ്പനീസ് ഗവണ്‍മെന്റിനെതിരെ പ്രവര്‍ത്തിച്ചു എന്ന കുറ്റം ആരോപിച്ചായിരുന്നു അറസ്റ്റ് നടന്നത്. ഗവണ്‍മെന്റ് അവര്‍ക്ക് കുരിശു മരണം വിധിച്ചു. മിക്കിയുടെ സംഘത്തില്‍ ചെറിയ കുട്ടികള്‍ വരെ ഉണ്ടായിരുന്നു എന്നുള്ളതാണ് ഖേദകരമായ വസ്തുത.

മിയക്കോയില്‍ നിന്നും നാഗസാക്കി വരെ മുന്നൂറു മൈലുകള്‍ മഞ്ഞില്‍ കൂടി നടത്തിച്ചു കൊണ്ടായിരുന്നു കുരിശു മരണത്തിനായി അവരെ കൊണ്ട് പോയത്. ജനങ്ങള്‍ വഴിയില്‍ ഇറങ്ങി നിന്നു. അവര്‍ സന്തോഷത്തോടെ പ്രാര്‍ഥിച്ചു. ക്രിസ്തുവിനു വേണ്ടി മരണം വരിക്കേണ്ടി വരുന്നതില്‍ ദുഖിക്കരുത് എന്നായിരുന്നു അവരുടെ നിലപാട്.

ഫെബ്രുവരി 5 ന് അവര്‍ നാഗസാക്കിയില്‍ എത്തിയ അവര്‍ക്ക് മുന്നില്‍ ഇരുപത്തിയാറു കുരിശുകള്‍ കാത്തു നിന്നിരുന്നു. പട്ടാളക്കാര്‍ അവരെ എല്ലാവരെയും കുരിശില്‍ ബന്ധിച്ചു. ക്രൂരമായ ഈ ശിക്ഷ കാണാന്‍ അവടെ ഉണ്ടായിരുന്ന എല്ലാവരും മലയുടെ മുകളിലേക്ക് ഓടി കയറി വന്നിരുന്നു. ക്രിസ്തുവിനെ വിശ്വസിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷ ഇങ്ങനെ ആയിരിക്കുമെന്ന് ഹിദേയോഷി പ്രഖ്യാപിച്ചു. കുരിശില്‍ കിടന്നു കൊണ്ട് പോള്‍ മിക്കി യേശുവിനെ വാഴ്ത്തി. ഈശോയ്ക്കു വേണ്ടി മരിക്കേണ്ടി വരുന്നതില്‍ താന്‍ സന്തുഷടനാണ് എന്നും ക്രിസ്തുവില്‍ താന്‍ എന്നും സന്തോഷവനായിരിക്കുമെന്നും എന്നും അദ്ദേഹത്തെ അനുസരിച്ചിട്ടെ ഉള്ളുവെന്നും തന്നെ കുരിശില്‍ തറച്ചവരോട് താന്‍ ക്ഷമിക്കുന്നുവെന്നും പറഞ്ഞു കൊണ്ട് മിക്കി മരണത്തെ വരിച്ചു.

ജപ്പാനില്‍ 1858 ല്‍ ക്രിസ്തു മതത്തെ അംഗീകൃത മതമായി പ്രഖ്യാപിച്ചുവെങ്കിലും ഇരുനൂറു വര്‍ഷങ്ങള്‍ വരെ വിശ്വാസികള്‍ രഹസ്യമായി ക്രിസ്തുവിനെ ആരാധിച്ചു പോന്നു. മിക്കിയെ അറസ്റ്റ് ചെയ്തില്ലയിരുന്നുവെങ്കില്‍ ജപ്പാനിലെ ആദ്യത്തെ വൈദികനെ വിശ്വാസികള്‍ക്ക് നഷ്ടമാകുകയില്ലായിരുന്നു. അദേഹത്തിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്ന ക്രിസ്തു ജീവിതം വളരെ വലുതാണ്. മിക്കിയുടെ തിരുനാള്‍ ഓര്‍ക്കുന്നത് ഫെബ്രുവരി ആറിനാണ്. പോള്‍ മിക്കിയെയും കൂട്ടരെയും കുരിശില്‍ തറച്ചു കൊല ചെയ്ത ആ മല ഇന്ന് ഹോളി മൗണ്ട് എന്നാണ് അറിയപ്പെടുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles