തിരുക്കുമാരന്റെ പിറവിക്ക് ഒരുക്കമായി വി. യൗസേപ്പിതാവിന്റെ തയ്യാറെടുപ്പുകള്‍ എപ്രകാരമായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 74/100
മിശിഹാ പിറക്കേണ്ട സമയം സമാഗതമായപ്പോള്‍ അതിന്റെ ഒരുക്കങ്ങള്‍ക്കു താന്‍ എന്താണു ചെയ്യേണ്ടതെന്നതിനെക്കുറിച്ച് ജോസഫ് ഗൗരവപൂര്‍വ്വം ചിന്തിക്കാന്‍ തുടങ്ങി. ഇക്കാര്യത്തില്‍ ജോസഫ് അങ്ങേയറ്റം ബദ്ധശ്രദ്ധനായിരുന്നു. രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള ചിന്തയില്‍ അവന്റെ മുഴുവന്‍ ഹൃദയവും എപ്പോഴും ജ്വലിക്കുകയും സദാ ധ്യാനിക്കുകയും ചെയ്തിരുന്നു. ആദ്യം തന്നെ അവന് മറിയത്തോടു തിരക്കി അതിനുവേണ്ടി താന്‍ എന്താണ് ചെയ്യേണ്ടതെന്നു.
തിരുക്കുമാരന്റെ വരവിനുവേണ്ടി അവന് എന്തു ചെയ്യണമെന്ന് അവള് സസന്തോഷം വിശദമാക്കിക്കൊടുത്തു. അവള്‍തന്നെ ചില അത്യാവശ്യ സാധനങ്ങളൊക്കെ ഒരുക്കുകയും തയ്യാറാക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് നവജാതശിശുവിന് ആവശ്യമായ ലിനന്‍ കച്ചകള്‍ അവള്‍തന്നെ നെയ്തെടുത്തിട്ടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അവള്‍ക്കു പറ്റാത്തതായി ഒന്നും അവശേഷിച്ചിരുന്നില്ല. ഒരു പിള്ളത്തൊട്ടില്‍ ഉണ്ടാക്കുന്ന കാര്യം ജോസഫിന്റെ പരിഗണനയിലുണ്ടായിരുന്നു. മറിയം അതിന് എതിരൊന്നു പറഞ്ഞതുമില്ല. ‘എന്റെ ഭാര്യ, നമ്മുടെ കരങ്ങളാണ് അവന്റെ വിശ്രമസ്ഥലമെന്നതിന് സംശയമില്ല. എന്നാല്‍, പകലാണെങ്കിലും രാത്രിയാണെങ്കിലും നമ്മള് മറ്റു പല ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്ന സമയത്ത് അവനു സുരക്ഷിതമായി വിശ്രമിക്കാന്‍ ഒരു പിള്ളത്തൊട്ടില്‍ ആവശ്യമാണെന്നാണ് എനിക്കു തോന്നുന്നത്.’ ജോസഫ് പറഞ്ഞു.
അപ്രകാരം ഒരു കുഞ്ഞുതൊട്ടില്‍ ഉണ്ടാക്കുന്നതില്‍ ജോസഫ് തന്റെ എല്ലാ അറിവും കഴിവും പ്രയോജനപ്പെടുത്തി. അത് തിരുക്കുമാരന് ഏറ്റവും സുഖപ്രദവും അനുയോജ്യവുമാക്കി തീര്‍ക്കുവാന്‍ അവന് പ്രത്യേകം ശ്രദ്ധിച്ചു. അതിന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വേളകളില്‍ പലപ്രാവശ്യം അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും അത് ദൈവപുത്രനുവേണ്ടി തയ്യാറാക്കപ്പെടുന്നതാണല്ലോ എന്ന ചിന്തയാല്‍ അവന്റെ ഹൃദയം ജ്വലിക്കുകയും ചെയ്തു. ആ തിരിച്ചറിവ് അവന് ആത്മീയാനുഭൂതിയിലേക്ക് നയിച്ചു. ആ സമയത്ത് അവന്റെ ഹൃദയം ആനന്ദംകൊണ്ടു നിറഞ്ഞുതുളുമ്പിയിരുന്നു. എന്തെന്നാല്‍ അവതരിക്കുന്ന വചനത്തെക്കുറിച്ചുള്ള അത്യുന്നതമായ നിഗൂഡരഹസ്യങ്ങളില് ദൈവം അവനെ പങ്കാളിയാക്കിയിരിക്കുന്നു എന്ന മഹത്തായ തിരിച്ചറിവാണ് ആത്മാവില്‍ അവനെ അഭിഷേകപൂരിതനാക്കിയത്. ആത്മനിര്വൃതിയില്നിന്നുണര്ന്ന ഉടനെ തനിക്ക് അനുഭവപ്പെട്ട കാര്യങ്ങള്‍ മറിയവുമായി ജോസഫ് ചര്‍ച്ച ചെയ്തു. ദൈവത്തിന്റെ ശക്തവും അത്യുദാത്തവുമായ ഔദാര്യം വ്യക്തമായി അവര്‍ക്ക് പ്രകടമാക്കിക്കൊടുക്കുന്നതിനെ ഓര്‍ത്ത് അവര്‍ ഇരുവരും കര്‍ത്താവിനെ സ്തുതിച്ചു. തുടര്‍ന്ന് ജോസഫ് തന്റെ ജോലിയിലേക്ക് തിരിച്ചുപോയി. കൊടിയ ദാരിദ്ര്യത്തിന്റെയും എല്ലാ സുഖസൗകര്യങ്ങളുടെ നിഷേധത്തിന്റെയും നടുവിലായിരിക്കും ദൈവത്തിന്റെ വചനം അവതരിക്കുന്നതെന്ന് മറിയത്തിനു വ്യക്തമായി അറിയാമായിരുന്നു. എങ്കിലും കര്‍ത്താവിന്റെ കര്‍ശനമായ നിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ ജോസഫിനോട് അക്കാര്യത്തെക്കുറിച്ചു അവള് ഒന്നുംതന്നെ സൂചിപ്പിച്ചിരുന്നില്ല.
ലോകരക്ഷകന് തന്റെ ഭവനത്തിലാണു പിറക്കാനിരിക്കുന്നതെന്ന് ജോസഫ് സ്വാഭാവികമായും വിശ്വസിച്ചിരുന്നു. അതനുസരിച്ച് അതിരറ്റ താല്പര്യത്തോടെ ആവശ്യമായ എല്ലാ ഒരുക്കങ്ങളും ക്രമീകരണങ്ങളും നടത്തുകയും ചെയ്തിരുന്നു. അവന്റെ അകമഴിഞ്ഞ താല്പര്യത്തിലും സ്നേഹത്തിലും ദൈവം വളരെ സംപ്രീതനായിരുന്നു. അതുപോലെതന്നെ മറിയവും. ജോസഫില്‍ വലിയ സമാശ്വാസവും ഉന്നതമായ കൃപകളുമാണ് ദൈവവചനമാകുന്ന തിരുക്കുമാരന് വര്ഷിച്ചിരുന്നതെന്ന് അവന്റെ മനോഭാവത്തിലും പെരുമാറ്റത്തിലും വളരെ പ്രകടവും വ്യക്തവുമായിരുന്നു. ജോസഫ് നടത്തുന്ന ഒരുക്കങ്ങളിലും ക്രമീകരണങ്ങളിലും മറിയം അത്യധികം സംതൃപ്തയുമായിരുന്നു.
വലിയ ആനന്ദത്തോടും പ്രതീക്ഷയോടുംകൂടി രക്ഷകന്റെ ജനനവും കാത്തുകഴിയുമ്പോഴാണ് റോമന്‍ ചക്രവര്‍ത്തിയുടെ കല്പനയെക്കുറിച്ചു കേള്‍ക്കാന്‍ ഇടയായത്. ലോകമാസകലമുള്ള സകലരും അവരവരുടെ പിതൃഗ്രാമത്തില്‍ പോയി പേരെഴുതി ചേര്‍ക്കണമെന്ന് കല്പന പുറപ്പെട്ടത് ആ സമയത്താണ്. ആ വിളംബരം ജോസഫിന്റെ ഹൃദയത്തില്‍ വലിയ ഉല്‍ക്കണ്ഠയും ദുഃഖവും ഉളവാക്കി. എന്തെന്നാല്‍ തന്റെ പിതാവായ ദാവീദിന്റെ പട്ടണമായ ബത്ലഹേമിലേക്ക് പേരെഴുതി ചേര്‍ക്കുന്നതിന് യാത്ര ചെയ്യേണ്ടിയിരുന്നു. യഥാര്‍ത്ഥത്തില്‍ അത് ജോസഫിന്റെയോ അവന്റെ പിതാവിന്റെയോ നാടായിരുന്നില്ല. മരിച്ചുപോയ തന്റെ പൂര്‍വ്വികരായ മാതാപിതാക്കന്മാരുടെ ജന്മസ്ഥലമായിരുന്നു ബത്ലേഹം.
ജോസഫ് ഉടനെതന്നെ തന്റെ ഭാര്യയോട് രാജകല്പനയെക്കുറിച്ചു സംസാരിച്ചു. വര്‍ഷത്തിലെ ഏറ്റവും മോശമായ കാലാവസ്ഥയില്‍ യാത്രചെയ്യുന്നതിന്റെ അപകടാവസ്ഥയെക്കുറിച്ച് ജോസഫ് വ്യാകുലചിത്തനായിരുന്നു. തന്നെയുമല്ല, മറിയത്തിന്റെ പ്രസവസമയത്ത്, രക്ഷകന്റെ തിരുപ്പിറവി പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് അതുപോലൊരു യാത്രചെയ്യുന്നതിനെക്കുറിച്ചു്ള്ള ചിന്തകള്‍ ജോസഫിന്റെ ദുഃഖം ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. ദൈവത്തിന്റെ ആജ്ഞകള്‍, സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലെ അധികാരികളിലൂടെ നടപ്പാക്കുന്ന ഉത്തരവുകള്‍ അനുസരിക്കാന്‍ നമ്മള് ഒരുങ്ങിയിരിക്കണമെന്ന് മറിയം ഉപദേശിച്ചു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.