വി. നിക്കോളാസും കഥകളും

ക്രിസ്തുമസ് കാലം വരവായി, നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും കൊണ്ടു ഉണ്ണിയേശുവിനെ സ്വീകരിക്കാന്‍ നാടും നാട്ടാരും ഒരുങ്ങി നില്‍ക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പന്‍ അഥവാ സാന്താക്ലോസ് കുട്ടികളുടെ ഇഷ്ട കഥാ പാത്രമാണ്. ആ സാന്താക്ലോസിനെപ്പറ്റിയുള്ള ഒരു ചരിത്രത്തിലേക്കു നമുക്കൊന്നു കണ്ണൊടിക്കാം.

വി. നിക്കോളാസ് (സാന്താക്ലോസ് )
സാന്താ ക്ലോസിന്റെ കഥ ആരംഭിക്കുന്നതു നിക്കോളാസിലൂടെയാണ് മൂന്നാം നൂറ്റാണ്ടില്‍ പാതാറ (Patara) എന്ന ഗ്രീക്ക് വില്ലേജിലാണ് അദ്ദേഹം ജനിച്ചത്. ഇന്ന് ആ പ്രദേശം തുര്‍ക്കിയുടെ പടിഞ്ഞാറേ തീരത്താണ്. സമ്പന്നരായ അവന്റെ മാതാപിതാക്കള്‍ കൊച്ചു നിക്കോളാസിനെ അടിയുറച്ച ക്രിസ്തീയ വിശ്വാസത്തിലാണ് വളര്‍ത്തിയത്. ഒരു പകര്‍ച്ചവ്യാധി മൂലം അവന്റെ മാതാപിതാക്കള്‍ അവന്റെ ചെറുപ്രായത്തിലെ മരണത്തിനു കീഴടങ്ങിയിരുന്നു.
‘നിങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു ദാനം ചെയ്യുക ‘ എന്ന യേശുവിന്റെ വാക്കുകള്‍ അക്ഷരം പ്രതി നിക്കോളാസ് സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. തന്റെ പിതൃസ്വത്തു മുഴുവന്‍ രോഗികളെയും പീഡിതരെയും ആവശ്യക്കാരെയും സഹായിക്കാന്‍ നിക്കോളാസ് ഉപയോഗിച്ചു. ദൈവത്തിനും ദൈവജനത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച നിക്കോളാസിനെ ചെറുപ്രായത്തില്‍ത്തന്നെ മീറായിലെ (Myra) മെത്രാനാക്കി അവരോധിച്ചു. ദാനശീലത്താലും, സഹജീവികളോടുള്ള കരുണയായും നിക്കോളാസ് മെത്രാന്റെ കീര്‍ത്തി നാടെങ്ങും ദ്രുതഗതിയില്‍ പരന്നു. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും, കപ്പല്‍യാത്രക്കാരോടുള്ള അദ്ദേഹത്തിന്റെ പരിഗണനയും പ്രശസ്തമാണ്.

റോമന്‍ ചക്രവര്‍ത്തി ഡയോക്ലീഷന്റെ മതമര്‍ദ്ദനകാലത്ത് നിക്കോളാസ് മെത്രാന്‍ ക്രൈസ്തവ വിശ്വാസ സംരക്ഷണത്തിനു വേണ്ടി ധാരാളം സഹിക്കുകയും നാടുകടത്തപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. അക്കാലത്ത് തടവറ അക്ഷരാര്‍ത്ഥത്തില്‍ മെത്രാന്‍മാര്‍, പുരോഹിതന്മാര്‍, ഡീക്കന്മാര്‍ എന്നിവരെക്കൊണ്ടാണ് നിറഞ്ഞിരുന്നത്. ശരിയായ കുറ്റവാളികള്‍ക്ക് അന്നവിടെ സ്ഥാനമില്ലായിരുന്നു.

ജയില്‍ വിമോചനത്തിനു ശേഷം AD 325 ല്‍ നടന്ന നിഖ്യാ സൂനഹദോസില്‍ നിക്കോളാസ് മെത്രാന്‍ പങ്കെടുത്തു. AD 343 ഡിസംബര്‍ മാസം ആറാം തീയതി അദ്ദേഹം മൃതിയടഞ്ഞു. മിറായിലെ കത്തീഡ്രല്‍ ദൈവാലയത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. വിശുദ്ധന്റെ കബറിടത്തില്‍ മന്ന എന്നു വിളിക്കപ്പെടുന്ന സവിശേഷ രീതിയിലുള്ള ഒരു തിരുശേഷിപ്പ് രൂപപ്പെട്ടിട്ടുണ്ട്. ദ്രാവക രൂപത്തിലുള്ള പദാര്‍ത്ഥം ധാരാളം സൗഖ്യത്തിനു ഹേതുവാകുന്നതായി പറയപ്പെടുന്നു. ഇത് നിക്കോളാസിനോടുള്ള ഭക്തി വര്‍ദ്ധിക്കുന്നതിനു ഒരു കാരണവുമാണ്. അദേഹത്തിന്റെ മരണ ദിനം നിക്കോളാസ് ദിനമായി (ഡിസംബര്‍ 6) ലോകമെമ്പാടും കൊണ്ടാടുന്നു .
ക്ഷാമങ്ങളില്‍ നിന്നു നിക്കോളാസ് ജനങ്ങളെ രക്ഷിക്കുന്ന നിരവധി കഥകളുണ്ട് ,അന്യായമായി കുറ്റമാരോപിക്കപ്പെട്ട നിഷ്‌കളങ്കരായ വ്യക്തികളെ വിശുദ്ധന്‍ രക്ഷിച്ചട്ടുണ്ട്. ധാരാളം ഉദാരമതിയായ പ്രവര്‍ത്തികള്‍ രഹസ്യത്തില്‍ യാതൊരു പ്രതിഫലവുമില്ലാതെ നിക്കോളാസ് ചെയ്തട്ടുണ്ട്. ഇന്ന് പൗരസ്ത്യ സഭയില്‍ നിക്കോളാസിനെ ഒരു അത്ഭുത പ്രവര്‍ത്തകനായും, പാശ്ചാത്യ സഭയില്‍ പല കാര്യങ്ങളുടെയും മധ്യസ്ഥനായും വണങ്ങുന്നു. ഉദാഹരണത്തിന്, കുട്ടികളുടെ, നാവികരുടെ, ബാങ്ക് ജോലിക്കാരുടെ, പണ്ഡിതരുടെ, യാത്രക്കാരുടെ അനാഥരുടെ, വ്യാപാരികളുടെ, ന്യായാധിപന്മാരുടെ, വിവാഹ പ്രായമായ യുവതികളുടെ, ദരിദ്രരുടെ, വിദ്യാര്‍ത്ഥികളുടെ, തടവുകാരുടെ തുടങ്ങി നീളുന്നു ആ ലിസ്റ്റ്. ചുരുക്കത്തില്‍ പ്രശ്‌നത്തിലകപ്പെട്ടവരുടെയും ആവശ്യമുള്ളവരുടെയും സംരക്ഷകനും സുഹൃത്തുമാണ് വി. നിക്കോളാസ്.

നാവികര്‍ വിശുദ്ധ നിക്കോളാസിനെ അവരുടെ മധ്യസ്ഥനായി അവകാശമുന്നയിയിക്കുന്നു. അതിനാല്‍ പല തുറമുഖങ്ങളിലും വിശുദ്ധ നിക്കോളാസിന്റെ നാമത്തില്‍ ചാപ്പലുകള്‍ നിര്‍മ്മിച്ചട്ടുണ്ട്. മധ്യ നൂറ്റാണ്ടുകളില്‍ വിശുദ്ധ നിക്കോളാസിന്റെ കീര്‍ത്തി പരന്നതിനെ തുടര്‍ന്ന് യൂറോപ്പിലെ പല രാജ്യങ്ങളുടെയും നഗരങ്ങളുടെയും സ്വര്‍ഗ്ഗീയ മധ്യസ്ഥനായി നിക്കോളാസിനെ തിരഞ്ഞെടുത്തു. വി. നിക്കോളാസിന്റെ നാമധേയത്തില്‍ ആയിരക്കണക്കിനു ദൈവാലയങ്ങള്‍ യുറോപ്പില്‍ തന്നെയുണ്ട്. (ബെല്‍ജിയം 300, റോമാ നഗരം 34, ഹോളണ്ട് 23, ഇംഗ്ലണ്ട് 400 ല്‍ കൂടുതല്‍ )
മീറായിലുള്ള നിക്കോളാസിന്റെ കബറിടം പ്രസിദ്ധമായൊരു തീര്‍ത്ഥാടന സ്ഥലമാണ്. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ആത്മീയവും വാണിജ്യപരവുമായ ആനുകൂല്യങ്ങള്‍ കണക്കിലെടുത്ത് ഇറ്റാലിയന്‍ നഗരങ്ങളായ വെനീസും ബാരിയും വിശുദ്ധ നിക്കോളാസിനെറെ തിരുശേഷിപ്പ് ലഭിക്കുന്നതിനായി പോരാടി. 1087 ലെ വസന്ത കാലത്ത് ബാരിയില്‍ നിന്നുള്ള നാവികര്‍ നിക്കോളാസിന്റെ തിരുശേഷിപ്പു കരസ്ഥമാക്കുകയും ബാരിയില്‍ മനോഹരമായ ഒരു ദൈവാലയം നിര്‍മ്മിക്കുകയും ചെയ്തു. ബാരിയിലുള്ള നിക്കോളാസ് ദൈവാലയം (Basilica di San Nicola) മധ്യകാല യുറോപ്പിലെ പ്രസിദ്ധമായ ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറി, അതിനാല്‍ വിശുദ്ധ നിക്കോളാസ് ‘ബാരിയിലെ വിശുദ്ധന്‍ ‘(Saint in Bari) എന്നും അറിയപ്പെടുന്നു.

കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് സഭയും വിശുദ്ധ നിക്കോളാസിനെ വിശുദ്ധനായി അംഗീകരിക്കുമ്പോള്‍, പ്രോട്ടസ്റ്റന്റു സഭകള്‍ അദ്ദേഹത്തിന്റെ ധീരോത്തമായ മനുഷ്യസ്‌നേഹത്തെയും ഹൃദയവിശാലതയെയും ബഹുമാനിക്കുന്നു. വിശുദ്ധന്റെ ഉദാരതയുടെയും നന്മയുടെയും ഓര്‍മ്മകള്‍ നിലനിര്‍ത്താനായി ഡിസംബര്‍ 6 യുറോപ്പിലെങ്ങും വിശുദ്ധ നിക്കോളാസിന്റെ ദിനമായി ആഘോഷിക്കുന്നു. അന്നേദിനം ജര്‍മ്മനിയിലും പോളണ്ടിലും ആണ്‍കുട്ടികള്‍ ബിഷപിന്റെ വേഷം ധരിച്ച് പാവങ്ങള്‍ക്കു വേണ്ടി ഭിക്ഷ യാചിക്കുന്ന ഒരു പതിവുണ്ട്. ഹോളണ്ടിലും ബെല്‍ജിയത്തും നിക്കോളാസ് ഒരു ആവികപ്പലില്‍ സ്‌പെയിനില്‍ നിന്നു വരുമെന്നും, പിന്നീട് ഒരു വെളുത്ത കുതിരയില്‍ യാത്ര ചെയ്തു എല്ലാവര്‍ക്കും സമ്മാനം നല്‍കുമെന്നും കുട്ടികള്‍ വിശ്വസിക്കുന്നു. ഡിസംബര്‍ 6 യുറോപ്പില്‍ മുഴുവന്‍ സമ്മാനം കൈമാറുന്ന ദിനമാണ്.

ഹോളണ്ടില്‍ സെന്റ് നിക്കോളാസ് ദിനം ഡിസംബര്‍ അഞ്ചിനാഘോഷിക്കുന്നു. അന്നേദിനം വൈകിട്ട് കുട്ടികള്‍ ചോക്ലേറ്റും ചെറിയ സമ്മാനങ്ങളും കൈമാറുന്നു. പിന്നീട് നിക്കോളാസിന്റെ കുതിരയ്ക്കായി അവരുടെ ഷൂസിനുള്ളില്‍ ക്യാരറ്റും വൈക്കോലും അവര്‍ കരുതി വയ്ക്കുന്നു. വി. നിക്കോളാസ് അവയ്ക്കു പകരം സമ്മാനം നല്‍കുമെന്നാണ് കുട്ടികളുടെ വിശ്വാസം. ആഗമനകാലത്തെ ഈ പങ്കു വയ്ക്കുന്ന മനോഭാവം ക്രിസ്തുമസിന്റെ അരൂപിയില്‍ വളരാന്‍ സഹായകരമാണ്.

ഒന്നാം കഥ സ്വര്‍ണ്ണ നാണയം നല്‍കുന്ന നിക്കോളാസ്
വിശുദ്ധ നിക്കോളാസിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ധാരാളം കഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട്. ഇവയെല്ലാം വിശുദ്ധന്റെ അസാധാരണമായ സ്വഭാവസവിശേഷതകള്‍ മനസ്സിലാക്കാനും, അദേഹം എങ്ങനെ മറ്റുള്ളവര്‍ക്ക് പ്രിയങ്കരനായി, ആവശ്യക്കാരുടെ സംരക്ഷകനും സഹായകനുമായി, എന്നതിലേക്കു വെളിച്ചം വീശുന്നതാണ്.

സ്ത്രീധനമായി സ്വര്‍ണ്ണ നാണയം നല്‍കുന്ന നിക്കോളാസ്
ഒരു ദരിദ്രനായ മനുഷ്യനു മൂന്നു പെണ്‍മക്കളാണ് ഉണ്ടായിരുന്നത്. അക്കാലത്ത് വധുവിന്റെ പിതാവ് വരന് വിവാഹത്തിനു മൂല്യമുള്ള എന്തെങ്കിലും സ്ത്രീധനമായി നല്‍കുന്ന പതിവുണ്ടായിരുന്നു. സ്ത്രീധനം കൂടുന്നതനുസരിച്ച് യുവതികള്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നിരുന്നു.

സ്ത്രീധനം കൂടാതെ ഒരു പെണ്‍കുട്ടിയെയും വിവാഹം കഴിച്ചയക്കാന്‍ സാധിച്ചിരുന്നില്ല. സ്ത്രീധനം കൊടുക്കുവാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ദരിദ്രനായ ആ മനുഷ്യന്‍ തന്റെ പെണ്‍മക്കളെ അടിമകളായി വില്‍ക്കാന്‍ തീരുമാനിച്ചു. അത്ഭുതമെന്നു പറയട്ടെ മൂന്നു വ്യത്യസ്ത അവസരങ്ങളില്‍ സ്ത്രീധനത്തിനാവശ്യമായ സ്വര്‍ണ്ണ നാണയങ്ങള്‍ ഒരു ബാഗില്‍ അവരുടെ വീട്ടില്‍ പ്രത്യക്ഷപ്പെട്ടു. ജനാലയിലൂടെ വീട്ടിലേക്കെറിഞ്ഞ സ്വര്‍ണ്ണക്കിഴികള്‍ കാലുറക്കുള്ളിലോ (stockings) ഉണക്കാന്‍ വെച്ചിരുന്ന ഷൂസിനുള്ളിലോ ആണു നിപതിച്ചത്. സെന്റ് നിക്കോളാസിന്റെ സമ്മാനം സ്വീകരിക്കാന്‍ കുട്ടികള്‍ സ്റ്റോക്കിങ്ങ്‌സോ, ഷൂസോ തൂക്കിയിടുന്ന പതിവ് ആരംഭിച്ചത് ഈ സംഭവത്തില്‍ നിന്നുള്ള പ്രചോദനത്തലാണ്. ചില കഥകളില്‍ സ്വര്‍ണ്ണക്കിഴികള്‍ക്കു പകരം സ്വര്‍ണ്ണ ബോളുകളാണ് നിക്കോളാസ് നല്‍കിയത്. അതുകൊണ്ടാണ് സ്വര്‍ണ്ണ നിറത്തിലുള്ള മൂന്നു ബോളുകള്‍ വിശുദ്ധ നിക്കോളാസിന്റെ ഒരു ചിഹ്നമായി ചിലപ്പോള്‍ ചിത്രീകരിക്കുന്നത്.

