ഉണ്ണീശോയോയുടെ പരിശുദ്ധനാമം ആദ്യമായി ഉരുവിട്ടവേളയില്‍ ഉണ്ടായ സംഭവങ്ങളെന്തൊക്കെയെന്ന് അറിയേണ്ടേ?
![](https://www.mariantimesworld.org/wp-content/uploads/2020/12/St-Joseph-85.jpg)
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 85/200
ഈശോ ജനിച്ചിട്ട് എട്ടു ദിവസമായപ്പോള്‍ ജോസഫ് കുട്ടിക്ക് ഛേദനാചാരം നിര്‍വ്വഹിക്കുന്ന കാര്യം ദൈവമാതാവുമായി ചര്‍ച്ചചെയ്തു. പരിഛേദം നടത്തണമെന്നും ശിശുവിന് ‘ഈശോ’ എന്ന പേരു നല്കണമെന്നും ജോസഫിന് വെളിപ്പെടുത്തല്‍ ലഭിച്ചിരുന്നു. ഛേദനാചാരകര്‍മ്മം നിര്‍വ്വഹിക്കുന്നതിന് ജോസഫ് ഒരാളെ കണ്ടുപിടിക്കുകയും ചെയ്തു. ആ മനുഷ്യനെ അവര്‍ അധിവസിക്കുന്ന ലായത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവര്‍ താമസിക്കുന്ന ശോച്യാവസ്ഥ കണ്ട് അയാള്‍ ആശ്ചര്യപ്പെട്ടുപോയി. എന്നാല്‍, അതിനേക്കാള്‍ ഉപരിയായി അദ്ദേഹത്തെ വിസ്മയസ്തബ്ധനാക്കിയ് കൊടിയ ദാരിദ്ര്യത്തിന്റെ നടുവില്‍ കഴിയുന്ന സുന്ദരനും പ്രതാപവാനും തേജോമയനുമായ കുട്ടിയെയും അപൂര്‍വ്വ സൗന്ദര്യവും സവിശേഷ സ്വഭാവപ്രകൃതിയുമുള്ള അവന്റെ അമ്മയെയും കണ്ടപ്പോഴാണ്.
ജോസഫ് തന്റെ കൊടിയ ദാരിദ്രായവസ്ഥയുടെ നടുവിലും ഏറ്റവും വിനയവും ത്യാഗവും പ്രകടിപ്പിച്ചു. ആ സമയത്ത് ഈശോയ്ക്കുണ്ടാവാന്‍ പോകുന്ന കഠിനവേദനയോര്‍ത്തു ജോസഫ് വല്ലാതെ അസ്വസ്ഥനായിരുന്നു. അതിനാല്‍ അവന്‍ പരികര്‍മ്മിയോട്, പരമാവധി ശിശുവിനെ വേദനിപ്പിക്കാത്തവിധം ആ വിശുദ്ധകര്‍മ്മം നിര്‍വ്വഹിക്കണമെന്ന് ആവശ്യപ്പെട്ടു. പരിഛേദനകര്‍മ്മം നടത്തപ്പെട്ട മുഴുവന്‍ സമയവും ജോസഫ് വളരെ ശ്രദ്ധാപൂര്‍വ്വം കുട്ടിയുടെ അരികില്‍ത്തന്നെ നിന്നിരുന്നു. അവസാനം ശിശുവിന് എന്തുപേരു നല്‍കണമെന്ന് അയാള്‍ ജോസഫിനോട് ചോദിച്ചു. ജോസഫ് തന്റെ വിവേകത്താല്‍ സ്വയം ആ കാര്യം പ്രഖ്യാപിക്കാന്‍ മുതിര്‍ന്നില്ല. ദൈവഹിതം ആരാഞ്ഞ് ഉറപ്പുവരുത്താന്‍ മറിയത്തോട് അവന്‍ അഭ്യര്‍ത്ഥിച്ചു. അങ്ങനെ അവര്‍ രണ്ടുപേരും ഒരേ സമയം ആ മഹത്തായ നാമം ഉച്ചരിക്കാന്‍ ഇടയായി – ‘ഈശോ എന്നാണ് അവന്റെ പേര്.’
സര്‍വ്വശക്തനും സര്‍ഗ്ഗാത്മകവും ഭീതിജനകവുമായ ആ പരിശുദ്ധ നാമം ഉരുവിട്ട നിമിഷം സ്വര്‍ഗ്ഗാദിനിവാസികളും അതിലുള്ള വിശുദ്ധാത്മാക്കളും അവന്റെ മുമ്പില്‍ ആദരപൂര്‍വ്വം തലകുനിച്ചു. എന്നാല്‍ നരകശക്തികള്‍ മുഴുവന്‍ അതുകേട്ടു ഞെട്ടിവിറച്ചു. ദുഷ്ട സര്‍പ്പത്തിന്റെ തല തകര്‍ക്കുന്ന ആ തിരുനാമത്തിന്റെ ശക്തിപ്രഭാവത്താല്‍ നാരകീയസേനകളെല്ലാം ഭയചകിതരായി. അതിന്റെ കാരണമെന്തെന്ന് ദുഷ്ടശക്തികള്‍ക്കൊന്നും മനസ്സിലായതുമില്ല. ജോസഫിനും മറിയത്തിനും അസാധാരണവും ആശ്ചര്യജനകവുമായ സ്വര്‍ഗ്ഗീയ ആനന്ദം അനുഭവപ്പെട്ടു. പരിഛേദനകര്‍മ്മം നിര്‍വ്വഹിച്ച വ്യക്തിക്കും ആ വിശുദ്ധനാമം കേട്ടപ്പോള്‍ വലിയ ആനന്ദവും ആത്മാവില്‍ നിറഞ്ഞുകവിഞ്ഞ ആഹ്ലാദവും അനുഭവപ്പെട്ടു.
ജോസഫിന് വലിയ ആനന്ദവും അതോടൊപ്പം സഹതാപവും അനുഭവപ്പെട്ടു. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഈശോ തന്റെ പരിശുദ്ധദ രക്തം ആദ്യമായി ചിന്തപ്പെട്ടത് സ്വര്‍ഗ്ഗീയ പിതാവിനു കാഴ്ചവച്ചുകൊണ്ടു വേദന സഹിച്ചുകിടക്കുകയാണ്. അതോടൊപ്പം അവന്‍ തന്റെ കണ്ണീര്‍ക്കണങ്ങളും അവിടുത്തെ മുമ്പില്‍ സമര്‍പ്പിച്ചു. മനുഷ്യവംശത്തിന്റെ പാപരിഹാരത്തിനായി അവന്‍ ചിന്താനിരിക്കുന്ന പരിശുദ്ധ രക്തത്തിന്റെയും സഹനത്തിന്റെയും പ്രതീകമെന്നോണം അവ അവിടുത്തെ മുമ്പില്‍ സമര്‍പ്പിച്ചു. മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പിനായി അവിടുത്തെ പരിശുദ്ധ രക്തവും തിരുക്കണ്ണീരും കാഴ്ചവയ്ക്കാന്‍ മറിയത്തിന്റെയും ജോസഫിന്റെയും ഹൃദയങ്ങളെ പിതാവായ ദൈവം പ്രകാശിപ്പിച്ചു. തിരുക്കുമാരന്‍ സമര്‍പ്പിച്ചതുപോലെ, അവനോടൊത്ത് അവരുടെ യാചനകളും കണ്ണീരും അവിടുത്തേക്കു കാഴ്ചവയ്ക്കാന്‍, ദൈവം അവരുടെ ആത്മാവില്‍ വെളിച്ചം പകര്‍ന്നു. ജോസഫ് തന്റെ തന്നെ ആത്മാവും ജീവനും ഒരിക്കല്‍ക്കൂടി ദൈവത്തിനു കാഴ്ചവച്ച് തന്റെ ഉടമ്പടി പുതുക്കി. തന്റെ ജീവിതകാലം മുഴുവനും ദൈവഹിതം നിറവേറുന്നതിനുവേണ്ടി ജീവിച്ചുകൊള്ളാമെന്ന് ദൈവമായ കര്‍ത്താവിന്റെ മുമ്പില്‍ അവന്‍ ഏറ്റുപറയുകയും ചെയ്തു.
ജോസഫും മറിയവും ഈശോയും തനിച്ചായപ്പോള്‍, ജോസഫ് മറിയത്തോടു സംസാരിക്കാന്‍ തുടങ്ങി. ഉണ്ണീശോ അപ്പോള്‍ മാതാവിന്റെ കരങ്ങളില്‍ മയങ്ങുകയായിരുന്നു. ദൈവത്തിന്റെ ഏറ്റം നിഗൂഢമായ മനുഷ്യാവതാര രഹസ്യത്തെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. അത് തികച്ചും ദൈവത്തിന്റെ നിശ്ചയവും പ്രവൃത്തിയുമാണെങ്കിലും, പാപിയായ മനുഷ്യന്റെ രൂപമെടുത്തു വന്നത് എത്രയോ വലിയ കാരുണ്യവും സ്‌നേഹവുമാണ് പ്രകടമാക്കുന്നത് എന്നോര്‍ത്ത് അവര്‍ അത്ഭുതപ്പെട്ടു. പാപികളായ മനുഷ്യര്‍ ആചരിക്കേണ്ട കര്‍മ്മങ്ങള്‍ അവതാരം ചെയ്ത ദൈവപുത്രന്‍ സ്വന്തം ശരീരത്തില്‍ അനുഷ്ഠിക്കുന്നു. ദൈവം എത്രയോ തന്നെത്തന്നെ താഴ്ത്തിക്കെട്ടിയിരിക്കുന്നു. വിനയാന്വിതനായി സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയോളം അവിടുന്നു താണിറങ്ങി വന്നു. ഇപ്പോള്‍ മനുഷ്യരൂപമെടുത്തവന്‍ മനുഷ്യരേക്കാള്‍ തന്നെത്തന്നെ താഴ്ത്തിയിരിക്കുന്നു. അവതരിച്ച വചനത്തിന്റെ പരിഛേദന രഹസ്യങ്ങളെ ധ്യാനിച്ചുകൊണ്ട് മാതാവ് ഏറ്റം മധുരസ്വരത്താല്‍ സ്തുതിഗീതങ്ങളിലൂടെ താരാട്ടുപാടി ദിവ്യശിശുവിനെ ഉറക്കി. മാതാവിന്റെ കീര്‍ത്തനങ്ങളോടൊപ്പം മാലാഖമാരുടെ സ്തുതികളും സ്വര്‍ഗ്ഗസന്നിധിയിലേക്കുയര്‍ന്നു. അപ്പോള്‍ ജോസഫ് ആത്മനിര്‍വൃതിയില്‍ ലയിച്ചുചേര്‍ന്ന് ആഹ്ലാദത്തോടെ കര്‍ത്താവിനെ സ്തുതിച്ചു.
ആ സമയത്തു വെളിപ്പെട്ടുകിട്ടിയ സ്വര്‍ഗ്ഗീയ നിഗൂഢരഹസ്യങ്ങള്‍ ജോസഫിന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശീച്ചു. അവസാനംവരെ സ്മരിക്കുകയും ധ്യാനിക്കുകയം ചെയ്യാന്‍മാത്രം പ്രാധാന്യമേറിയവയുമായിരുന്നു അവ. അവന്‍ പിന്നീട് അത് മറിയവുമായി ചര്‍ച്ചചെയ്യുകയും അവര്‍ ഒരുമിച്ചു കര്‍ത്താവിനെ സ്തുതിക്കുകയം ചെയ്തു. ആ നിമിഷങ്ങളില്‍ അവരുടെമേല്‍ ദൈവം വര്‍ഷിച്ച കൃപകളും വരങ്ങളും അപാരവും അനുപമവുമായിരുന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.