വിശുദ്ധ നിക്കോളാസിന്റെ അത്ഭുതകഥ
ഏഷ്യ മിനറിലെ പട്ടാറ എന്ന ഗ്രാമത്തിൽ മൂന്നാം നൂറ്റാണ്ടിലാണ് വിശുദ്ധ നിക്കോളാസ് ജനിച്ചത്. മാതാപിതാക്കൾ സമ്പന്നരായിരുന്നെങ്കിലും നിക്കോളാസിനെ അവർ ഉത്തമ ക്രിസ്തീയ വിശ്വാസിയായി വളർത്തി. നിക്കോളാസിന്റെ വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ പകർച്ചവ്യാധി മൂലം മരണമടഞ്ഞു.
ക്രിസ്തുവിന്റെ വചനങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വിശുദ്ധൻ തന്റെ എല്ലാ സ്വത്തുവകകളും രോഗബാധിധർക്കും കഷ്ടത അനുഭവിക്കുന്നവർക്കുമായി നൽകി. ദൈവത്തിനു വേണ്ടി ജീവിതം സമർപ്പിക്കണം എന്ന അതിയായ ആഗ്രഹത്തിൽ നിക്കോളാസ് യുവത്വത്തിൽ തന്നെ മൈറയുടെ ബിഷപ്പ് സ്ഥാനമേറ്റു. ആ സമയങ്ങളിൽ തന്നെ സഹാനുഭൂതി,കുട്ടികളോടുള്ള വാത്സല്യം, നാവികരോടുള്ള കരുതൽ ഏന്നീ കാര്യങ്ങളിൽ വിശുദ്ധൻ പ്രശസ്തിയാർജ്ജിച്ചു .
ഒരിക്കൽ മൂന്നു പെൺമക്കളുള്ള ഒരു പിതാവിന് അവരെ വിവാഹം കഴിപ്പിക്കാൻ പണമില്ല എന്നറിഞ്ഞ നിക്കോളാസ്, അവരറിയാതെ വീടിന്റെ ജനലിലൂടെ 3 തവണകളായി സ്വർണനാണയങ്ങൾ നിറച്ച കിഴി അകത്തേക്ക് എറിഞ്ഞു. അവർ ചിമ്മിനിയിൽ ഉണങ്ങാൻ വിരിച്ചിട്ടിരുന്ന സോക്സിന്റെ ഉള്ളിൽ ആണ് കിഴി വീണത്. ഇപ്പോഴും ഇതിന്റെ ഓർമയിൽ കുട്ടികൾ ക്രിസ്മസ് രാത്രിയിൽ സാന്റയുടെ സമ്മാനം പ്രതീക്ഷിച്ചു മുറിയിൽ സോക്സ് തൂക്കിയിടാറുണ്ട്.
റോമൻ ചക്രവർത്തിയായ ഡയോക്ളീഷന്റെ മതപീഡനകാലത്തു നിക്കോളാസ് , മറ്റു ബിഷപ്പുമാർ , വൈദീകർ , ഡീക്കന്മാർ എന്നിവരോടൊപ്പം ജയിലിലടക്കപ്പെട്ടു. കുറ്റവാളികൾക്ക് കിടക്കാൻ സ്ഥലമില്ലാത്തവണ്ണം ജയിൽ മുറികൾ നിറഞ്ഞു കവിഞ്ഞു. അദ്ദേഹത്തെ വിട്ടയച്ചതിനു ശേഷം എ.ഡി 343 ഡിസംബർ 6 നു മൈറയിൽ നിക്കോളാസ് മരണമടഞ്ഞു . അവിടെയുള്ള കത്തീഡ്രലിൽ വിശുദ്ധനെ സംസ്കരിക്കുകയും പിന്നീട് ശവകുടീരത്തിൽ ഒരു പ്രത്യേകതരം തിരുശേഷിപ് ‘മന്നാ ‘ രൂപപ്പെടുകയും ചെയ്തു. ദ്രാവകരൂപത്തിലുള്ള ഈ മന്നാ ധാരാളം രോഗികളെ സുഖപ്പെടുത്തിയത് വഴി നിക്കോളാസിനോടുള്ള ഭക്തി വർധിക്കുകയും ചെയ്തു. വിശുദ്ധന്റെ മരണദിനമായ ഡിസംബർ 6 പിൽക്കാലത്തു നിക്കോളാസിന്റെ തിരുനാൾ ദിവസമായി ആചരിച്ചു വന്നു.
വി.നിക്കോളാസിന്റെ സ്നേഹവും കരുതലും വിളിച്ചോതുന്ന ഒട്ടേറെ സംഭവങ്ങൽ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധൻ കുട്ടികളുടെ സംരക്ഷകനായി വണങ്ങപ്പെടാൻ സാഹചര്യമായ സംഭവം ഇതാ…
മൈറ പട്ടണം വിശുദ്ധന്റെ തിരുന്നാൾ ആഘോഷിക്കുന്ന അവസരത്തിൽ ഒരു കൂട്ടം അറബ് കൊള്ളക്കാർ കത്തീഡ്രൽ ദേവാലയം കൊള്ളയടിക്കുകയും ‘ബസിലിയസ്’ എന്ന കൊച്ചുകുട്ടിയെ അടിമവേലക്ക് വേണ്ടി തട്ടികൊണ്ട് പോവുകയും ചെയ്തു .വളരെയേറെ ദുഃഖിതരായ മാതാപിതാക്കൾ വ്യസനത്തിൽ ഒരു വർഷം തള്ളിനീക്കി.അടുത്ത വർഷത്തെ തിരുനാളിനു ബസിലിയസിന്റെ അമ്മ പള്ളിയിൽ പോകാതെ വീട്ടിൽ തന്നെ പ്രാർത്ഥനയിൽ മുഴുകി. ഇതേസമയം ബസിലിയസ്, ആയിരിക്കുന്ന സ്ഥലത്തു നിന്ന് ഒരു അദൃശ്യ ശക്തിയാൽ പുറത്തേക്ക് എടുക്കപ്പെട്ടു . വി.നിക്കോളാസ് അവനു പ്രത്യക്ഷപ്പെടുകയും അനുഗ്രഹിക്കുകയും ചെയ്തിട്ടു അവന്റെ വീട്ടിൽ കൊണ്ട് വിടുകയും ചെയ്തു . ഈ സംഭവം വിശുദ്ധനെ കുട്ടികളുടെ സംരക്ഷകനായി വണങ്ങാൻ കാരണമായി.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.