സ്വയം ദരിദ്രനായിരുന്നിട്ടും സഹജീവികളെ സഹായിക്കാന്‍ വി. യൗസേപ്പിതാവിന് സാധിച്ചതെങ്ങനെയെന്ന് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 36/100
ദൈവസ്നേഹത്തില്‍ വളര്‍ന്നതനുസരിച്ച് ജോസഫിന് സഹജീവികളോടുള്ള സ്നേഹവും വളര്‍ന്നുവന്നു. തത്ഫലമായി ആരെയെങ്കിലും സഹായം അര്‍ഹിക്കുന്നവനായി കാണുകയും എന്നാല്‍ തനിക്ക് സഹായിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുമ്പോള്‍ അവന് വളരെ വേദനിച്ചിരുന്നു. ഈ ദരിദ്രനായ മനുഷ്യന് ആവശ്യമായത് എന്തോ അത് ഏതെങ്കിലും വിധത്തില്‍ സാധിച്ചുകൊടുക്കുവാനായി അവന് അത്യുന്നതനോട് നിരന്തരം അപേക്ഷിച്ചിരുന്നു. അവസരം ലഭിക്കുമ്പോഴെല്ലാം തനിക്ക് അത്യാവശ്യമുള്ളതുപോലും വേണ്ടെന്നുവച്ച് അവന് ദരിദ്രരെ സഹായിച്ചിരുന്നു. അവന്റെ വരുമാനത്തിന്റെ സിംഹഭാഗവും അവര്‍ക്കുവേണ്ടിയാണ് അവന് ചെലവഴിച്ചത്.
ഏതെങ്കിലും വീധത്തില്‍ വേദനിക്കുന്നവരോട് ജോസഫ് വളരെയധികം സഹാനുഭൂതി പ്രദര്‍ശിപ്പിച്ചിരുന്നു. അവര്‍ക്കുവേണ്ടിയും അവന് ദൈവാലയത്തില്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചിരുന്നു. തന്റെ അപേക്ഷകള്‍ കേള്ക്കപ്പെട്ടവെന്ന് ഉറപ്പു ലഭിക്കുന്നതുവരെ തന്റെ പ്രാര്‍ത്ഥന അവന് തുടര്‍ന്നുകൊണ്ടിരിക്കും. എല്ലാ ആത്മാക്കളുടെയും ആത്മീയവും ഭൗതികവുമായ കാര്യങ്ങളില്‍ സഹായിക്കുക എന്നതിനേക്കാള്‍ ആനന്ദപ്രദമായി അവന് മറ്റൊന്നുമില്ലായിുന്നു. അവന്റെ പ്രാര്‍ത്ഥനയില്‍ നിന്ന് അത് വ്യക്തമായമ്. ‘ഓ എന്റെ ദൈവമേ, എന്റെ കഴിവില്ലായ്മകളും ദാരിദ്ര്യാവസഥയും അങ്ങ് കാണണമേ, എന്റെ സഹോദരങ്ങള്‍ക്കായി ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുവാന്‍ എനിക്ക് സാധിക്കുന്നില്ല. കരുണാസമ്പനനായ അങ്ങുതന്നെ അവരുടെ ആവശ്യങ്ങളില്‍ സഹായത്തിനായി വരണമേ. സ്നേഹംതന്നെയായ അങ്ങുതന്നെ അവരുടെ ദുഃഖങ്ങളില്‍ അവരെ ആശ്വസിപ്പിക്കണമേ. അങ്ങേക്ക് എല്ലാ കാര്യങ്ങളും സാധ്യമാണല്ലോ. അങ്ങുതന്നെ ദരിദ്രരെ സഹായിക്കണമേ. ഓ എന്റെ ദൈവമേ, ഞാനിത്രയും നിസ്സാരനും ദരിദ്രനുമാണല്ലോ എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്തെന്നാല്‍, അങ്ങ് അളവറ്റ ധനികനും എല്ലാ കാര്യങ്ങളും ചെയ്യാന്‍ ബലവാനുമാണല്ലോ. ഓരോരോ കാര്യങ്ങളാല്‍ എനിക്ക് ചെയ്യാന്‍ സാധിക്കാത്ത എല്ലാക്കാര്യങ്ങളും എനിക്കുവേണ്ടി അങ്ങുതന്നെ നിര്വഹിക്കണമെ എന്ന് ഞാനങ്ങയോട് അപേക്ഷിക്കുന്നു.’
തന്റെ ദാസന്റെ ഈ പ്രാര്‍ത്ഥനയില്‍ അതീവസംപ്രീതനായ ദൈവം മിക്കവാറും അവന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കിയിരുന്നു. അതിനു പകരമായി തന്റെ പ്രാര്‍ത്ഥനവഴി ദൈവാനുഗ്രഹം പ്രാപിച്ചവര്‍ക്കായി ജോസഫ് ദൈവത്തിന് നന്ദി അര്‍പ്പിച്ചിരുന്നു.
രോഗികളും ജോസഫിന്റെ ശ്രദ്ധയ്ക്ക് വിഷയീഭവിച്ചിരുന്നു. അവരുടെ ശാരീരികസൗഖ്യത്തിനായി അവന് പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അതിനെല്ലാം ഉപരിയായി അവരുടെ ആത്മീയസുസ്ഥിതിക്കാണ് അവന് പ്രയത്നിച്ചിരുന്നത്. സ്വര്‍ഗ്ഗം അവര്‍ക്ക് അനുവദിച്ചിരിക്കുന്ന രോഗങ്ങള്‍ ക്ഷമയോടെ സ്വീകരിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും അവരെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. സമ്പന്നരെയും സുസ്ഥിതിയില്‍ കഴിയുന്നവരെയും ഒഴിവാക്കി ദരിദ്രരെയും രോഗികളെയുമാണ് അവന് കൂടുതല്‍ സന്ദര്‍ശിച്ചിരുന്നത്.
തന്റെ ദാരിദ്ര്യാവസ്ഥ, തന്നെക്കാള്‍ താണവരോടും ഉയര്ന്നവരോടും ബന്ധപ്പെടുമ്പോള്‍ ജോസഫില്‍ യാതൊരുവിധ മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കിയില്ല. അതുപോലെ അവന്റെ പ്രാര്‍ത്ഥനയിലും സമ്പന്നര്‍ക്കും അല്ലാത്തവര്‍ക്കും യാതൊരുവിധ മുന്‍ഗണനയും ലഭിച്ചിരുന്നില്ല. സ്നേഹത്തിന്റെ പൂര്‍ണ്ണതയില്‍ അവന് എല്ലാവരെയും ഒരുപോലെ ആശ്ലേഷിച്ചിരുന്നു.
ജോസഫിന്റെ ജീവിതം മനുഷ്യരുടെ മുമ്പില്‍ മാത്രമല്ല മാലാഖമാരുടെ മുമ്പിലും കൂടുതല്‍ കൂടുതല്‍ യോഗ്യതകള്‍ സമ്പാദിച്ചുകൊണ്ട് വര്‍ഷങ്ങള്‍ കടന്നുപോയി. അവന്റെ നിഷ്കളങ്കതയും വിശുദ്ധിയും എളിമയും സ്നേഹവും ലോകവസ്തുക്കളോടുള്ള വിരക്തിയും വളരെ ഉന്നതമായിരുന്നു. അവന് തന്നെക്കുറിച്ചുതന്നെ വളരെ എളിയ ഭാവമാണുണ്ടായിരുന്നത്. അവന് ദൈവതിരുമുമ്പില്‍ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും എളിമയോടെ വര്‍ത്തിച്ചു; പ്രത്യേകിച്ചും തന്നെ ദുഷിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവരുടെ മുമ്പില്‍. അവന് എല്ലാവരോടും ദയയോടും സ്നേഹത്തോടുംകൂടിയാണ് പെരുമാറിയിരുന്നത്.
ദൈവാലയത്തിലെ തിരുനാളുകള്‍ ജോസഫില്‍ വലിയ ഉണര്‍വ്വും ഉത്സാഹവും ഉളവാക്കിയിരുന്നു. ദൈവാരാധനകളില്‍ അവന് പ്രത്യേകമായൊരു ഭക്തിയോടെയാണ് പങ്കെടുത്തിരുന്നത്. അവന് വെറുതെ കൗതുകത്തിനും സന്തോഷത്തിനും വേണ്ടി അങ്ങുമിങ്ങും നോക്കാതെ തന്റെ കണ്ണുകളെ താഴ്ത്തി അടക്കം പാലിച്ചിരുന്നു. അവന്റെ ഹൃദയം ദൈവത്തിലാണ് ആനന്ദം കണ്ടെത്തിയിരുന്നത്. ദൈവികകാര്യങ്ങളില്‍ അവന് പൂര്‍ണ്ണമായും ആമഗ്നനായിരുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ അവന് പ്രത്യേക വെളിപാടുകള്‍ ലഭിച്ചിരുന്നു. ദൈവികരഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുവാന്‍ അവന് കഴിഞ്ഞിരുന്നു. ഇത് അവന്റെ ആത്മാവിനെ ആനന്ദത്താല്‍ നിറച്ചിരുന്നു. ഈ ദൈവിക ഇടപെടലുകള്‍ അവന് ആത്മാവില്‍ ആഘോഷിച്ചിരുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ മറ്റുള്ളവര്‍ സാധാരണയായി മുഴുകിയിരുന്ന സന്തോഷങ്ങളും അനുഭൂതികളും സ്വയം ത്യജിക്കുന്നതിലൂടെ അവന് പ്രദര്‍ശിപ്പിച്ച സ്നേഹത്തിന് ദൈവം ഈ വിധത്തിലാണ് ജോസഫിന് പ്രതിഫലം നല്‍കിയിരുന്നത്.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.