ജോസഫ് – മാതാവിൻ്റെ വിമലഹൃദയത്തിൻ്റെ ഏറ്റവും വലിയ ആശ്വാസകൻ
യൗസേപ്പിതാവ് മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ ഏറ്റവും വലിയ ആശ്വാസകൻ ആണ്. മറിയത്തിൻ്റെ വ്യാകുല ഹൃദയത്തിൻ്റെ ദുഃഖങ്ങൾ ഏറ്റവും കൂടുതൽ പങ്കുപറ്റിയതും യൗസേപ്പിതാവായിരുന്നു. നീതിമാനും ഭക്തനുമായ യഹൂദനായിരുന്നു യൗസേപ്പിന് ഈശോയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളെയും മരണത്തെയും കുറിച്ചുള്ള പഴയ നിയമ പ്രവചനങ്ങൾ അറിയാമായിരുന്നു. ദൈവ ദൂതൻ്റെ നിർദ്ദേശപ്രകാരം മറിയത്തെ ഭാര്യയായി സ്വീകരിച്ച നാൾ മുതൽ മരണം വരെ മറിയത്തോടൊത്തു ദൈവഹിതപ്രകാരം സഞ്ചരിച്ച യൗസേപ്പിനെപ്പോലെ മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ ശക്തിയും പരിശുദ്ധിയും തിരിച്ചറിഞ്ഞ വേറൊരു മനുഷ്യ വ്യക്തിയും ചരിത്രത്തിൽ ഉണ്ടാവില്ല.
ശിമയോൻ്റെ പ്രവചനം മറിയത്തിൻ്റെ ഹൃദയത്തിലൂടെ തുളച്ചു കയറിയപ്പോൾ മറിയം യൗസേപ്പിതാവു കൂടെയുണ്ടായിരുന്നു “ഇവന് ഇസ്രായേലില് പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്ച്ചയ്‌ക്കും കാരണമാകും. ഇവന് വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള് വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള് തുളച്ചുകയറുകയും ചെയ്യും. (ലൂക്കാ 2 :34 – 35 ).
1956 ൽ സി. മേരി എഫ്രേം നൊയ്സ്സെലിനു വിശുദ്ധ യൗസേപ്പിതാവു നൽകിയ സ്വകാര്യ വെളിപാടിൽ ഈശോയുടെയും മറിയത്തിൻ്റെയും സഹനങ്ങൾ യൗസേപ്പിതാവിനു മുൻകൂട്ടി അറിയാമായിരുന്നു എന്നു സാക്ഷ്യപ്പെടുത്തുന്നു : ” ഈശോയുടെയും മറിയത്തിൻ്റെയും ഹൃദയങ്ങളോടൊപ്പം എൻ്റെ ഹൃദയവും സഹനത്തിൽ പങ്കുചേർന്നു. എൻ്റേത് ഒരു നിശബ്ദ സഹനമായിരുന്നു. പരിശുദ്ധ കന്യകാമറിയത്തെയും ഉണ്ണിശോയെയും മനുഷ്യരുടെ ദ്രോഹത്തിൽ നിന്നും വിദ്വേഷത്തിൽ നിന്നും സംരക്ഷിക്കുക എന്നത് എൻ്റെ സവിശേഷമായ ദൈവവിളിയായിരുന്നു. അവരുടെ സഹനങ്ങളെക്കുറിച്ച് എനിക്ക് മുൻകൂട്ടി അറിയാമായിരുന്നു എന്നതായിരുന്നു എൻ്റെ സഹനങ്ങളിൽ വച്ച് ഏറ്റവും വേദനാജനകമായത്. അവരുടെ ഭാവി സഹനങ്ങളെക്കുറിച്ചുള്ള അറിവ് എൻ്റെ അനുദിന കുരിശുകളായി മാറി. ഞാൻ എൻ്റെ വിശുദ്ധ പങ്കാളിയോടൊത്തു മനുഷ്യ വംശത്തിൻ്റെ രക്ഷയുടെ ഭാഗഭാക്കായി. അനുകമ്പയോടെ ഈശോയുടെയും മറിയത്തിൻ്റെയും സഹനങ്ങളിൽ ലോക രക്ഷയിൽ മറ്റാരും സഹകരിക്കാത്ത രീതിയിൽ ഞാൻ സഹകരിച്ചു.”
ഫാത്തിമയിൽ പരിശുദ്ധ മറിയം ദർശനം നൽകിയ വിശുദ്ധ ജസീന്തക്കു നൽകിയ ഒരു സന്ദേശത്തോടെ വിമലഹൃദയ തിരുനാൾ ദിനത്തിലെ ജോസഫ് ചിന്ത അവസാനിപ്പിക്കാം: “എന്റെ വിമലഹൃദയത്തിലൂടെ ദൈവം കൃപകൾ വർഷിക്കുമെന്നു എല്ലാവരോടും പറയുക. എന്നോടു കൃപകൾ ചോദിക്കാൻ അവരോടു പറയുക, യേശുവിന്റെ തിരുഹൃദയം മറിയത്തിന്റെ വിമലഹൃദയം അംഗീകരിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ആഗ്രഹിക്കുന്നു. എന്റെ വിമല ഹൃദയത്തിൽ നിന്നു സമാധാനം തേടുക, ദൈവം എന്റെ വിമല ഹൃദയത്തിലൂടെ ലോകത്തിൽ സമാധാനം വർഷിക്കാൻ ആഗ്രഹിക്കുന്നു”
~ Fr Jaison Kunnel MCBS ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.