രണ്ടാം കഥ കുട്ടികളുടെ സംരക്ഷകനായ നിക്കോളാസ്
വിശുദ്ധ നിക്കോളാസിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ധാരാളം കഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട്. ഇവയെല്ലാം വിശുദ്ധന്റെ അസാധാരണമായ സ്വഭാവസവിശേഷതകള്‍ മനസ്സിലാക്കാനും, അദേഹം എങ്ങനെ മറ്റുള്ളവര്‍ക്ക് പ്രിയങ്കരനായി, ആവശ്യക്കാരുടെ സംരക്ഷകനും സഹായകനുമായി, എന്നതിലേക്കു വെളിച്ചം വീശുന്നതാണ്.

വി. നിക്കോളാസ് കുട്ടികളുടെ രക്ഷകനാണ് എന്നു സമര്‍ത്ഥിക്കാന്‍ നടന്ന സംഭവം വി. നോക്കാളാസിന്റെ മരണത്തിനു വളരെ നാളുകള്‍ക്കു ശേഷമാണ് നടന്നത്. മീറാ നഗരത്തിലെ ജനങ്ങള്‍ നിക്കോളാസിന്റെ തിരുനാള്‍ ആഘോഷിക്കുകയായിരുന്നു. പൊടുന്നനെ ഒരു കൂട്ടം അറബ് കടല്‍കൊള്ളക്കാര്‍ ക്രേറ്റയില്‍ (Crete) നിന്നു മീറാ നഗരത്തിലെത്തി.

അവര്‍ വിശുദ്ധ നിക്കോളാസിന്റെ പള്ളി കൊള്ളയടിക്കുകയും വിലയേറിയ വസ്തുക്കള്‍ എടുത്തു കൊണ്ടു പോവുകയും ചെയ്തു. അവര്‍ നഗരം വിട്ടു പോകുമ്പോള്‍ അടിമയക്കാനായി ബാസിലോസ് എന്ന ബാലനെ തട്ടിയെടുക്കുകയും ചെയ്തും. അറബി രാജാവ് ബാസിലോസിനെ അവന്റെ പാനപാത്ര വാഹകനായി നിയമിച്ചു. ബാസിലോസിന്റെ മാതാപിതാക്കള്‍ തങ്ങളുടെ പ്രിയ മകന്‍ നഷ്ടപ്പെട്ടതില്‍ ആകെ തളര്‍ന്നു പോയി. നിക്കോളാസിന്റെ തിരുനാള്‍ അടുക്കും തോറും അവരുടെ വേദനയും ആധിയും കൂടി. തന്റെ മകന്‍ നഷ്ടപ്പെട്ട ദിനമായതിനാല്‍ ബാസിലോസിന്റെ അമ്മ തിരുനാളാഘോഷങ്ങളില്‍ പങ്കെടുത്തില്ല. എന്നിരുന്നാലും വിട്ടിലിരുന്നു കൊണ്ട് തന്റെ മകന്റെ സുരക്ഷക്കുവേണ്ടി കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ചു. ഇതിനിടയില്‍ അങ്ങ് വിദൂരദേശത്തു രാജാവിനു സ്വര്‍ണ്ണ കപ്പില്‍ വീഞ്ഞു പകര്‍ന്നു നല്‍കുന്നതില്‍ വ്യാപൃതനായിരുന്നു കുഞ്ഞു ബാസിലോസ്. പൊടുന്നനെ ആരോ അവനെ എടുത്തു മാറ്റി. വി. നിക്കോളാസ്, പേടിച്ചിരുന്ന അവനു മുമ്പില്‍ പ്രത്യക്ഷപ്പെടുകയും അനുഗ്രഹിക്കുകയും തന്റെ ജന്മനാടായ മീറായിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. സ്വര്‍ണ്ണ കപ്പുമായി തങ്ങളുടെ മുമ്പില്‍ നില്‍ക്കുന്ന പൊന്നോമന മകനെ കണ്ടപ്പോള്‍ ആ മാതാപിതാക്കള്‍ അനുഭവിച്ച സന്തോഷവും സമാധാനവും വാക്കുകള്‍ക്കു വര്‍ണ്ണീക്കാനാവുന്നതല്ല.

കുട്ടികളുടെ സംരക്ഷകന്‍ എന്ന നിലയില്‍ വിശുദ്ധ നിക്കോളാസിനെക്കുറിച്ച് പ്രചരിച്ച ആദ്യ സംഭവും ഇതാണ്.
മൂന്നു ദൈവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ ആഥന്‍സിലേക്കുള്ള പഠനയാത്രയിലാണ്. ക്രൂരനായ ഒരു സത്രം സൂക്ഷിപ്പുകാരന്‍ അവരെ കവര്‍ച്ച ചെയ്യുകയും വധിക്കുകയും ചെയ്തു. അവരുടെ മൃതശരീരങ്ങള്‍ വലിയ ഒരു ഭരണിയില്‍ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു. നിക്കോളാസ് മെത്രാനും ആ വഴിയിലൂടെ ഒരു യാത്രയിലായിരുന്നു. വിശ്രമിക്കാനായി മൂന്നു വിദ്യാര്‍ത്ഥികള്‍ താമസിച്ച അതേ സത്രത്തില്‍ മെത്രാനച്ചനും കയറി. രാത്രിയില്‍ നിക്കോളാസിനു കുറ്റകൃത്യത്തെക്കുറിച്ചു സ്വപ്ന ദര്‍ശനമുണ്ടാവുകയും സത്രം സൂക്ഷിപ്പുകാരനെ വിളിച്ചു വരുത്തുകയും ചെയ്തു. നിക്കോളാസ് അവര്‍ക്കുവേണ്ടി സര്‍വ്വശക്തനായ ദൈവത്തോടു പ്രാര്‍ത്ഥിച്ചപ്പോള്‍ മൂവരും ജീവനിലേക്കു തിരിച്ചു വന്നു എന്നാണ് പാരമ്പര്യം.

ഫ്രാന്‍സില്‍ ഈ കഥ വേറൊരു രീതിയിലാണ് പ്രചരിക്കുന്നത്. മൂന്നു ചെറിയ കുട്ടികളെ കളിസ്ഥലത്തു നിന്നും ഒരു ക്രൂരനായ കശാപ്പുകാരന്‍ വശീകരിച്ചു തട്ടി കൊണ്ടുപോയി കൊന്നുകളഞ്ഞു. വി. നിക്കോളാസ് അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടു ദൈവത്തോടു ജീവനായി യാചിച്ചു. മൂന്നു കുഞ്ഞുങ്ങും ജീവിതത്തിലേക്കു തിരിച്ചു വന്നു. വി. നിക്കോളാസ് അവരെ മാതാപിതാക്കള്‍ക്കു തിരികെ നല്‍കി. അങ്ങനെ വിശുദ്ധ നിക്കോളാസ് കുട്ടികളുടെ സംരക്ഷകന്‍ എന്ന പേരില്‍ പ്രശസ്തനായി.

