യൗസേപ്പിതാവും വിന്‍സെന്റ് ഡി പോളും

ഉപവിപ്രവര്‍ത്തനങ്ങളുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 27-നു ആചരിക്കുന്നു. പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാല്‍ കാരുണ്യത്തിന്റെ മദ്ധ്യസ്ഥന്‍ എന്നും അറിയപ്പെടുന്ന വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ ഉപവി പ്രവര്‍ത്തനങ്ങളാല്‍ സ്വര്‍ഗ്ഗം കരസ്ഥമാക്കിയ ധീരാത്മാവാണ്.
വി.വിന്‍സെന്റിന്റെ രണ്ടു പ്രബോധനങ്ങളാണ് ഇത്തത്തെ ജോസഫ് ചിന്തയുടെ ആധാരം
‘ദൈവത്തോടു വിശ്വസ്തനായിരുന്നാല്‍ ഒന്നിനും നമുക്കും കുറവുണ്ടാവുകയില്ല.’ എന്നതാണ് ഒന്നാമത്തെ ചിന്ത.
ദൈവത്തോടു എല്ലാക്കാലത്തും വിശ്വസ്തനായിരുന്ന യൗസേപ്പിതാവിന്റെ ജീവിതം അനുഗ്രഹങ്ങളുടെ നിറവായിരുന്നു. വിശ്വസ്തതയുടെ മേലങ്കി അവന് അണിഞ്ഞപോള് അവനെ സമീപിച്ചവരെല്ലാം സംതൃപ്തരായി. തിരുസഭ അവനെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി വണങ്ങുമ്പോള്‍ അവനെ സമീപിക്കുന്ന ആരും വെറും കൈയ്യോടെ മടങ്ങുകയില്ല എന്ന ഉറപ്പുതരുന്നു.
രണ്ടാമത്തെ ചിന്ത ‘എപ്പോഴും ലാളിത്യവും ആത്മാര്‍ത്ഥതയും ഉള്ളവരായിരിക്കുവിന്‍ ഈ രണ്ട് പുണ്യങ്ങളും ലഭിക്കാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുക ‘ എന്നതാണ്. ജീവിത ലാളിത്യവും ആത്മാര്‍ത്ഥതയും യൗസേപ്പിതാവിന്റെ എടുത്തു പറയേണ്ട രണ്ടു സ്വഭാവസവിശേഷതകള്‍ ആയിരുന്നു. ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെ ഈ രണ്ടു ഗുണങ്ങളും അവനില്‍ പരസ്പരം പൂരകങ്ങളായി. ലാളിത്യം ആ പിതൃസ്വഭാവത്തില്‍ നിറഞ്ഞപ്പോള്‍ അതു തിരു കുടുംബത്തിന്റെ ശക്തിയായി. ആത്മാര്‍ത്ഥത അവന്റെ കര്‍മ്മമണ്ഡലത്തില്‍ വേരു പാകിയപ്പോള്‍ സ്വര്‍ഗ്ഗം പോലും ആദരവു നല്കി
ആത്മാര്‍ത്ഥതയും ജീവിത ലാളിത്യവും നമ്മുടെയും സ്വഭാവത്തിന്റെ ഭാഗമാക്കി വിശ്വസ്തരായി വളരാന്‍ യൗസേപ്പിതാവും വിന്‍സെന്റ് ഡി പോളും നമ്മെ സഹായിക്കട്ടെ.
~ ഫാ. ജയ്സണ്‍ കുന്നേല്‍ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.