ഏറ്റവും ശ്രേഷ്ഠമായ മാനസാന്തരം

ആഗോള സഭ എല്ലാ വർഷവും ജനുവരി 25 ന് വിശുദ്ധ പൗലോസ് ശ്ലീഹായുടെ മാനസാന്തരം അനുസ്മരിക്കുന്നു. മാനസാന്തരങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് വിശേഷിപ്പിക്കാവുന്നതാണ് വിശുദ്ധ പൗലോസ് ശ്ലീഹായുടെ ക്രിസ്ത്വനുഭവവും മാനസാന്തരവും.

സാധാരണയായി വിശുദ്ധ അഗസ്റ്റിനെ പോലെ ലോകസുഖങ്ങളുടെ പോക്കിൽ നിന്നുള്ള പിന്തിരിയലോ, രോഗമോ, കടബാധ്യതയോ പോലുള്ള തകർച്ചയിൽ കഴിഞ്ഞകാലത്തെ പാപ ജീവിതത്തിൽ നിന്നുള്ള പിന്തിരിയലോ നാം മാനസാന്തരം എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ഈ മാനസാന്തരങ്ങളിലെ വ്യക്തികൾ ഒന്നും ക്രിസ്തുവിനെതിരെ വാളുയർത്തിയവരല്ല. അവിടെയാണ് വിശുദ്ധ പൗലോസ് അഥവാ സാവൂൾ വ്യത്യസ്തനാകുന്നത്.

ക്രൈസ്തവരെ പീഡിപ്പിക്കാൻ പ്രധാന പുരോഹിതനിൽ നിന്ന് അധികാരപത്രം കൈപ്പറ്റിയവൻ,ആദ്യത്തെ രക്തസാക്ഷിയായ സ്തെഫാനോസിനെ കല്ലെറിയാൻ ഒപ്പമുണ്ടായിരുന്നവൻ-അങ്ങനെയെല്ലാം താൻ ക്രിസ്തുവിനെതിരാണെന്ന് ജനങ്ങൾക്ക് മുൻപിൽ സാക്ഷ്യമായി നിന്നവൻ ആണ് ക്രിസ്തുവിനു വേണ്ടി മരിക്കാൻ വരെ തയ്യാറായി സുവിശേഷ പ്രഘോഷകൻ ആയി മാറിയത്.

“ക്രിസ്‌തുവിന്റെ സ്‌നേഹത്തില്‍നിന്ന്‌ ആരു നമ്മെവേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ?”(റോമാ 8 : 35) എന്നുവരെ ചോദിക്കുന്ന രീതിയിൽ ക്രിസ്തുവിനൊപ്പം നടക്കുന്നവനയത്. എതിർത്തു നിൽക്കുന്നവനെ ചേർത്തുനിർത്തുന്ന ക്രിസ്തുവിന്റെ ഇടപെടലാണ് ഈ മാനസാന്തരത്തെ ധന്യമാക്കുന്നത്.

ഏതൊരു മാനസാന്തരവും പരിശോധിച്ചാൽ ഒരു നിശബ്ദ കാലം നമുക്ക് കണ്ടെത്താനാകും.ഒരു പുതിയ തീരുമാനം എടുക്കുന്ന, നിശബ്ദമായ, ആഴമേറിയ ചിന്തയുടെ കാലം. വന്ന വഴി മാറി പുതുവഴിയിലൂടെ നടക്കാൻ തീരുമാനിക്കുന്ന ആ നിമിഷമാണ് മാനസാന്തരം എന്ന് വിളിക്കപ്പെടുന്നത്. ഡമാസ്കസ് ലക്കുള്ള അഹങ്കാരത്തിന്റെ കൊമ്പുയർത്തിയ യാത്രയ്ക്കൊടുവിൽ മിന്നലൊളിയായി ക്രിസ്തു അവനെ വീഴ്ത്തി. ബാഹ്യ നയനങ്ങൾ അന്ധമാക്കി. ആന്തര നയനങ്ങളെ തുറപ്പിച്ചു.മൂന്നുദിവസം സാവൂളിന്റെ വഴി മാറിയുള്ള യാത്രയുടെ നിശബ്ദകാലമായിരുന്നു. അവൻ ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല. പൂർണ്ണമായ ധ്യാനത്തിൽ മാനസാന്തരത്തിന്റെ, അഹങ്കാരത്തിൽ നിന്ന് എളിമയുടെ, പുതു ലോകത്തിലേക്ക് അവൻ കടന്നു.വലിയ ഉഴവുകാരന്റെ കലപ്പയിൽ കൈ വച്ചതിനുശേഷം സാവൂൾ പിന്തിരിഞ്ഞു നോക്കിയതേയില്ല. അപ്പസ്തോല പ്രമുഖ സ്ഥാനത്തേക്കുള്ള കുതിപ്പായിരുന്നു പിന്നെ.

മുമ്പ് ക്രൈസ്തവരെ പീഡിപ്പിക്കാൻ തനിക്കൊപ്പം നിന്നവരോട് പോലും വാദപ്രതിവാദം ചെയ്തു വാക്കു മുട്ടിക്കുകയും ക്രിസ്തുവാണ് ഏക രക്ഷകൻ എന്ന് സധൈര്യം ബോധ്യപ്പെടുത്തുകയും ചെയ്തു. പരിശുദ്ധാത്മ ചൈതന്യം നിറഞ്ഞ് സഭാമക്കളെ വിശ്വാസത്തിൽ ഉറപ്പിക്കാൻ നിരവധി ലേഖനങ്ങൾ എഴുതി. സഭഗാത്രത്തെ പടുത്തുയർത്താൻ അക്ഷീണം പ്രയത്നിച്ച ഈ അപ്പസ്തോലപ്രമുഖൻ പക്ഷേ, അല്പം പോലും അഹങ്കരിക്കുന്നില്ല.”ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക്‌ അഹംഭാവത്തിനു വകയില്ല. അത്‌ എന്റെ കടമയാണ്‌. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!”
(1 കോറിന്തോസ്‌ 9 : 16)

താൻ പീഡിപ്പിച്ച ക്രിസ്തുവിനെ നേരിട്ട് കണ്ടുമുട്ടിയപ്പോൾ മുതൽ പൗലോസ് ശ്ലീഹ ഒരു കാര്യം മനസ്സിലാക്കി. രക്ഷയുടെ പാതയിൽ നിൽക്കുന്ന ഈ ഭൂമിയിലെ ജീവിതത്തിൽ താൻ തനിച്ചല്ല. വിളിച്ചവൻ വിശ്വസ്തൻ ആണ്. അവൻ ഒരു നാളും കൈവെടിയുകയില്ല എന്ന്. അവന്റെ വിളി സ്വീകരിച്ച നാമും ഈ സത്യം മനസ്സിലാക്കണം. മനുഷ്യ ദൃഷ്ടിയിൽ അങ്ങേയറ്റം തിന്മ ഉളവാക്കുന്ന വ്യക്തിയെ പോലും ഏറ്റവും നന്മയുളവാക്കുന്നവൻ ആയി മാറ്റാൻ കഴിവുള്ളവനാണ് ക്രിസ്തു. പൗലോസിന്റെ മാനസാന്തരം അതാണ് അടിവരയിടുന്നത്.

ഓ എന്റെ ഈശോ,പൗലോസിന് അങ്ങു നൽകിയ മാനസാന്തരത്തിന്റെ കൃപ ഞങ്ങൾക്കും നൽകണമേ.ഒരു നിമിഷം അങ്ങയോടൊപ്പം നിശബ്ദനാകാനും വഴിമാറി സഞ്ചരിക്കാനും ഞങ്ങൾക്കും കൃപ തരണേ..ആമേൻ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles