വിവാഹശേഷം വി. യൗസേപ്പിതാവ് പരി. മറിയത്തോടൊപ്പം നസ്രത്തിലേക്ക് താമസം മാറിയത് എന്തിനെന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 42/100

നേരം പുലര്‍ന്നപ്പോഴാണ് തനിക്ക് നസ്രത്തില്‍ ഒരു ചെറിയ ഭവനം ഉണ്ടെന്നുള്ള കാര്യം ഓര്‍ക്കുന്നുവെന്ന് മറിയം ജോസഫിനെ അറിയിച്ചത്. തങ്ങളുടെ രണ്ടുപേരുടെയും ജന്മസ്ഥലമായ അവിടെയുള്ള ആ കൊച്ചുഭവനം നമ്മള്‍ രണ്ടുപേര്‍ക്കും മതിയാകുമെന്നും അവള്‍ അഭിപ്രായപ്പെട്ടു. തീര്‍ച്ചയായും അവരുടെ ദാരിദ്ര്യത്തില്‍ ഏത് ചെറിയ ഭവനവും അവര്‍ക്ക് മതിയാകുമായിരുന്നു. അവരുടെ മറ്റെല്ലാക്കാര്യങ്ങളിലും ദൈവം തന്റെ തിരുമനസ്സ് വെളിപ്പെടുത്തുവാന്‍ തിരുമനസ്സായപോലെ ഈ കാര്യത്തിലും അവിടുത്തെ ഇഷ്ടമെന്തെന്ന് അറിയുവാനായി അവിടുന്നില്‍നിന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പ്രാപിക്കാന്‍ വേണ്ടി ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കാനുള്ള അവളുടെ സന്നദ്ധത അവള്‍ പ്രകടിപ്പിച്ചു. ദൈവത്തിന്റെ ഇഷ്ടമെന്തെന്ന് മറിയം മുന്‍കൂട്ടി അറിഞ്ഞിരുന്നു. എങ്കിലും അത് അവള്‍ ഉള്ളില്‍ സംഗ്രഹിച്ചു. കാരണം എല്ലാകാര്യങ്ങളിലും ജോസഫിന്റെ തീരുമാനങ്ങളോടും പ്രവര്‍ത്തനങ്ങളോടും പൂര്‍ണമായി വിധേയപ്പെടുവാന്‍ അവള്‍ ആഗ്രഹിച്ചു. അതിനുവേണ്ടി ദൈവം തന്റെ അഭീഷ്ടം ജോസഫിന് നേരിട്ട് വ്യക്തമാക്കിക്കൊടുക്കുവാനായി അവള്‍ കാത്തിരുന്നു.

അന്നേദിവസം രാവിലെതന്നെ അവര്‍ ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. അവര്‍ നസ്രത്തില്‍ പോയി ജീവിക്കണമെന്ന് ദൈവം ജോസഫിന് വെളിപ്പെടുത്തിക്കൊടുത്തു. അതേസമയം പരിശുദ്ധ മറിയത്തിനും ഇക്കാര്യത്തെ സംബന്ധിച്ച് ദൈവം വ്യക്തമായ ഉറപ്പു നല്‍കി. തങ്ങളുടെ എളിയ താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ തങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം നിറവേറ്റുന്നതിന് താന്‍ എന്തു ചെയ്യണമെന്നാണ് മറിയത്തിന്റെ അഭിപ്രായമെന്ന് ജോസഫ് അവളോട് ആരാഞ്ഞു. മറുപടിയായി ദൈവം അവനു വെളിപ്പെടുത്തിക്കൊടുത്തത് അവളോടു പറയുവാന്‍ അവനെ ഉപദേശിക്കുകയാണ് അവള്‍ ചെയ്തത്.

