നേത്രരോഗങ്ങളുടെ മധ്യസ്ഥയായ വി. ലൂസിയുടെ കഥ അറിയാമോ?
വിശുദ്ധ ലൂസി സിസിലിയിലെ സൈറകൂസ് എന്ന സ്ഥലത്തെ കന്യകയായ രക്തസാക്ഷിയാണ്.അവളുടെ ജീവിതചരിത്രത്തെ പറ്റി വ്യക്തമായ അറിവില്ലെങ്കിലും പാരമ്പര്യ കഥകളിലൂടെ ഒരു ചിത്രം നമുക്കു ലഭിക്കും.
വിശുദ്ധ ലൂസി സമ്പന്നവും കുലീനവുമായ ഒരു കുടുംബത്തിൽ AD 283 ഇൽ ജനിച്ചു .റോമൻ വേരുകളുള്ള പിതാവ് അവളുടെ ചെറുപ്പത്തിൽ മരിക്കുകയും പിന്നീട് ഗ്രീക്ക് വംശജയായ അമ്മ യുടിച്ചിയയുടെ സംരക്ഷണത്തിൽ വളരുകയും ചെയ്തു. മറ്റു രക്തസാക്ഷികളെ പോലെ ലൂസിയും തന്റെ കന്യകാത്വം ദൈവത്തിനു സമർപ്പിച്ചിരുന്നു. സമ്പന്നയായ ലൂസി പാവപ്പെട്ടവർക്ക് സഹായം ചെയ്യുന്നതിൽ അതീവ തല്പരയായിരുന്നു.
വിവാഹപ്രായമായപ്പോൾ യുടിച്ചിയ ഒരു കല്യാണാലോചന കൊണ്ടുവന്നെങ്കിലും മൂന്നു വർഷം വരെ ലൂസി ആലോചന പല കാരണങ്ങൾ പറഞ്ഞു തള്ളിനീക്കി. അമ്മയുടെ മനസ് മാറുന്നതിനു വേണ്ടി അവൾ അമ്മയോടൊപ്പം വിശുദ്ധ ആഗത്തയുടെ കുഴിമാടത്തിൽ പ്രാർത്ഥിക്കാൻ ചെന്നു.തൽഫലമായി യുടിച്ചിയയുടെ വളരെ കാലം നീണ്ടു നിന്നിരുന്ന രക്തസ്രാവരോഗം സുഖപ്പെട്ടു. അങ്ങനെ അമ്മ അവളുടെ ആഗ്രഹത്തിന് സമ്മതം മൂളി.
ലൂസിയെ വിവാഹം കഴിക്കാൻ ഇരുന്നിരുന്ന യുവാവ് അവൾ ഒരു ക്രിസ്ത്യാനി ആണ് എന്ന വിവരം ഗവർണറെ അറിയിച്ചു. ഗവർണർ അവളുടെ കന്യകാത്വം നശിപ്പിക്കാൻ പദ്ധതിയിട്ടു. അവളെ പിടിച്ചുകൊണ്ട് വരാൻ പടയാളികൾ ശ്രമിച്ചപ്പോൾ അവളെ അനക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല. ലൂസിയെ ഒരു കൂട്ടം കാളകൾഓട് ചേർത്ത് കെട്ടി വലിച്ചു നോക്കിയെങ്കിലും അവരുടെ ശ്രമങ്ങൾ വിഫലമായി. ഇതറിഞ്ഞ ഗവർണർ അവളെ കൊല്ലാൻ ഉത്തരവിട്ടു.
അവളുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ഏറ്റവും ക്രൂരമായ പീഡനങ്ങൾ ഏൽക്കുകയും ചെയ്തു. പിന്നീട് ലൂസിയുടെ ചുറ്റും വിറകുകൾ അടുക്കിവെച്ച് തീകൊളുത്തി എങ്കിലും അത്ഭുതകരമായി തീ അണഞ്ഞു പോയി. അവൾ പടയാളികൾക്കെതിരെ പ്രവചനങ്ങൾ നടത്തിയതിൽ അവർ കുപിതനായി. അങ്ങനെ പടയാളികൾ അവളെ കത്തി കൊണ്ട് കുത്തി കൊന്നു.
അവളുടെ ശരീരം സംസ്കരിക്കാൻ വേണ്ടി ഒരുക്കുന്ന സമയത്ത് ലൂസിയുടെ രണ്ടു കണ്ണുകളും യഥാസ്ഥാനത്ത് ഇരിക്കുന്നതായി കാണപ്പെട്ടു. ഈ സംഭവവും അവളുടെ പേരിൻറെ അർത്ഥവും (ലൂസി എന്നാൽ വെളിച്ചം) കാരണമാണ് ലൂസിയെ തിരുസഭ കണ്ണു സംബന്ധമായ രോഗങ്ങളുടെ മധ്യസ്ഥയായി വണങ്ങുന്നത്. ഡിസംബർ 13 വിശുദ്ധ ലൂസിയുടെ തിരുനാൾ ദിനം ആയി ആചരിക്കുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.