ദിവ്യശിശുവിനെ വണങ്ങാനെത്തിയ ജ്ഞാനികള്‍ വി. യൗസേപ്പിതാവിന്റെ മഹത്വം തിരിച്ചറിഞ്ഞതെങ്ങിനെ എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 89/200

താമസംവിനാ ജ്ഞാനികള്‍ ഗുഹാമുഖത്ത് വന്നെത്തുകയും ഈശോയെ കുമ്പിട്ടാരാധിക്കുകയും ചെയ്തു. രാജാക്കന്മാരുടെ രാജാവിന്റെ മുമ്പിലാണ് അവര്‍ താണുവീണ് ആരാധന അര്‍പ്പിച്ചത്. വളരെയധികം വിസ്മയത്തോടുകൂടിയാണ് ജോസഫ് അതു വീക്ഷിച്ചുകൊണ്ടിരുന്നത്. അവര്‍ രംഗപ്രവേശം ചെയ്തതുമുതല്‍ ദിവ്യശിശുവും ജാഞാനികളും തമ്മില്‍ നടന്ന ആന്തരികസംഭാഷണങ്ങളും പ്രതികരണങ്ങളുമെല്ലാം ആകാംക്ഷാപൂര്‍വ്വം ജോസഫ് ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആ രാജകീയ വ്യക്തിത്വങ്ങള്‍ പ്രകടിപ്പിച്ച വിനയവും ഭക്തിയും സ്‌നേഹവും ജോസഫിനെ അമ്പരപ്പിച്ചുകളഞ്ഞു.

മറുവശത്ത്, തിരുക്കുമാരന്‍ അവരോടു പ്രകടിപ്പിച്ച സൗഹൃദവും എളിമയും കൃപയും കണ്ട് ജോസഫ് അത്ഭുതപ്പെട്ടുപോയി. ദൈവകൃപ എത്ര മഹത്തരമായിട്ടാണ് അവരില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു മനുഷ്യശിശുവിന്റെ ശരീരത്തില്‍ കുടികൊള്ളുന്ന രാജാധിരാജനായ ദൈവത്തിന്റെ തിരുസാന്നിദ്ധ്യം എത്ര സ്പഷ്ടമായിട്ടാണ് അവര്‍ തിരിച്ചറിഞ്ഞത്. വളരെ വിദൂരത്ത്, മരുഭൂമികള്‍ക്കും മഹാസമുദ്രങ്ങള്‍ക്കും, ഉന്നതപര്‍വ്വതശൃംഗങ്ങള്‍ക്കും അപ്പുറത്തുവച്ച് അവന്റെ വരവിനെ അറിയാന്‍ കഴിഞ്ഞ മഹാജ്ഞാനികളായവര്‍ അടുത്തു വന്നപ്പോള്‍ പിന്നെ അവന്റെ തിരുസാന്നിദ്ധ്യം വിവേകപൂര്‍വ്വം എത്ര വ്യക്തമായി അനുഭവിച്ചറിയാതിരിക്കുകയില്ല അവതാരം ചെയ്ത വചനത്തെ രാജാക്കന്മാര്‍ പുല്‍ത്തൊഴുത്തില്‍ വന്ന് ആരാധിക്കുന്നതു കണ്ടപ്പോള്‍ ജോസഫിന്റെ ഹൃദയം വിസ്മയവും ആനന്ദവുംകൊണ്ട് നിറഞ്ഞുകവിഞ്ഞു. അതുപോലെ തന്നെ തിരുക്കുമാരനെ സന്ദര്‍ശിച്ച മഹാത്മാക്കള്‍ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ കണ്ടപ്പോള്‍ ജോസഫിന്റെ ഹൃദയം ഒന്നുകൂടി സന്തോഷഭരിതമായി.

ദിവ്യശിശുവിനെ അവര്‍ ആരാധിച്ചപ്പോള്‍, രക്ഷകന്‍ അവരുടെ ഹൃദയങ്ങളില്‍ കൃപാവരങ്ങളുടെ വന്‍പ്രകാശകിരണങ്ങള്‍ വര്‍ഷിച്ചു. കൃപയില്‍ നിറഞ്ഞ അവര്‍ സന്തോഷവാനായ ജോസഫിനെയും ദൈവമാതാവിനെയും വണങ്ങുകയും വന്ദിക്കുകയും ചെയ്തു. ജോസഫിന് കൈവന്നിരിക്കുന്ന വലിയ സൗഭാഗ്യത്തിനും ഉന്നതമായ ദൗത്യത്തിനും അവര്‍ അവനെ അഭിനന്ദിച്ചു. അവരുടെ അളവറ്റ ആനന്ദത്തില്‍ രാജാക്കന്മാര്‍ പങ്കുചേരുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു.

ജോസഫ് കൂടുതലായി ഒന്നും സംസാരിച്ചില്ല. എങ്കിലും ചുരുക്കമായി അവന്‍ ഉച്ചരിച്ച വാക്കുകളില്‍ ദൈവികജ്ഞാനവും സ്‌നേഹവും നിറഞ്ഞുനിന്നിരുന്നു. ജ്ഞാനികളായ രാജാക്കന്മാര്‍ ജോസഫിന്റെ മഹത്തായ യോഗ്യതകളെ വിലമതിക്കുകയും അവനില്‍ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉന്നതമായ ശുശ്രൂഷകള്‍ കുറ്റമറ്റവിധം നിര്‍വ്വഹിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുകയും ചെയ്തു. നിശ്ചയമായും ജോസഫ് ഒരു വിശുദ്ധനും സദ്ഗുണസമ്പൂര്‍ണ്ണനുമായ മനുഷ്യനാണെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു.!

രക്ഷകന്റെ തിരുസാന്നിദ്ധ്യം നിരന്തരം അനുഭവിക്കാനും സ്ഥിരമായി അവനോടൊത്തു സഹവസിക്കാനുമുള്ള കൃപയും അവന്റെ പാലകനായിരിക്കാനുള്ള പദവിയും സിദ്ധിച്ചിരിക്കുന്ന ഉന്നത വ്യക്തിയെന്ന നിലയ്ക്ക് രാജാക്കന്മാര്‍ ജോസഫനോട് പ്രാര്‍ത്ഥന ആവശ്യപ്പെട്ടു. അവരുടെ ആത്മാക്കളുടെ രക്ഷയ്ക്കും അവരുടെ രാജ്യത്തെ പ്രജകളുടെ ഉന്നമനത്തിനും വേണ്ടി ലോകരക്ഷകനോടു പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

ജോസഫ് അവരുടെ അഭ്യര്‍ത്ഥന സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി നിശ്ചയമായും പ്രാര്‍ത്ഥിക്കുമെന്ന് വാക്കു കൊടുക്കുകയും ചെയ്തു. ക്രിസ്തുവിനെ അറിയുവാനും കാലിത്തൊഴുത്തില്‍ വന്ന് അവനെ ആരാധിക്കുവാനും രാജാക്കന്മാരെ യോഗ്യരാക്കിയ വിളിയും നിയോഗവും എത്രയോ ഉന്നതവും മഹത്തരവുമാണെന്ന് ജോസഫ് അനുസ്മരിച്ചു. അവരുടെ ആത്മീയാനന്ദത്തിന്റെ നിറവില്‍, അവര്‍ തേടിവന്ന രക്ഷകനെ കണ്ടെത്തിയതിന്റെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നു ജോസഫും കര്‍ത്താവിനു നന്ദി പറഞ്ഞു. രാജാക്കന്മാര്‍ കൊണ്ടുവന്ന കാഴ്ചകള്‍ ഈശോയുടെ മുമ്പില്‍ അവര്‍ സമര്‍പ്പിച്ചു. അപ്പോള്‍ രക്ഷകന്‍ അവരുടെ ഹൃദയങ്ങളെ ദൈവികരഹസ്യങ്ങളറിയാന്‍ പ്രകാശിപ്പിച്ചു. തുടര്‍ന്ന് ദൈവമാതാവും ജോസഫും ചേര്‍ന്ന് തിരുപ്പിറവിയുടെ നിഗൂഢരഹസ്യങ്ങളെക്കുറിച്ച് സംക്ഷിപ്തമായൊര വിവരണം അവര്‍ക്ക് നല്കി. സത്യദൈവത്തെയും ക്രിസ്തുവിലുള്ള യഥാര്‍ത്ഥ വിശ്വാസത്തെയും കുറിച്ചാണ് അവര്‍ സംസാരിച്ചത്. അതിനുശേഷം ജ്ഞാനികള്‍ സ്വദേശത്തേക്കു തിരിച്ചുപോയി.

ജ്ഞാനികള്‍ വിടപറഞ്ഞശേഷം ജോസഫും മറിയവും ഈശോയും ഗുഹയ്ക്കുള്ളില്‍ തനിച്ചായി. അവര്‍ മുട്ടുകുത്തി കര്‍ത്താവിനെ ആരാധിച്ചു. ഏറ്റവും വലിയ വണക്കത്തോടും ആദരവോടുംകൂടിയാണ് അപ്പോള്‍ ജോസഫ് ഇശോയുടെ മുമ്പില്‍ നിന്നത്. ആ സമയത്ത് അവന്‍ വലിയ അഭിഷേകത്തിലെത്തുകയും ദൈവമായ കര്‍ത്താവ് സ്വര്‍ഗ്ഗീയ നിഗൂഢരഹസ്യങ്ങള്‍ അവനു വെളിപ്പെടുത്തുകയും ചെയ്തു. ആത്മാവില്‍ ലയിച്ചിരുന്ന ആ ധന്യനിമിഷങ്ങളില്‍ അവന്, ജ്ഞാനികളായ രാജാക്കന്മാരുടെ ഹൃദയങ്ങളില്‍ ദൈവം ആലേഖനം ചെയ്തിട്ടുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുത്തു. കാലാന്തരത്തില്‍, വിജാതീയലോകം മുഴുവന്‍ എങ്ങനെ ക്രിസ്തുവിനെ അറിയാന്‍ ഇടയാകുമെന്നും അവര്‍ എപ്രകാരം സത്യദൈവത്ത് ആരാധിക്കാന്‍ പ്രാപ്തരാകുമെന്നും ദൈവം അവനു വെളിപ്പെടുത്തി.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles