ക്ഷമയുടെ മാതൃകയായ പഴയ നിയമത്തിലെ ജോസഫിനെ കുറിച്ചറിയേണ്ടേ?
യൗസേപ്പിന്റെ ചരിത്രം നമുക്ക് അജ്ഞാതമല്ല. പിതാവ് തങ്ങളെക്കാൾ അധികമായി യൗസേപ്പിനെ സ്നേഹിക്കുന്നു എന്നു കണ്ട് അസൂയപൂണ്ട സഹോദരന്മാർ അവനെ കൊല്ലാൻ ശ്രമിക്കുന്നു. പിന്നെ ഈജിപ്തുകാർക്ക് വിൽക്കുന്നു. അസൂയയും സ്വാർത്ഥതയും നിറഞ്ഞ അവരുടെ ഉള്ളിൽ കുഞ്ഞനുജനോട് അല്പംപോലും അലിവോ സഹതാപമോ ഉണ്ടായിരുന്നില്ല. എന്നാൽ ചേട്ടന്മാരെ ജീവനുതുല്യം സ്നേഹിച്ച ജോസഫിന് ആകട്ടെ അവരുടെ ഈ പ്രവർത്തി ഹൃദയഭേദകമായിരുന്നു.
പിതാവിനെയും സഹോദരന്മാരെയും കാണാതെ വർഷങ്ങൾ ഈജിപ്തിൽ തള്ളിനീക്കിയപ്പോഴും ജോസഫിന് അവരോടുള്ള സ്നേഹം അൽപംപോലും കുറഞ്ഞില്ല. മറിച്ച് അവരുടെ പ്രവർത്തി ദൈവത്തിന്റെ ഇടപെടലായാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്.
“എന്നെ ഇവിടെ വിറ്റതോര്‍ത്ത് നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി ദൈവമാണ് എന്നെ നിങ്ങള്‍ക്കുമുന്‍പേ ഇങ്ങോട്ടയച്ചത്.”(ഉല്‍പത്തി 45 : 5)
പിതാവിനെയും സഹോദരന്മാരെയും കാണുമ്പോൾ അവരുടെ മുന്നിൽ നിന്നും മാറി നിന്ന് പലതവണ അവൻ കരയുന്നുണ്ട്. എന്നാൽ അവർക്ക് ജോസഫിനെ മനസ്സിലാകുന്നില്ല. എന്നാൽ എല്ലാമറിയുന്ന ദൈവം ജോസഫിനെ മനസിലാക്കി. ജോസഫ് തന്നെ കൊല്ലാൻ ശ്രമിക്കുകയും ഈജിപ്തുകാർക്ക് വിൽക്കുകയും ചെയ്ത സഹോദരന്മാരെ അത്രയ്ക്കധികം സ്നേഹിക്കുകയും പരിപൂർണ്ണമായി ക്ഷമിക്കുകയും ചെയ്തതു കൊണ്ടാണ് ഈജിപ്തിൽ ഇത്ര ഉന്നതമായ സ്ഥാനം നൽകി ദൈവം അവനെ അനുഗ്രഹിച്ചത്. വേദനിപ്പിക്കുന്നവരോട് ഇപ്രകാരം ക്ഷമിക്കുന്നത് ദൈവത്തിന് പ്രീതികരമാണ്. ജോസഫ് സഹോദരന്മാരോട് ക്ഷമിച്ചപ്പോൾ, അവനിപ്പോഴും തങ്ങളെ സ്നേഹിക്കുന്നു എന്ന് അവർ മനസ്സിലാക്കിയപ്പോൾ, അവരുടെ ഉള്ളിൽ പശ്ചാത്താപവും ഉണ്ടായി.
പീഡിപ്പിക്കുന്നവരോടുള്ള ഈ ക്ഷമിക്കുന്ന സ്നേഹം അവരെ പശ്ചാത്താപത്തിലേക്ക് നയിക്കും എന്ന് ജോസഫിന്റെ കഥ നമ്മെ പഠിപ്പിക്കുന്നു. ഇതുതന്നെയാണ് ക്രിസ്തു കുരിശിൽ നമുക്ക് കാണിച്ചു തന്ന സ്നേഹവും. ജോസഫിന്റെ ഈ നല്ല മാതൃക നമുക്കും അനുകരിക്കാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.