പകര്‍ച്ചവ്യാധിയില്‍ പാപ്പാ പ്രാര്‍ത്ഥിച്ചു. മിഖായേല്‍ മാലാഖ പറന്നെത്തി!
ഇത് ആറാം നൂറ്റാണ്ടില്‍ റോമില്‍ നടന്ന സംഭവമാണ്. പെലാജിയുസ് രണ്ടാമന് മാര്‍പാപ്പായുടെ കാലത്ത് റോമില്‍ ഒരു മാരകമായ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചു. പാപ്പായുടെ ജീവന് പോലും ആ പകര്‍ച്ചവ്യാധിയില്‍ നഷ്ടമായി. തുടര്‍ന്ന് മാര്‍പാപ്പയായത് ഗ്രിഗറി ഒന്നാമന് ആയിരുന്നു. ഇദ്ദേഹമാണ് പില്ക്കാലത്ത് മഹാനായ ഗ്രിഗറി എന്ന പേരില്‍ അറിയപ്പെട്ടത്.
ഗ്രിഗറി മാര്‍പാപ്പാ നഗരവാസികളെയെല്ലാം വിളിച്ചു കൂട്ടി നഗരത്തിനു ചുറ്റും ദൈവകാരുണ്യം യാചിച്ചു കൊണ്ട് ഒരു വലിയ പ്രദക്ഷിണം നടത്തി. പകര്‍ച്ചവ്യാധി മാറ്റിത്തരണമേ എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥിച്ചു. ഈ പ്രദക്ഷിണത്തിന്റെ മുന്നില്‍ പരിശുദ്ധ മാതാവിന്റെ രൂപം വഹിച്ചിരുന്നു. ഈ മരിയന്‍ രൂപം രോഗാണുക്കള്‍ നിറഞ്ഞ അന്തരീക്ഷത്തെ ശുദ്ധീകരിക്കും എന്ന് അവര്‍ വിശ്വസിച്ചു.
ഗോള്‍ഡന്‍ ലെജന്‍ഡ് എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്:
പകര്‍ച്ചവ്യാധി റോമിനെ കശക്കിയെറികയുകായിരുന്നു. അപ്പോളാണ് ഗ്രിഗറി പാപ്പായുടെ കല്പന പ്രകാരം പ്രദക്ഷിണം നഗരം ചുറ്റിയത്. പരിശുദ്ധ കന്യാമാതാവിന്റെ രൂപവും വഹിച്ച്, ലുത്തിനിയയും പാടിയാണ് അവരെല്ലാവരും പ്രദക്ഷിണം വച്ചത്. മാതാവിന്റെ ശക്തമായ സാന്നിധ്യത്തിന് മുന്നില്‍ രോഗാണുക്കള്‍ മുട്ടുമടക്കി! ദൈവദൂതന്മാരുടെ ഗാനം പലരും കേട്ടു എന്നാണ് പറയപ്പെടുന്നത്…
പ്രദക്ഷിണം ഹാഡ്രിയന്‍ ചക്രവര്‍ത്തിയുടെ മൊസോളിയത്തിനു സമീപം എത്തിയപ്പോള്‍ വി. ഗ്രിഗറി ഒരു ദര്‍ശനം കണ്ടു. ക്രെസെന്‍സിയൂസ് കോട്ടയുടെ മേല്‍ കര്‍ത്താവിന്റെ മഹാദൂതന് നിലകൊള്ളുന്നു. രക്തം പുരണ്ട വാള് തന്റെ ഉറയിലേക്ക് ഇടുകയായിരുന്നു, ദൂതന്. ഇത് പകര്‍ച്ചവ്യാധിയുടെ അന്ത്യമാണെന്ന് പാപ്പായ്ക്ക് മനസിലായി. അന്നു മുതല്‍ ആ കോട്ടയുടെ പേര് വിശുദ്ധ ദൂതന്റെ കോട്ട എന്നായി മാറി.
കോട്ടയുടെ മുകളില്‍ മിഖായേല്‍ മാലാഖയുടെ വലിയൊരു തിരുസ്വരൂപം സ്ഥാപിച്ചു. ദൈവകരുണയുടെ അടയാളമായി ആ രൂപം അവിടെ നിലനിന്നു.