ബത്‌ലേഹേമില്‍ ദൈവം തങ്ങള്‍ക്കായി കരുതിവച്ച രഹസ്യം വി. യൗസേപ്പിതാവ് തിരിച്ചറിഞ്ഞത് എപ്പോഴാണെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 78/200

ഏറ്റം പരിശുദ്ധയായ കന്യാമറിയം തന്റെ ഉദരത്തില്‍ വഹിക്കുന്ന ദിവ്യരക്ഷകനെപ്രതി എല്ലാ ദുരിതങ്ങളും സന്തോഷത്തോടെ നമുക്കു സ്വീകരിക്കാം എന്നു പറഞ്ഞുകൊണ്ട് ജോസഫിനെ സമാധാനിപ്പിച്ചു. ജോസഫ് അതിനു പറഞ്ഞ മറുപടി ഇതായിരുന്നു: ‘ഈ ഗ്രാമത്തിലെ ജനങ്ങളില്‍ ഒരുവന്‍പോലും തങ്ങളുടെ ഭവനം അവരുടെ രക്ഷകനു വേണ്ടി തുറന്നുകൊടുക്കുന്നില്ല എന്നത് തിരുക്കുമാരന് എത്രയോ ദുഃഖകരമായ കാഴ്ചയാണ്! അവന്‍ ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ലേ?’

മറിയം തന്റെ ഉള്ളില്‍ കഴിയുന്ന് തിരുക്കുമാരനെക്കുറിച്ചുള്ള ചിന്തയിലും ജോസഫുമായി ദൈവികരഹസ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലും മുഴുവന്‍ സമയവും വ്യാപൃതയായിരുന്നു. ലോകത്തെ ലക്ഷിക്കുവാന്‍ മിശിഹായുടെ ആഗമനത്തിനുവേണ്ടി അവള്‍ അത്യധികം ആഗ്രഹിക്കുന്നുണ്ടായിരുന്നു! അതേസമയത്ത് ബെത്‌ലേഹേമില്‍ കാലികള്‍ക്കുവേണ്ടി ഉണ്ടാക്കിയ ഒരു ഗുഹയുള്ള കാര്യം കര്‍ത്താവ് ജോസഫിന്റെ മനസ്സില്‍ കൊണ്ടുവന്നു. അത് ബെത്‌ലെഹേമിനോട് വളരെ അടുത്തായിരുന്നു. അത് അവന്റെ മനസ്സിനു തെല്ലൊരു ആശ്വാസം പകര്‍ന്നു. തെരുവിലെ തുറന്ന അന്തരീക്ഷത്തില്‍ കഴിയുന്നതിനെക്കാള്‍ നല്ലത് ആ ഗുഹയിലേക്കു പോകുന്നതാണ് എന്ന് അവന്‍ തീരുമാനിച്ചു. ഹൃദയവേദനയോടെ മറിയത്തോട് അവന്‍ ആ കാര്യം തുറന്നു പറഞ്ഞു. സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ ആ ഗുഹയിലെങ്കിലും അഭയം പ്രാപിക്കേണ്ടത് ഉചിതമാണെന്ന് മറിയവും ചിന്തിക്കുകയും അങ്ങനെ അവര്‍ ഇരുവരും ഉടനെതന്നെ ആ ഗുഹയെ ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തു.

ജോസഫ് തന്റെ എല്ലാ വിഷമങ്ങളും വചനമാകുന്ന ദൈവത്തിന്റെ മുമ്പില്‍ സമര്‍പ്പിച്ചു. കണ്ണീരോടും വിലാപത്തോടുംകൂടി അവന്‍ പറഞ്ഞു: ‘ഓ, എന്റെ ദിവ്യരക്ഷകാ, സകലത്തിന്റെയും സ്രഷ്ടാവേ, നിന്നെയും നിന്റെ പരിശുദ്ധ അമ്മയെയും വെറും കാലിത്തൊഴുത്തില്‍ വസിക്കാന്‍ വിട്ടുകൊടുക്കുമെന്ന് ആര്‍ക്കെങ്കിലും ചിന്തിക്കാന്‍പോലും കഴിയുമായിരുന്നോ? ഒരു പക്ഷെ, ഇങ്ങനെ സംഭവിച്ചത് എന്റെ കുറ്റംകൊണ്ടായിരിക്കാം. അവര്‍ ഏറ്റം ഹീനമായ സ്ഥലത്ത് കഴിയാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നത് എന്റെ അയോഗ്യതകള്‍ കൊണ്ടായിരിക്കാം!’ ആന്തരികമായ മാര്‍ഗ്ഗത്തില്‍ ജോസഫിന്റെ മനസ്സിനെ ദിവ്യരക്ഷകന്‍ പ്രകാശിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

അവസാനം അവര്‍ ആ ഗുഹയില്‍ എത്തിച്ചേര്‍ന്നു. അത് ഒഴിഞ്ഞ ഒരു സ്ഥലമായിരുന്നു. ദൈവം മുന്‍കൂട്ടി ഒരുക്കിയ ആ അഭയസ്ഥലത്തു പ്രവേശിച്ചുകഴിഞ്ഞപ്പോള്‍ ആഢംബരപൂര്‍ണ്ണമായ ഒരു മണിമന്ദിരത്തില്‍ പ്രവേശിച്ച പ്രതീതിയാണ് അവര്‍ക്ക് അനുഭവപ്പെട്ടത്. ദുഃഖിതനായ ജോസഫിന് അപ്പോള്‍ ഒരു കാര്യം മനസ്സിലായി; ദൈവം അവര്‍ക്കുവേണ്ടി കരുതിവച്ചിരുന്ന അഭയസ്ഥാനം അതാണ് എന്ന രഹസ്യം. അത് അവനു വലിയ ആശ്വാസമായി. അവര്‍ കര്‍ത്താവിനു നന്ദി പറഞ്ഞു. അവര്‍ണ്ണനീയമായ ആനന്ദവും സന്തോഷവും അപ്പോള്‍ അവര്‍ക്ക് അനുഭവപ്പെട്ടു എന്നുമാത്രമല്ല അവരിരുവരും അനുപമമായ നവചൈതന്യം കൈവിരിക്കുകയും ചെയ്തു. ദൈവം ഒരുക്കിയ സ്ഥലത്തെത്തുമ്പോഴാണല്ലോ സമാധാനവും സുരക്ഷിതത്വവും അനുഭവപ്പെടുന്നത്. ജോസഫ് തനിക്കനുഭവപ്പെടുന്ന സമാശ്വാസത്തെക്കുറിച്ച് മറിയത്തോടു തുറന്നു പറഞ്ഞു. ഈ സമയത്ത് ജോസഫിനെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് മറിയം പറഞ്ഞു: ‘മുമ്പോട്ടുള്ളതിനേക്കാള്‍ ത്യാഗപൂര്‍ണ്ണമായ അനുഭവങ്ങളെ ദൈവം നമുക്ക് അനുവദിച്ചു തരും. അതെല്ലാം ദൈവകരങ്ങളില്‍ നിന്നു സന്തോഷത്തോടെ സ്വീകരിക്കാന്‍ നമ്മള്‍ ഒരുങ്ങിയിരിക്കണം.’ ‘എന്റെ ഭാര്യേ, ദൈവം നമുക്ക് സഹനത്തിന്റെ പരീക്ഷണങ്ങളെ അനുവദിച്ചുതരുന്നത് അവിടുത്തെ അനന്തമായ സ്‌നേഹം നിമിത്തമാണ്. എന്നാല്‍ നിന്നെ എപ്പോഴും ദൂരുണമായ അവസ്ഥയില്‍ കാണുമ്പോള്‍ എല്ലാപ്രകാരത്തിലും എല്ലാവരാലും ദൈവം തിരസ്‌കരിക്കപ്പെടുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. ദൈവാത്മാവാകാന്‍ പ്രത്യേകം കൃപ ലഭിച്ചിട്ടുള്ള നിന്നെ എല്ലാവരും നിഷ്‌കരുണം തിരസ്‌കരിക്കുന്നതും അവഗണിക്കുന്നതുമാണ് എന്നെ തീരാദുഃഖത്തിലാഴ്ത്തുന്നത്.’

നിന്റെ പദവിയനുസരിച്ച് എല്ലാവരും നിന്നെ സ്‌നേഹിക്കാനും ആദരിക്കാനും വണങ്ങുവാനും കടപ്പെട്ടിരിക്കുന്നു. എന്നാല്‍, നേരെ വിപരീതമായ അനുഭവമാണു മനുഷ്യരില്‍ നിന്നു കിട്ടുന്നത്. അതു കാണുമ്പോള്‍ എന്റെ ഹൃദയം തകരുന്നു. ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. എനിക്ക് അതില്‍ പരാതിയുമില്ല്. പക്ഷെ, നീയും നിന്റെ തിരുക്കുമാരനും ഈവിധത്തില്‍ സഹിക്കുന്നതു കാണേണ്ടിവരുന്നതുകൊണ്ടാണ് ഞാന്‍ വ്യാകുലനാകുന്നത്. ദൈവം കാരുണ്യപൂര്‍വ്വം അതിന് ഒരു പരിഹാരം കാണിച്ചുതരുന്നതുവരെ എന്റെ മനസ്സ് അസ്വസ്ഥമായിരിക്കും. അല്ലെങ്കില്‍ നീ പറഞ്ഞതുപോലെ അവിടുത്തെ അനന്തമായ ജ്ഞാനത്താല്‍ എന്തുണ് അവിടുന്ന് നിശ്ചയിച്ചിരിക്കുന്നത് എന്ന് വെളിപ്പെടുത്തുന്നതുവരെ എനിക്ക് അതു താങ്ങാന്‍ കഴിയാതെവരുന്നു. വ്യക്തിപരമായി എനിക്ക് ഒരു ദുഃഖവും സങ്കടവുമില്ല.’

ഏറ്റവുമധികം മഞ്ഞുപെയ്തിറങ്ങിയ ആ രാത്രിയില്‍, കൊടും തണുപ്പില്‍നിന്ന് അല്പമെങ്കിലും ആശ്വാസം ലഭിക്കുന്നതിന്, ഗുഹയ്ക്കുള്ളില്‍ ചെറിയൊരു തീ കൂട്ടുക എന്നതായിരുന്നു ജോസഫിന്റെ ആദ്യത്തെ പരിശ്രമം. അതുപോലെ മറ്റാവശ്യങ്ങള്‍ക്കും വേണ്ടതെല്ലാം അവനാല്‍ കഴിയാവുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തി. എങ്കിലും അവരുടെ കൊടിയ ദാരിദ്ര്യവും നിസ്സഹായാവസ്ഥയും അപ്പോഴും അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ആ സമയത്ത് ജോസഫിന് വലിയ സമാധാനം അനുഭവപ്പെട്ടു. എല്ലാ കാര്യങ്ങളും ദൈവഹിതത്തില്‍ സമര്‍പ്പിച്ച് അവന്‍ സ്വസ്ഥനായി.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles