നല്ല മരണത്തിനായി വി. യൗസേപ്പ് പിതാവിനോടുള്ള പ്രാര്‍ത്ഥന
മനുഷ്യനെ ഏറ്റവും അധികം കുഴയ്ക്കുകയും ആകുലപ്പെടുത്തുകയും ചെയ്യുന്ന ഒരു സമസ്യയാണ് മരണം. പ്രത്യേകിച്ച് ഒരാള്‍ മരണക്കിടക്കയില്‍ മരണം കാത്തു കിടക്കുമ്പോള്‍. മരിച്ചു കഴിയുമ്പോള്‍ നമുക്ക് എന്തു സംഭവിക്കും, നിത്യജീവന്‍ പ്രാപിക്കാന്‍ സാധിക്കുമോ എന്നുള്ള ആകുലത നമ്മെ അലട്ടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മെ സഹായിക്കാന്‍ കഴിവുള്ള ഒരാളാണ് നല്ല മരണത്തിന്റെ മധ്യസ്ഥനായ വി. യൗസേപ്പ് പിതാവ്.
വി. യൗസേപ്പ് എന്നാണ് മരിച്ചത് എന്ന് ആര്‍ക്കും അറിയില്ല. എങ്കിലും യേശുവിന്റെ കുരിശു മരണത്തിന് മുമ്പ് അദ്ദേഹം മരിച്ചിട്ടുണ്ടാകണം എന്ന് ഭൂരിഭാഗം പണ്ഡിതരും വിശ്വസിക്കുന്നു. അതിനാല്‍ യേശുവിന്റെയും മാതാവിന്റെ കരങ്ങളില്‍ കിടന്നാവണം അദ്ദേഹം മരിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. അത്ര സൗഭാഗ്യകരമായൊരു മരണം ആര്‍ക്കാണ് ലഭിക്കുക? യൗസേപ്പു പിതാവിനെ നന്മരണ മധ്യസ്ഥനായി കത്തോലിക്കാ സഭ പ്രഖ്യാപിക്കാനുള്ള കാരണം ഇതാണ്.
ഇതാ, നല്ല മരണത്തിനൊരുങ്ങുവാന്‍ വി. യൗസേപ്പ് പിതാവിനോടുള്ള ഹൃദ്യമായൊരു പ്രാര്‍ത്ഥന:
ഓ ഭാഗ്യപ്പെട്ട യൗസേപ്പേ,
യേശുവിന്റെയും മറിയത്തിന്റെയും കരങ്ങളില്‍ കിടന്ന് അന്ത്യശ്വാസം വലിക്കുവാനുള്ള അപൂര്‍വ ഭാഗ്യം അങ്ങേയ്ക്ക് സിദ്ധിച്ചുവല്ലോ. ഓ വിശുദ്ധനായ യൗസേപ്പേ, സ്തുതിച്ചു കൊണ്ട് എന്റെ ആത്മാവിനെ സമര്‍പ്പിക്കാനും നാവു കൊണ്ട് ഈശോ മറിയം യൗസേപ്പേ എന്നു ഉച്ചരിക്കാന്‍ കഴിയാതെ വന്നാല്‍ ആത്മീയമായി ഉച്ചിരിക്കാനുമുള്ള കൃപ അങ്ങ് എനിക്കായി നേടിത്തരണമേ.
ആമ്മേന്‍.