ജീവനെ കൈയിലെടുത്ത് ഓടിയ യൗസേപ്പിതാവ്‌

~ അഭിലാഷ് ഫ്രേസര്‍ ~

 

ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും! ഇങ്ങനെ പറഞ്ഞൊരാളുടെ അപ്പനാണ് യൗസേപ്പ് പിതാവ്. പ്രപഞ്ചത്തിന്റെ പ്രാണന്‍ സ്പന്ദിക്കുന്നത് തൊട്ടടുത്ത് നിന്ന് കേട്ടയാള്‍. ഉലകത്തിന്റെ പ്രാണനായവന്റെ പ്രാണന്‍ അകാലത്തില്‍ അസ്തമിക്കാതിരിക്കാന്‍ മരുഭൂമിയിലൂടെ അന്യദേശത്തേക്ക് ഓടിപ്പോയവന്‍…

ആ ചിത്രം ഒന്ന് സങ്കല്‍പിച്ചു നോക്കുക. പ്രപഞ്ചത്തിന്റെ ജീവനെ തുണിയില്‍ പൊതിഞ്ഞു പിടിച്ച് മരുഭൂമിയിലെ കൊടും ചൂടിലും രാത്രിയിലെ കൊടും തണുപ്പിലും പലായനം ചെയ്യുന്നൊരാള്‍. ‘ജീവനും’ കൊണ്ട് ഓടുന്നയാള്‍. ജീവന് കാവല്‍ നില്‍ക്കുകയും ജീവനെ പൊതിഞ്ഞു പിടിക്കുകയും ചെയ്തയാള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് നല്ല മരണത്തിന്റെ മധ്യസ്ഥനാകാന്‍ കഴിയുക!

ജീവനും കൊണ്ടോടുന്നയാളെ മരണത്തിന് എങ്ങനെ കീഴടക്കാനാകും!

അവസാന ശ്വാസം വരെ അയാളുടെ നെഞ്ചിന്‍കൂടിനുള്ളലുണ്ടായിരുന്നു, ഉലകത്തിന്റെ പ്രാണന്‍, പ്രപഞ്ചത്തിന്റെ ജീവന്‍! ആ മനുഷ്യനെ ഏത് മരണത്തിനാണ് കീഴടക്കാനാവുക. ആ മിഴിപൂട്ടല്‍ പോലും പ്രശാന്തസുന്ദരമായൊരു നിദ്ര മാത്രം. ജീവനെ മാറോട് ചേര്‍ത്ത് നിതാന്തമോഹനമായ ഒരു ഉറക്കം.

എന്തൊരു മൗനമാണ് വി. യൗസേപ്പിതാവിന് എന്ന് ബൈബിള്‍ വായിക്കുമ്പോഴെല്ലാം അത്ഭുതപ്പെട്ടു പോകുന്നു. കണ്‍മുന്നില്‍ ഇതള്‍വിരിയുന്ന വചനം എന്ന നിഗൂഢതയുടെ മുന്നില്‍ ധ്യാനമൂകനാണ് ഋഷിതുല്യനായ ആ മനുഷ്യന്‍. ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനാകേണ്ടതല്ലയോ എന്നു മകന്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ പുറംതള്ളപ്പെടുന്ന ഒരു മാനുഷികപിതാവിന്റെ മനസ്സുണ്ട്. എന്നാല്‍ ആഴമുള്ള ധ്യാനത്തിന്റെ നദിയിലേക്കാണ് യേശുവെന്ന പന്ത്രണ്ടുകാരന്റെ വാക്ക് യൗസേപ്പിനെ കൂട്ടിക്കൊണ്ടു പോകുന്നത്. അവിടെ ഒരു വാക്കും വി. യൗസേപ്പിന്റേതായില്ല. അനശ്വരനായ പിതാവിന്റെ ഓര്‍മയെ ധ്യാനിക്കുകയായിരിക്കാം, അദ്ദേഹം. ആ പിതാവിന്റെ ഓര്‍മയ്ക്കു മുന്നില്‍ യൗസേപ്പ് യേശുവിന്റെ സഹോദരനാകുന്നു. ഒരേ പിതാവിന്റെ മക്കള്‍!

കണ്ണു കെട്ടി മാത്രം പോകേണ്ട അജ്ഞാതസ്ഥലിയായിട്ടാണ് മരണത്തെ മനുഷ്യന്‍ എന്നും കണ്ടിരുന്നത്. എന്താണവിടെ എന്നറിയാത്തതിലുള്ള അമ്പരപ്പ്. പകപ്പ്. ഭീതി. ആകുലത. എന്നാല്‍ യൗസേപ്പിതാവ് മരണം കാത്തു കിടന്നപ്പോള്‍ തൊട്ടുമുന്നില്‍ നിന്നത് എല്ലാ മിഴികളും തുറക്കുന്ന പ്രകാശമായിരുന്നു!

കണ്ണുകെട്ടി നടന്നു പോകുന്നവരുടെ യാത്രയില്‍ ഒരാള്‍ ആദ്യമായി കണ്ണു തുറന്നു യാത്രയാകുന്നു. കാരണം ഉള്‍ക്കണ്ണിലാകെ വെളിച്ചമാണ്. ജീവനായവന്റെ വെളിച്ചം. അജ്ഞാതസ്ഥലിയില്‍ നിന്നു വന്നവനാണ് ഇക്കാലമത്രയും കൂടെയുണ്ടായിരുന്നതും ഈ വിനാഴികയില്‍ കൂടെയുള്ളതും. മനുഷ്യനെ ഭീതിപ്പെടുത്തുന്ന ആ അജ്ഞാതസ്ഥലി ഭാഗ്യപ്പെട്ട ആ തച്ചന് ഇനിമേല്‍ അപരിചിതമല്ല. തന്റെ വളര്‍ത്തു മകന്‍ വിട്ടിറങ്ങിപ്പോന്ന ജന്മഗേഹമാണ്. അവന്റെയും തന്റെയും പിതാവിന്റെ വാസസ്ഥാനമാണ്. സമ്മോഹനമായ ഈ യാത്രയ്ക്കായി ഒരുക്കുന്ന മരണമേ, നീ സൗഭാഗ്യമല്ലാതെ മറ്റെന്ത്?

പരമ്പരാഗതമായി, യൗസേപ്പിതാവിന്റെ മരണം ഭാഗ്യപ്പെട്ടതായി കണക്കാക്കുന്നതിന്റെ പ്രധാനകാരണം അദ്ദേഹത്തിന്റെ മരണനേരത്ത് തൊട്ടരികില്‍ ദൈവപുത്രനും ദൈവമാതാവും ഉണ്ടായിരുന്നു എന്നതാണ്. രണ്ടു പേരും ഹൃദയം കൊണ്ട് സദാ സ്വര്‍ഗത്തില്‍ ജീവിച്ചവര്‍. ഒരു നിമിഷാര്‍ദ്ധം പോലും ദൈവപിതാവുമായുള്ള ഹൃദയബന്ധം നഷ്ടപ്പെടാത്തവര്‍. അങ്ങനെയുള്ള രണ്ടു പേര്‍ ഇരുവശവും നില്‍ക്കുമ്പോള്‍ ഈ യാത്ര സങ്കടകരമല്ലാതാകുന്നു. ഞാന്‍ മുമ്പേ പോകുന്നു. പോകുമ്പോഴും ആത്മാവില്‍ നമ്മുടെ ബന്ധം കൂടുതല്‍ ദൃഢമാകുന്നു. കൂടുതല്‍ ആഴമുള്ളതും സനാതനവുമാകുന്നു.

വന്ദ്യയായ മരിയ ഡി അഗ്രദ എന്നൊരു വിശുദ്ധവനിതയ്ക്ക് വി. യൗസേപ്പിതാവിന്റെ മരണത്തെ കുറിച്ച് ദര്‍ശനങ്ങള്‍ ലഭിച്ചിട്ടുണ്ട്. താന്‍ കണ്ട കാഴ്ചയെ കുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെയാണ്:
‘വി. യൗസേപ്പ് മരണമടയുന്നതിന്റെ തലേന്ന് ദൈവിക സ്‌നേഹത്താല്‍ എരിഞ്ഞ് അദ്ദേഹം ഒരു യോഗവിസ്മൃതിയില്‍ ആണ്ടു പോയി. ആ അനുഭൂതിയില്‍ അദ്ദേഹം ദൈവികസത്തയെ ദര്‍ശിച്ചു. താന്‍ അതുവരെ വിശ്വാസത്താല്‍ മാത്രം കണ്ടിട്ടുള്ള ദൈവത്തെ അദ്ദേഹം നേര്‍ക്കുനേര്‍ ദര്‍ശിച്ചു – അപരിമേയനായ ത്രിതൈ്വക ദൈവത്തെ. മനുഷ്യാവതാരത്തിന്റെയും പരിത്രാണത്തിന്റെയും രഹസ്യങ്ങളും സഭയും കൂദാശകളും വിശ്വാസരഹസ്യങ്ങളുമെല്ലാം അദ്ദേഹം കണ്ടു. പാതാളത്തില്‍ കഴിഞ്ഞിരുന്ന പിതൃക്കളുടെ പക്കലേക്ക് ത്രിതൈ്വക ദൈവം യൗസേപ്പിനെ ഒരു ദൂതനായി അയച്ചു. നിത്യസൗഭാഗ്യത്തിനായി അവരെ ഒരുക്കാനുള്ള ചുമതല ദൈവം ഏല്‍പിച്ചത് യൗസേപ്പിതാവിനെയായിരുന്നു.’

യൗസേപ്പിതാവിന്റെ മരണാനുഭവത്തെ കുറിച്ച് വി. ഫ്രാന്‍സിസ് ഡി സാലെസിന്റെ വീക്ഷണം ഹൃദ്യമാണ്. അന്ത്യവിനാഴികയില്‍ അദ്ദേഹം യേശുവിനോട് ഇപ്രകാരം പറഞ്ഞിരിക്കാാമെന്ന് വിശുദ്ധന്‍ അനുമാനിക്കുന്നു: ‘ഓ എന്റെ കുഞ്ഞേ! നിന്റെ സ്വര്‍ഗീയ പിതാവ് ഒരിക്കല്‍ നിന്റെ ഇളംമേനി എന്റെ കരങ്ങളില്‍ വച്ചു തന്നു. ഇന്ന്, ഈ ഭൂമി വിട്ട് ഞാന്‍ മടങ്ങുന്ന ദിനത്തില്‍, ഈയുള്ളവന്‍ എന്റെ ആത്മാവിനെ നിന്റെ കരങ്ങളില്‍ ഏല്‍പിക്കുന്നു!’

‘ഞാന്‍ നല്ല ഓട്ടം ഓടി. ഞാന്‍ നന്നായി പൊരുതി…’ വി. പൗലോസിന്റെ വാക്കുകള്‍ക്കെന്തു ഭംഗിയാണ്! മരണത്തിനൊരുങ്ങുന്നവന്റെ വാക്കുകളാണിതെന്നോര്‍ക്കണം. ഈ വാക്കുകള്‍ ധ്യാനിക്കുമ്പോള്‍ മരണത്തിന്റെ കറുത്ത നിഴല്‍ നീങ്ങുന്നു. മരണം പ്രത്യാശാനിര്‍ഭരവും പ്രകാശമാനവുമാകുന്നു. ഒരു യാത്ര ശുഭകരമായി അവസാനിച്ചിരിക്കുന്നു എന്ന പ്രതീതിയാണ് ആ വാക്കുകള്‍ പകരുന്നത്.

യൗസേപ്പിതാവിന്റെ മരണത്തിനും ഈ കുറിപ്പ് നന്നായി ചേരും. വിജയകരമായി ഓട്ടം ഓടിത്തീര്‍ത്ത ഒരാള്‍. ദൈവപുത്രന് കാവലും തണലുമാവുക എന്ന ദൗത്യം അതിന്റെ പരിപൂര്‍ണതയില്‍ നിര്‍വഹിച്ച ആള്‍. എന്തൊരു സംതൃപ്തിയായിരിക്കും അദ്ദേഹം തന്റെ മരണവിനാഴികയില്‍ അനുഭവിച്ചിട്ടുണ്ടാവുക! പ്രപഞ്ചത്തിന്റെ രക്ഷയ്ക്കാണ് താന്‍ ജീവിതം കൊണ്ട് കുട പിടിച്ചു നിന്നത് എന്ന ബോധം എന്തൊരു നിര്‍വൃതിയാണ് അദ്ദേഹത്തിന് പകര്‍ന്നു കൊടുത്തിട്ടുണ്ടാവുക! ആ രക്ഷ തന്റെ മുന്നില്‍ ഒരു വൃക്ഷം പോലെ പൂവിടുന്നത് അദ്ദേഹം കാണുന്നുണ്ട്. മകന്‍ വളരുകയാണ്, അവന്റെ വചനം ഹൃദയങ്ങളില്‍ പന്തിലിക്കുന്നു. അവന്‍ രാജ്യം വളരുന്നു; ഇനിയും വളരും, കാലത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക്….

മരണഭീതി തോല്‍ക്കുന്ന നിമിഷമാണിത്. ഒരു വഴി ചെന്നവസാനിക്കുന്നവന്റെ സങ്കടമല്ല, അനശ്വരമായി ഒരു വാതിലിലേക്ക് കടന്നു പോകുന്നവന്റെ അവാച്യമായ ആഹ്ലാദമാണ് വി. യൗസേപ്പിന്റെ അവസാനത്തെ ഭാഗധേയം. പ്രകാശത്തിന്റെ ഒരു മഹാനദിയിലേക്ക് ഇറങ്ങുന്നവനെ പോലെ, അപാരമായ ജീവന്റെ ആകാശത്തിലേക്ക് ചിറകടിച്ചുയരുന്ന പക്ഷിയെ പോലെ അദ്ദേഹം കടന്നു പോയി. ദൈവപുത്രനും ദൈവമാതാവും അദ്ദേഹത്തിന്റെ കരം ചേര്‍ത്തു പിടിച്ച് ഹൃദയം കൊണ്ട് അദ്ദേഹത്തെ അനുയാത്ര ചെയ്തു….

മരണം നിഴല്‍ വീഴ്ത്തുന്ന പരീക്ഷണവേളയില്‍ പിതാവേ, ഞങ്ങള്‍ക്കു തണലായിരിക്കുക, തുണയായിരിക്കുക! ഭയത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്ന ആ കവാടത്തിങ്കല്‍ ഞങ്ങളുടെ കരം പിടിക്കുക. ഞങ്ങളെ ചേര്‍ത്തു പിടിച്ചു കൊണ്ടു പോവുക, ജീവന്റെ അതിരില്ലാത്ത ആകാശത്തിലേക്ക്…

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles