ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ മത്തിയാസ്
May 14: വിശുദ്ധ മത്തിയാസ്
നമ്മുടെ രക്ഷകനായ യേശുവിനെ ആദ്യമായി അനുഗമിച്ചവരില്‍, യേശുവിന്റെ 72 അനുയായികളില്‍ ഒരാളാണ് വിശുദ്ധ മത്തിയാസ്. ഉത്ഥാനംവരെയുള്ള യേശുവിന്റെ എല്ലാ ദിവ്യപ്രവര്‍ത്തികള്‍ക്കും വിശുദ്ധ മത്തിയാസ് ദൃക്സാക്ഷിയായിരുന്നു. വഞ്ചകനായ യൂദാസിന്റെ ഒഴിവ് നികത്തുന്നതിനായി ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരും എന്ന് ദാവീദ് പ്രവചിച്ചത് വിശുദ്ധ മത്തിയാസിനെക്കുറിച്ചായിരുന്നു. യേശുവിന്റെ ഉത്ഥാനത്തിനും, പരിശുദ്ധാത്മാവിന്റെ ആഗമനത്തിനും ഇടക്കുള്ള കാലയളവില്‍ അപ്പസ്തോലിക സമൂഹത്തിന് യേശുവിനാല്‍ നിശ്ചയിക്കപ്പെട്ട 12 എന്ന അംഗ സംഖ്യ തികക്കേണ്ടത് ആവശ്യമായിരുന്നു. ആ നറുക്ക് വീണത് വിശുദ്ധ മത്തിയാസിനായിരുന്നു. വിശുദ്ധന്‍ തന്റെ അപ്പസ്തോല സഹോദരന്‍മാര്‍ക്കൊപ്പം ജെറൂസലേമിലെ പീഡനങ്ങള്‍ സഹിക്കുന്നതില്‍ പങ്കാളിയായി.
ക്രിസ്തുവിന്റെ പ്രതിനിധികള്‍ക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി പിരിയേണ്ട സമയം വന്നപ്പോള്‍ വിശുദ്ധന്‍ തനിക്ക് പോകേണ്ടതായ രാജ്യങ്ങളിലേക്ക് പോയി. ഐതിഹ്യമനുസരിച്ച് കാപ്പാഡോസിയയിലേക്കും, കാസ്പിയന്‍ സമുദ്രത്തിന്റെ തീരത്തുള്ള പ്രവിശ്യകളിലേക്കുമാണ് വിശുദ്ധന്‍ പോയത്. മറ്റ് അപ്പസ്തോലന്‍മാരുടെ തിരുനാളുകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത് പോലെ വിശുദ്ധ മത്തിയാസിന്റെ നന്മയേയും, പ്രയത്നങ്ങളെയും, സഹനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭ്യമല്ല.
വിശുദ്ധ മത്തിയാസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.