മൂന്നാം കഥ കടലിനെ ശാന്തമാക്കിയ നിക്കോളാസ്
വിശുദ്ധ നിക്കോളാസിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ധാരാളം കഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട് .ഇവയെല്ലാം വിശുദ്ധന്റെ അസാധാരണമായ സ്വഭാവസവിശേഷതകള്‍ മനസ്സിലാക്കാനും, അദേഹം എങ്ങനെ മറ്റുള്ളവര്‍ക്ക് പ്രിയങ്കരനായി, ആവശ്യക്കാരുടെ സംരക്ഷകനും സഹായകനുമായി, എന്നതിലേക്കു വെളിച്ചം വീശുന്നതാണ്.

നിക്കോളാസും കടലുമായി ബന്ധപ്പെടുത്തി ധാരാളം കഥകളുണ്ട്. ചെറുപ്പമായിരുന്നപ്പോള്‍ നിക്കോളാസ് വിശുദ്ധ നാട്ടിലേക്കു ഒരു തീര്‍ത്ഥയാത്രയ്ക്കു പോയി. യേശു നടന്ന വഴികളിലൂടെ നടന്നപ്പോള്‍ യേശുവിന്റെ ജീവിതത്തിന്റെയും പീഡാനുഭവത്തിന്റെയും ഉത്ഥാനത്തിന്റെയും തീവ്രമായ അനുഭവങ്ങളാല്‍ നിക്കോളാസ് നിറഞ്ഞു.

തിരിച്ചുള്ള കപ്പല്‍യാത്രയില്‍ ശക്തമായ കാറ്റും കൊളും മൂലം കപ്പല്‍ തകരുന്ന വക്കിലെത്തി. ഈ സമയത്തു യേശുവിനെപ്പോലെ ശാന്തത കൈവിടാതെ നിക്കോളാസ് പ്രാര്‍ത്ഥിച്ചു. ഉടന്‍ തന്നെ കാറ്റും കോളും ശമിച്ചു, കടല്‍ ശാന്തമായി. ഭയചകിതരായിരുന്ന നാവികര്‍ നിക്കോളാസിനോപ്പം പ്രാര്‍ത്ഥനയില്‍ പങ്കു ചേര്‍ന്നു. കപ്പല്‍ യാത്രക്കാരുടെയും നാവികരുടെയും മധ്യസ്ഥനാണ് വിശുദ്ധ നിക്കോളാസ്.
നാവികര്‍ വിശുദ്ധ നിക്കോളാസിനെ അവരുടെ മധ്യസ്ഥനായി അവകാശമുന്നയിയിക്കുന്നു. അതിനാല്‍ പല തുറമുഖങ്ങളിലും വിശുദ്ധ നിക്കോളാസിന്റെ നാമത്തില്‍ ചാപ്പലുകള്‍ നിര്‍മ്മിച്ചട്ടുണ്ട്.

1087 ലെ വസന്ത കാലത്ത് ബാരിയില്‍ നിന്നുള്ള നാവികര്‍ നിക്കോളാസിന്റെ തിരുശേഷിപ്പു കരസ്ഥമാക്കുകയും ബാരിയില്‍ മനോഹരമായ ഒരു ദൈവാലയം നിര്‍മ്മിക്കുകയും ചെയ്തു. ബാരിയിലുള്ള നിക്കോളാസ് ദൈവാലയം (Basilica di San Nicola) മധ്യകാല യുറോപ്പിലെ പ്രസിദ്ധമായ ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറി, അതിനാല്‍ വിശുദ്ധ നിക്കോളാസ് ‘ബാരിയിലെ വിശുദ്ധന്‍ ‘(Saint in Bari) എന്നും അറിയപ്പെടുന്നു.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcsb ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles