പശ്ചാത്താപത്തിന്റെ വിശുദ്ധ
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,
എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.
ആഴ്ച്ചയുടെ ആദ്യ ദിവസം അതിരാവിലെ
ഇരുട്ടായിരിക്കുമ്പോൾ തന്നെയാണ്
അവൾ പോയത്.
ആകാശത്തിനും ഭൂമിക്കും മധ്യേ …….
ആർക്കും സങ്കല്പിക്കാനാവാത്ത വിധം
അധികാരികളുടെ പീഡനങ്ങൾ ഏറ്റുവാങ്ങി
മരിച്ച തൻ്റെ പ്രിയ രക്ഷകൻ്റെ ശവകുടീരത്തിലേക്ക് പോകുവാൻ അവൾ കാണിച്ച ധൈര്യം.
സ്നേഹമല്ലാതെ മറ്റെന്താണ് ഒരു വ്യക്തിയെ അതിനു പ്രേരിപ്പിക്കുക ……?
രക്ഷകൻ്റെ ദിവ്യസ്നേഹം
തൊട്ടറിഞ്ഞ നിമിഷം മുതൽ പഴയ ജീവിതം പാടേ ഉപേക്ഷിച്ച്,
പാപിനിയായിരുന്ന മറിയം മഗ്ദലേന ജീവൻ്റെ നല്ല ഭാഗം തിരഞ്ഞെടുത്തു.
ശിഷ്യരെല്ലാം യേശുവിനെ കൈവിട്ടപ്പോഴും,
കുരിശിൻ ചുവട്ടിൽ നിന്നു കൊണ്ട് തൻ്റെ വിശ്വസ്തത അവൾ പ്രകടിപ്പിച്ചു.
അവളുടെ വിശ്വാസത്തെയും വിശ്വസ്തതയെയും കടാക്ഷിച്ച അനശ്വരനായ സൃഷ്ടാവ് അവളെ പരിശുദ്ധ സ്നേഹത്തിൻ്റെ ആദ്യ ഫലമാക്കി.
ഉയിർത്തെഴുന്നേല്പിൻ്റെ സൂചനയായി ,
യേശുവിൻ്റെ ശവകുടീരത്തിൻ്റെ കല്ല് ഉരുട്ടി മാറ്റപ്പെട്ടത് ആദ്യം കാണാൻ സാധിച്ചതും മഹത്വത്തിൽ ഉത്ഥിതനായ ക്രിസ്തുവിൻ്റെ ദർശനം ആദ്യം ലഭിച്ചവളും അവനോട് ആദ്യം സംസാരിച്ചതും ഈ മറിയം മഗ്ദലേന ആയിരുന്നു
കണ്ട കാര്യങ്ങൾ എല്ലാം തൻ്റെ ശിഷ്യരെ അറിയിക്കാൻ കർത്താവ് നിയോഗിച്ചതനുസരിച്ച് ഉത്ഥാനത്തിൻ്റെ ആദ്യ ദൂതുമായി പോകാനുള്ള ഭാഗ്യം ലഭിച്ചതും മറിയം മഗ്ദലേനക്കു തന്നെ.
ക്രിസ്തുസ്നേഹത്താൽ ദഹിക്കുന്ന
മറിയം മഗ്ദലേനക്ക് ജീവൻ്റെ സന്ദേശം ഉത്ഥാന ദർശനത്തിലൂടെ.!
ഒപ്പം തൻ്റെ വിശുദ്ധസഭയിൽ
‘അപ്പസ്തോലന്മാരുടെ അപ്പസ്തോല’
എന്ന പദവിയും,
ഒടുവിൽ മാലാഖമാരാൽ ചിറകിലേറ്റി
സ്വർഗ ഭാഗ്യവും…..
ജീവിതത്തിൻെറ നൈമിഷിക സുഖങ്ങളുടെ വഴിയിലൂടെ സഞ്ചരിച്ച്
മറ്റുള്ളവരുടെ ശിരസ്സു മുതൽ പാദം വരെ കഴുകിയവൾ
ഒരു തിരിച്ചറിവിൻ്റെ വെട്ടം സ്വന്തമാക്കിയപ്പാൾ ….
പിന്നെ അവൾ അവൻ്റെ പാദങ്ങൾ മാത്രം കഴുകാൻ തീരുമാനിച്ചു.
അവളുടെ തിരിച്ചുവരവിന് സ്വർഗം എത്ര വിലകല്പിച്ചു എന്ന് തിരുവെഴുത്തുകളിൽ ഹൃദ്യമായി രേഖപ്പെടുത്തിയിരിക്കുന്നു.
അവൻ്റെ പാദങ്ങൾ കഴുകിയതിനു ശേഷം പിന്നെ ഒരിക്കലും അവൾ പാപ ത്തിൻ്റെ അഴുക്കുചാലിലേയ്ക്ക്പിന്തിരിഞ്ഞു നോക്കിയിട്ടില്ല.
നിൻ്റെ പാദങ്ങൾ കഴുകുവാനും..,
നിൻ്റെ വിശുദ്ധീകരണത്തിനും..,
രക്ഷയ്ക്കും വേണ്ടിയാണ് ക്രിസ്തു
ഈ ഭൂമിയിലേയ്ക്ക് വന്നതെന്ന്
എത്രയോ തവണ വായിച്ചും ധ്യാനിച്ചും
അനുഭവിച്ചും അറിഞ്ഞവരാണ് നമ്മൾ.
എന്നിട്ടും നമ്മളിപ്പോഴും
ഏതൊക്കെയോ പീഠത്തിലിരുന്ന്
എൻ്റെ പാദങ്ങൾ കഴുകാൻ ആരും വന്നില്ല എന്നു പരിതപിക്കുന്നു.
മനസ്സിലാക്കപ്പെടുന്നതിനേക്കാൾ
മനസ്സിലാക്കുന്നതിനും…..,
സ്നേഹിക്കപ്പെടുന്നതിനേക്കാൾ
സ്നേഹിക്കുന്നതിനും …..,
പരിശ്രമിച്ചു തുടങ്ങുമ്പോൾ….
നീ കഴുകുന്നത് അവൻ്റെ കാൽപാദങ്ങളാണെന്ന് മറക്കാതിരിക്കുക.
~ Jincy Santhosh ~
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.