വിശുദ്ധന്‍ എല്ലാക്കാര്യങ്ങളും അവളോട് പങ്കുവച്ചു. ഒപ്പം ദൈവം അവള്‍ക്ക് കൂടുതലായി വെളിപ്പെടുത്തിക്കൊടുത്തിട്ടുള്ള ഏതു കാര്യവും ചെയ്യുവാനുള്ള സന്നദ്ധതയും അവന്‍ അവളെ അറിയിച്ചു. ജോസഫ് പറഞ്ഞതെല്ലാം ഉറപ്പിക്കുക മാത്രമാണ് മറിയം ചെയ്തത്. നസ്രത്തിലേക്ക് തിരികെ പോകുകയെന്നത് ദൈവതിരുമനസ്സാണെന്ന് അവള്‍ വിശ്വസിച്ചു. ഇത് കൂടുതല്‍ വ്യക്തമാക്കി തന്നതിന് അവള്‍ ദൈവത്തിന് നന്ദിയര്‍പ്പിച്ചു. എത്രയും പെട്ടെന്ന്, അതായത് അടുത്ത ദിവസം തന്നെ യാത്ര തിരിക്കുവാന്‍ അവര്‍ തീരുമാനിച്ചു. താന്‍ ഏറ്റിരുന്ന ജോലികളെല്ലാം നേരത്തെതന്നെ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നതിനാല്‍ നസ്രത്തിലേക്കു പോകുവാന്‍ ജോസഫിന് തടസ്സങ്ങളൊന്നുമില്ലായിരുന്നു.

ജറുസലേമില്‍ നിന്നുള്ള അവരുടെ യാത്രയ്ക്ക് ഭാരം വഹിക്കാനായി ഒരു മൃഗത്തെ വാടകയ്‌ക്കെടുത്തു. തന്റെ തൊഴിലിനാവശ്യമായ സാധനങ്ങളും തുച്ഛമായ തന്റെ വസ്തുക്കളും അതിന്റെ ചുമലില്‍ വച്ചുകെട്ടി. പട്ടണം വിട്ടുപോരുന്നതിനു മുമ്പ് വിശുദ്ധരായ ആ ദമ്പതികള്‍ പ്രാര്‍ത്ഥിക്കുവാനായി ദേവാലയത്തില്‍ പ്രവേശിച്ച് തങ്ങളുടെ വിവാഹവാഗ്ദാനം നടത്തിയ പുരോഹിതനെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ആശീര്‍വാദവും വാങ്ങി. തന്നോടൊപ്പമുണ്ടായിരുന്ന ദേവാലയത്തിലെ കന്യകമാരെ കണ്ട് മറിയം യാത്ര പറഞ്ഞു. ഒപ്പം അവരുടെ കാര്യസ്ഥന്മാരുടെ ആശീര്‍വാദവും അവള്‍ സ്വീകരിച്ചു. വിശുദ്ധ നഗരവും ദേവാലയവും വിടുന്നതിനു മുമ്പ് അവസാനമായി ഒരിക്കല്‍ക്കൂടി അവര്‍ ദൈവത്തിന് ആരാധനയും സ്തുതിയും നന്ദിയും അര്‍പ്പിച്ചു.

വിശുദ്ധനായ ജോസഫിന് ജറുസലേമില്‍ താമസിക്കാന്‍ വളരെ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഈ യാത്രയില്‍ അവന്‍ വളരെ സംതൃപ്തനായിരുന്നു. തന്നോടൊപ്പമുള്ള എത്രയും പരിശുദ്ധയും വിശുദ്ധയുമായ തന്റെ വധുവിന്റെ സാന്നിദ്ധ്യം അവന് എല്ലാംകൊണ്ടും മതിയാകുമായിരുന്നു. ഈ ലോകത്തില്‍ അവന്‍ കൂടുതലായൊന്നും ആഗ്രഹിച്ചില്ല. ഇടയ്ക്കിടെ അവന്‍ പ്രാര്‍ത്ഥിച്ചു. ‘എന്റെ ദൈവമേ, അങ്ങേക്ക് ഏറ്റവും പ്രിയപ്പെട്ടവളായ കന്യാകാമറിയത്തെ എന്റെ സൂക്ഷത്തിന് ഭരമേല്‍പ്പിച്ചതുവഴി എത്രയോ വലിയ അനുഗ്രഹമാണ് അങ്ങെനിക്കു നല്കിയിരിക്കുന്നത്! ഇതിനേക്കാള്‍ കൂടുതലൊന്നും എന്റെ ആത്മാവ് ആഗ്രഹിക്കുന്നില്ല. കാരണം അതിന്റെ എല്ലാ അഭിലാഷങ്ങളും അവളില്‍ അത് കണ്ടെത്തുന്നു. അവളുടെ വാക്കുകള്‍ എനിക്ക് വലിയ ആശ്വാസം പകരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന ഒരു മുത്താണ് മറിയം. അങ്ങ് അവളെ അലങ്കരിച്ചിരിക്കുന്ന വിശിഷ്ടമായ സുകൃതങ്ങളെയും അവളുടെ ഉന്നതമായ പദവിയെയും ഓര്‍ത്ത് ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു.’

മറിയത്തോട് ജോസഫ് പറഞ്ഞു: ‘എന്റെ പ്രിയപ്പെട്ടവളെ, സത്യമായും നിന്നെ എന്റെ ജീവിതപങ്കാളിയായി തന്നതുവഴി അവിടുന്ന് എനിക്ക് അതിവിശിഷ്ടമായ ഒരനുഗ്രഹമാണ് നല്കിയിരിക്കുന്നത്. ദൈവതിരുമനസ്സ് നിറവേറ്റാനും അവിടുത്തെ ശുശ്രൂഷയ്ക്കായി എന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കാനുമുള്ള ആഗ്രഹവും ഒഴിച്ച് നിന്നെക്കാള്‍ അധികമായി മറ്റൊന്നും ആഗ്രഹിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. എന്റെ കരങ്ങള്‍കൊണ്ട് അദ്ധ്വാനിച്ച് നിന്നെ സംരക്ഷിക്കുകയെന്നത് എനിക്ക് അതിയായ ആനന്ദം പകരുന്നതാണ്. ദൈവത്തിനും നിനക്കും ഇഷ്ടമാണെങ്കില്‍ ഞാന്‍ പഠിച്ച തൊഴില്‍തന്നെ ഞാന്‍ തുടര്‍ന്നും ചെയ്യാം. എന്നാല്‍ ഞാന്‍ മറ്റേതെങ്കിലും തൊഴില്‍ ചെയ്യണമെന്നാണ് ദൈവവും നീയും ആഗ്രഹിക്കുന്നതെങ്കില്‍ അതിനും ഞാന്‍ സദാ സന്നദ്ധനാണ്.’

ജോസഫ് പ്രകടിപ്പിച്ച ഈ ദയാവായ്പുകളാല്‍ മറിയം കൂടുതല്‍ വിനയാന്വിതയായി. ഇപ്പോഴും എപ്പോഴും ആയിരുന്നതുപോലെ അത്യൂന്നതന്റെ തിരുമനസ്സിനും തന്റെ സംരക്ഷകനും അവള്‍ പൂര്‍ണ്ണമായും വിധേയമായിരുന്നു. അവളുടെ അതിയായ വിനയപ്രകൃതി ജോസഫിനെ ആഴത്തില്‍ സ്പര്‍ശിച്ചു. അവളുടെ സുകൃതങ്ങളിലുള്ള അവന്റെ അതിയായ മതിപ്പു കാരണം ഇടയ്ക്കിടെ അവന്‍ തന്നോടുതന്നെ പറഞ്ഞിരുന്നു. ‘അന്നയുടെയും യോവാക്കിമിന്റെയും മകള്‍തന്നെയാണോ ഇവളെന്ന് എനിക്കു നല്ല നിശ്ചയമില്ല. അവള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നതുപോലെയാണ് എന്ന് എനിക്ക് നിശ്ചയമായും പറയാന്‍ കഴിയും. ലോകത്തിലെ ഒരു സൃഷ്ടിക്കും ഇത്രയും സുകൃതങ്ങളും കൃപാവരങ്ങളുടെ പൂര്‍ണ്ണതയും ആര്‍ജ്ജിച്ചെടുക്കുക എന്നത് തീര്‍ത്തും അസാദ്ധ്യമാണ്.’ അവിടുത്തെ കൃപാവരത്താല്‍ മറിയത്തെ മറ്റെല്ലാ സൃഷ്ടികളെക്കാളും ഉയര്‍ത്തിയതിന് തികഞ്ഞ ആദരവോടെ അവന്‍ ദൈവത്തിന് നന്ദിയര്‍പ്പിച്ചു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles