ഉണ്ണീശോ ശിശുസഹജവും ദൈവികവുമായ ഭാഷയില്‍ വി. യൗസേപ്പിതാവിനോട് പറഞ്ഞതെന്താണെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 84/200

നിര്‍വൃതിനിര്‍ഭരനായിരുന്ന ജോസഫ് ഏറെ നേരത്തിനുശേഷം സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവന്നു. അപ്പോഴും ദിവ്യശിശു അവന്റെ കരങ്ങളില്‍ത്തന്നെ സ്വസ്ഥമായി വിശ്രമിക്കുകയാണെന്ന് അവന്‍ തിരിച്ചറിഞ്ഞു. ദൈവമഹത്വത്തെക്കുറിച്ച് അവന്‍ ധ്യാനിക്കുകയും സന്തോഷാധിക്യത്താല്‍ കണ്ണീര്‍ വാര്‍ക്കുകയും ചെയ്തു. വിശുദ്ധസ്വര്‍ഗ്ഗത്തിന്റെ പരമാനന്ദം മുഴുവനും താന്‍ കരങ്ങളില്‍ വഹിച്ചിരിക്കുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ അവന്റെ സന്തോഷം അശ്രുധാരയായി അണപൊട്ടിയൊഴുകി. അപ്പോള്‍ ദിവ്യശിശു ഉണരുകയും പരിശുദ്ധയായ തന്റെ മാതാവ് അടുത്തു നില്ക്കുന്നത് ശ്രദ്ധിക്കുകയും ചെയ്തു. തന്റെ അമ്മയുടെ ആലിംഗനം ആഗ്രഹിക്കുന്നു എന്ന് ആംഗ്യപ്രകടനത്തിലൂടെ അവന്‍ വ്യക്തമാക്കി. അതു ശ്രദ്ധിച്ചയുടന്‍ തന്നെ ജോസഫ് ഈശോയെ അവന്റെ അമ്മയുടെ കരങ്ങളിലേക്കു തിരിച്ചുകൊടുത്തു. മറിയം മുട്ടിന്മേല്‍ നിന്നുകൊണ്ട് തിരുക്കുമാരനെ തിരിച്ചുവാങ്ങി. അപ്പോള്‍ അവളുടെ ഹൃദയം അതിരറ്റ് ആനന്ദിച്ചു. എന്തെന്നാല്‍, ഏതാനും നിമിഷങ്ങളായി അവനുവേണ്ടി അതു കൊതിക്കുകയായിരുന്നല്ലോ. ജോസഫ് തനിക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിനു നന്ദിപറഞ്ഞു. അതുപോലെതന്നെ മറിയവും. പ്രത്യേകിച്ച് അവര്‍ക്കു നല്കപ്പെട്ടിരിക്കുന്ന അലൗകികവും പ്രകടവുമായ വന്‍കൃപകളെ ഓര്‍ത്ത് അവര്‍ ഇരുവരും ദൈവത്തെ സ്തുതിച്ചു.

അതില്‍പിന്നെ, കൂടെക്കൂടെ ജോസഫ് ഈശോയെ എടുക്കുമായിരുന്നു. എങ്കിലും തീവ്രമായ ആഗ്രഹവും അഭിലാഷവുംകൊണ്ട് തന്നെത്തന്നെ ഒരുക്കിയശേഷം മാത്രമേ ദിവ്യരക്ഷകനെ അവന്‍ സ്പര്‍ശിച്ചിരുന്നുള്ളു. അവന്‍ ദിവ്യശിശുവിനെ എടുത്ത സന്ദര്‍ഭങ്ങളിലെല്ലാം നവനവീനങ്ങളായ കൃപാവരങ്ങളാല്‍ കര്‍ത്താവ് അവനെ അനുഗ്രഹിച്ചിരുന്നു. വിശുദ്ധ ജോസഫ് അതു തിരിച്ചറിയുകയും ചെയ്തിരുന്നു. മറിയവും അതു വിവേചിച്ചറിയുകയും ജോസഫിനെപ്രതി ദിവ്യരക്ഷകന് നന്ദിയും സ്തുതിയും അര്‍പ്പിക്കുകയും ചെയ്തിരുന്നു.

ചില സന്ദര്‍ഭങ്ങളില്‍ ഉണ്ണീശോ ജോസഫിനെ നോക്കി പുഞ്ചിരിക്കുകയും ശിശുസഹജവും ദൈവികവുമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ജോസഫിന്റെ ഹൃദയത്തിനുമാത്രം അതു മനസ്സിലാകുകയും ചെയ്തു. ‘എന്റെ പ്രിയപ്പെട്ട അപ്പാ, ഞാന്‍ എത്രയധികം അങ്ങയെ സ്‌നേഹിക്കുന്നു. അങ്ങയുടെ സ്‌നേഹവും ശുശ്രൂഷകളും എനിക്കെത്ര ഇഷ്ടമാണെന്നറിയാമോ. എല്ലാവരിലും ഉപരിയായി ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.’ ഈശോ ജോസഫിന്റെ ഹൃദയവുമായി നടത്തിയ അന്തര്‍ഭാഷണം അവനില്‍ സ്‌നേഹവും കൃതജ്ഞതയും കവിഞ്ഞൊഴുകാന്‍ കാരണമായി. അത്യന്തം ആദരവോടും ആര്‍ദ്രമായ സ്‌നേഹത്തോടുംകൂടി ജോസഫ് പ്രതിവചിച്ചു: ‘ഓ, എന്റെ ദിവ്യരക്ഷകാ, എന്റെ ജീവിതത്തിന്റെ മുഴുവന്‍ ലക്ഷ്യവും നീയാണ്.’ എന്റെ സകല നന്മകളും സൗഭാഗ്യങ്ങളും സംതൃപ്തിയും വിശ്രാന്തിയും നായാണ്. നീ എന്റെ ജീവന്റെ ജീവനാണ്. നിന്നോടൊപ്പം നിന്റെ പരിശുദ്ധ മാതാവിനെയും ഞാന്‍ സ്‌നേഹിക്കുന്നു. എന്തെന്നാല്‍ അവളാണു നിനക്കു ജന്മം നല്കിയവളും സകലസൃഷ്ടികളിലുംവച്ച് ഏറ്റം പരിശുദ്ധയും. സകല നന്മകളും കൃപകളും കൊണ്ടു നിറഞ്ഞവളുമാണ്. എന്റെ സന്തതസഹചാരിയും സഹധര്‍മ്മിണിയുമായ അവളിലൂടെയാണ് നീ ലോകത്തിലേക്കു വന്നത്. എന്റെ മുഴവന്‍ ജീവനും സകല നന്മകളുടെയും ഉറവിടവുമായ നിന്നെ ഞാന്‍ എല്ലാറ്റിലും ഉപരിയായി സ്‌നേഹിക്കുന്നു. ഈ വിശ്വപ്രപഞ്ചം നിറഞ്ഞുനില്ക്കുന്ന നിന്റെ സകല കരവേലകളെപ്രതിയും നിന്നെ ഞാന്‍ സ്‌നേഹിക്കുന്ന. എന്തെന്നാല്‍ നിന്റെ പ്രവൃത്തികളുടെ മഹത്വം ഞാന്‍ അവയില്‍ ദര്‍ശിക്കുന്നു. മൂകപ്രകൃതികള്‍ നിന്റെ സജീവസാന്നിദ്ധ്യം നിത്യവും ഉദ്‌ഘോഷിച്ചുകൊണ്ടിരിക്കുന്നു.’

സ്‌നേഹനിധിയായ ജോസഫിന്റെ തീക്ഷ്ണതാനിര്‍ഭരമായ ഹൃദയത്തിന്റെ ബഹിര്‍സ്ഫുരണങ്ങളില്‍ എത്രമാത്രം താന്‍ സന്തോഷം കൊള്ളുന്നു എന്ന് തിരുക്കുമാരന്‍ ആംഗ്യഭാഷയില്‍ സംസാരിക്കുകയും ജോസഫിനെ താല്പര്യത്തോടെ നോക്കുകയും ചെയ്തു. ആത്മാവില്‍ അതിന്റെ ആനന്ദം തിരതല്ലുന്നുണ്ടായിരുന്നു. എല്ലാ കാര്യത്തിനും ജോസഫ് ഹൃദയപൂര്‍വ്വം തിരുക്കുമാരനു നന്ദി പറഞ്ഞു.

ഈശോ പിറന്ന ആദ്യദിവസങ്ങളില്‍ അവര്‍ ഒന്നുംതന്നെ ഭക്ഷിച്ചിരുന്നില്ല. കാരണം, രക്ഷകന്‍ ഭൂജാതനായതിന്റെ ആനന്ദത്തിലും മിക്കവാറും സമയം തിരുപ്പിറവിയുടെ വിശുദ്ധരഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനത്തിലും മുഴുകി അവര്‍ ആനന്ദനിര്‍വൃതിയില്‍ ലയിച്ചിരിക്കുകയായിരുന്നു. അവരുടെ ഉദരം ആ ദിവസങ്ങളില്‍ വിശപ്പറിയാത്തവിധം, വിശിഷ്ടഭോജ്യങ്ങള്‍ നിറയെ ഭക്ഷിച്ചാലെന്നപോലെ തൃപ്തിപ്പെട്ട അവസ്ഥയിലായിരുന്നു. എന്തെന്നാല്‍, തിരുക്കുമാരന്റെ സൗന്ദര്യവും മനോഹാരിതയും ലാവണ്യവും വിശുദ്ധിയും ആകര്‍ഷീണതയും കണ്ടു കണ്ടു മതിമറന്ന അവരുടെ ഹൃദയത്തിന് വലിയ ആനന്ദവും ആവേശവും ശരീരത്തിന് വിവരണാതീതമായ ശക്തിയും പ്രസരിപ്പും തിരുക്കുമാരന്‍ പ്രദാനം ചെയ്തിരുന്നു.

മറ്റൊന്നിനെക്കുറിച്ചും അപ്പോള്‍ അവര്‍ക്കു ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. കാരണം അവര്‍ അത്യധികം സ്‌നേഹിക്കുകയും അളവറ്റു കാംക്ഷിക്കുകയും ചെയ്തിരുന്ന രക്ഷകനായ ദൈവത്തിന്റെ തിരുസാന്നിദ്ധ്യം മതിവരുവോളം ആസ്വദിക്കുന്നതിനിടയില്‍ മറ്റൊന്നും അവര്‍ക്ക് ആവശ്യമായിരുന്നില്ല. ഹൃദയത്തിന് ആനന്ദവും ശരീരത്തിനു ശക്തിയും ചൈതന്യവും കണ്ണുകള്‍ക്കു പ്രകാശവും മനസ്സിനു സംതൃപ്തിയും ആത്മാവിന് അമര്‍ത്യതയും പ്രദാനം ചെയ്യുന്ന സ്രഷ്ടാവായ ദൈവത്തിന്റെ തിരുസാന്നിദ്ധ്യത്തിന്റെ പ്രഥമദര്‍ശനത്തില്‍ മറ്റൊന്നിന്റെയും കുറവ് അവര്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല എന്നതാണു സത്യം!

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles