ഇന്നത്തെ വിശുദ്ധന്‍: മഹാനായ വി. ലിയോ മാര്‍പാപ്പാ
November 10 – മഹാനായ വി. ലിയോ മാര്‍പാപ്പാ
സഭയുടെ വേദപാരംഗതനും മാര്‍പാപ്പായുമായ വിശുദ്ധ ലിയോ ഒന്നാമന്‍റെ ഭരണകാലം 440 മുതല്‍ 461 വരെയായിരിന്നു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന സഭാധികാരികളില്‍ ഏറ്റവും പ്രശസ്തനായ ഇദ്ദേഹത്തിന് ‘മഹാനെന്ന’ ഇരട്ടപ്പേര് സഭാ സമൂഹം ചാര്‍ത്തി നല്‍കി. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്ക് വളരെ കുറച്ചേ അറിവുള്ളൂ. റോമന്‍ മെത്രാന്‍ പദവിയുടെ സമുന്നതത്വം പുനസ്ഥാപിക്കുകയും പരിശുദ്ധ സഭയുടെ അന്തസ്സ് വീണ്ടെടുക്കുകയും ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രഥമദൗത്യം. സഭാസംബന്ധിയായ കാര്യങ്ങളിലും രാഷ്ട്രീയ രംഗത്തും ഇത്രയധികം ശോഭിച്ച മറ്റൊരു മാര്‍പാപ്പായും ലോകചരിത്രത്തിലില്ലായെന്ന് പറയപ്പെടുന്നു. ഒരു എഴുത്ത്കാരന്‍ എന്ന നിലയിലും വിശുദ്ധന്റെ നാമം പ്രസിദ്ധമാണ്. ദേവാലയങ്ങളില്‍ അദ്ദേഹം നടത്തിയ നിരന്തര പ്രഭാഷണങ്ങള്‍ ദൈവശാസ്ത്ര സാഹിത്യത്തില്‍ വളരെയേറെ വിലമതിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ചാള്‍സ്ഡോണിന്റെ സമിതി കൂടിയത്.
രാജാവായ അറ്റില്ല, ഇറ്റലി ആക്രമിച്ച സമയത്താണ് ലിയോ ഒന്നാമന്‍ സഭ ഭരിച്ചിരുന്നത്. മൂന്ന് വര്‍ഷത്തെ പിടിച്ചടക്കലിന് ശേഷം അക്ക്യുലിയ പിടിച്ചടക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തതിന് ശേഷം അറ്റില്ല റോമിന് നേരെ തിരിഞ്ഞു. കോപാകുലരായ അറ്റില്ലയുടെ പടയാളികള്‍ പൊ നദി മിനിസിയോയുമായി കൂടിച്ചേരുന്ന ഭാഗം മുറിച്ചുകടക്കുവാനുള്ള ശ്രമം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇവിടെ വച്ച് 452-ല്‍ വിശുദ്ധ ലിയോ അറ്റില്ലയെ തടയുകയും തിരികെ പോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനോടകം വിശുദ്ധ ലിയോ റോമിലേക്ക് തിരിച്ചുപോവുകയും അവിടെ വച്ച് ആഹ്ലാദപൂര്‍വ്വമായ വരവേല്‍പ്പ് ലഭിക്കുകയും ചെയ്തു.
കുറച്ച് കാലങ്ങള്‍ക്ക് ശേഷം ക്രൂരനായ ജെന്‍സെറിക്ക് നഗരത്തില്‍ പ്രവേശിച്ചു. എന്നാല്‍ തന്റെ പരിശുദ്ധ ജീവിതത്തിന്റെ ശക്തിയും ദൈവീക വാഗ്ചാതുര്യവും വഴി വിശുദ്ധന്‍ ജെന്‍സെറിക്കിനെ കൂട്ടക്കുരുതിയില്‍ നിന്നും വിനാശകരമായ പ്രവര്‍ത്തികളില്‍ നിന്നും പിന്തിരിപ്പിച്ചു. 455-ല്‍ ആയിരുന്നു ഇത് നടന്നത്. ആരാധനാക്രമത്തിന്റെ കാര്യത്തിലും അദ്ദേഹം വളരെ ഉത്സുകനായിരുന്നു. ഇദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ ‘ലിനോനിന്‍ സാക്രമെന്ററി’ എന്ന വേദ പുസ്തക സംഗ്രഹം നിരവധി പ്രാര്‍ത്ഥനകളും രചനകളും അടങ്ങിയതാണ്. ആഗമന കാലത്തെ ആരാധന പ്രാര്‍ത്ഥനകള്‍ ചില ദൈവശാസ്ത്രജ്ഞര്‍ ഈ വിശുദ്ധന്‍ രചിച്ചതായി കരുതുന്നു.
വി. ലിയോ മാര്‍പാപ്പാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.