ദൈവസുതന്റെ പിറവിയില്‍ ആനന്ദിക്കുമ്പോഴും വി. യൗസേപ്പിതാവ് ആകുലനായതെന്തുകൊണ്ട് എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 68/100

മനുഷ്യാവതരാരരഹസ്യത്തെക്കുറിച്ച് തന്റെ ഭാര്യയുമായുള്ള സംഭാഷണത്തിനു ശേഷം, ഇതുവരെ അവര്‍ ജീവിച്ചതുപോലെതന്നെ അവരുടെ ജീവിതക്രമം തുടര്‍ന്നുകൊണ്ടുപോകുവാന്‍ ജോസഫും മറിയവും ധാരണയിലെത്തി. അവളുടെ ഉദരത്തില്‍ വസിക്കുന്ന ദൈവവചനത്തെ ആരാധിക്കാനുള്ള ജോസഫിന്റെ ആഗ്രഹത്തിന് പരിശുദ്ധ മറിയം സന്തോഷപൂര്‍വ്വം അനുമതി നല്കി. അവന്‍ ആഗ്രഹിക്കുമ്പോഴൊക്കെ അങ്ങനെ ചെയ്യാനുള്ള അനുമതി അവനു നല്കി. ഇതു ശ്രവിച്ച ജോസഫ് തീര്‍ത്തും സംതൃപ്തനായി. ഇത് ദൈവതിരുമനസ്സായി കണക്കാക്കി. ആനന്ദനിര്‍വൃതിയിലായ ജോസഫ് ആദ്യം ദൈവത്തിനും പിന്നീട് തന്റെ മണവാട്ടിക്കും നന്ദി പറഞ്ഞു.

ജോസഫ് ഇപ്പോള്‍ ജോലികളില്‍ വ്യാപൃതനാകുന്നെങ്കിലും അവന്റെ ചിന്തകള്‍ എപ്പോഴും മനുഷ്യാവതാരം ചെയ്ത വചനത്തോടൊപ്പമായിരുന്നു. അവിടുത്തോടുള്ള സ്‌നേഹത്താല്‍ അവന്റെ ഹൃദയം എപ്പോഴും തുടിച്ചുകൊണ്ടിരുന്നു. ദീര്‍ഘസമയത്തേക്ക് വിശുദ്ധന് അകന്നിരിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഇടയ്ക്കിടയ്ക്ക് വലിയ ഭയഭക്ത്യാദരവുകളോടെ മറിയത്തിന്റെ മുമ്പിലണഞ്ഞ് അവന്റെ ദൈവത്തെ അവന്‍ മുട്ടുകുത്തി ആരാധിച്ചിരുന്നു. അങ്ങെ ചെയ്യുമ്പോഴെല്ലാം അവന്‍ ദൈവസ്‌നേഹത്താല്‍ കൂടുതല്‍ കൂടുതല്‍ ജ്വലിക്കുമായിരുന്നു. മറിയത്തെ അല്പംപോലും ശല്യപ്പെടുത്താതെ നിശ്ശബ്ദനായി പെട്ടെന്നുതന്നെ അവന്‍ തിരിച്ച് ജോലിസ്ഥലത്തേക്കു പോകുമായിരുന്നു. പ്രത്യേകിച്ചും അവള്‍ ദൈവൈക്യത്തിലാണെന്ന് കാണുമ്പോള്‍. അവള്‍ എന്തെങ്കിലും ചെറിയ ജോലികള്‍ ചെയ്തിരുന്ന മറ്റവസരങ്ങളില്‍ അവര്‍ ദൈവമഹത്വത്തിന്റെ പുകഴ്ചയ്ക്കായി ചെറിയൊരു സംഭാഷണത്തിലേര്‍പ്പെടുമായിരുന്നു. ഈ സന്ദര്‍ശനങ്ങളിലൂടെ സന്തോഷവാനായ ദൈവം ജോസഫിന്റെ ആത്മാവില്‍ ഉന്നതമായ പ്രസാദവരങ്ങള്‍ നിറയ്ക്കുന്നതായി അവന്‍ അനുഭവിച്ചിരുന്നു. അങ്ങനെയുള്ള അവസരങ്ങളില്‍ മറിയത്തിന്റെ ഉദരത്തില്‍ വസിക്കുന്ന മനുഷ്യാവതാരം ചെയ്ത വചനം വ്യക്തമായി അവന് വെളിപ്പെട്ടിരുന്നു. തത്ഫലമായി അവന്‍ അവിടുത്തെ ആരാധിക്കുകയും തന്നെത്തന്നെ പൂര്‍ണ്ണമായും അവിടുത്തേക്കു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ദൈവമായ ശിശു അതിനു പകരമായി ജോസഫിനെ സ്‌നേഹപൂര്‍്വ്വം കടാക്ഷിച്ചിരുന്നു.

ജോസഫ് ഇക്കാര്യങ്ങളെല്ലാം എത്രയും പരിശുദ്ധ കന്യകാമറിയത്തോട് വിശദീകരിച്ച് പറഞ്ഞിരുന്നു. ഈ ആത്മീയോന്മാദത്തിന്റെ നിമിഷങ്ങളില്‍ അവന്‍ ദര്‍ശിച്ച ദൈവശിശുവിന്റെ പ്രത്യേകതകള്‍ അവന്‍ വര്‍ണ്ണിച്ച് കേള്‍പ്പിക്കുമായിരുന്നു. ‘ഓ, എന്റെ എത്രയും പരിശുദ്ധ മണവാട്ടീ, നമ്മുടെ അവതാരം ചെയ്ത വചനം എത്ര പ്രിയപ്പെട്ടതാണ്. എത്രയോ സ്‌നേഹവും സൗന്ദര്യവും തികഞ്ഞവനാണവന്‍! അവന്റെ മനോഹാരിത മാത്രം മതി നമുക്ക് ആനന്ദത്തിന്റെ പറുദീസ പ്രദാനം ചെയ്യാന്‍ എന്നകാര്യത്തില്‍ എനിക്കുറപ്പാണ്. എല്ലാ സൃഷ്ടികളുടെയും ഹൃദയങ്ങളെ അവന്‍ തന്നിലേക്കു വലിച്ചടുപ്പിക്കുമെന്ന് എനിക്കുറപ്പാണ്. അവന്റെ സ്‌നേഹത്തെ നിരസിക്കാന്‍ ആര്‍ക്ക് കഴിയും? അവന്റെ മനോഹാരിത മാത്രംമതി ഹൃദയങ്ങളെ കീഴടക്കുവാന്‍. ഈ സൗന്ദര്യം നമ്മുടെ മുമ്പില്‍ മറനീക്കി പ്രത്യക്ഷപ്പെടുകയും നമ്മള്‍ അവിടുത്തോട് ഏറ്റവും അടുത്ത് ഇടപെടുകയും ചെയ്യുന്ന ആ നിമിഷങ്ങള്‍ എത്ര ഭാഗ്യമുള്ളതായിരിക്കും! ഓ നമ്മള്‍ എത്രയോ അനുഗ്രഹിക്കപ്പെട്ടവരാണ്! അവിടുന്ന് എല്ലാ സമയവും എപ്പോഴും നമ്മോടൊത്തായിരിക്കുകയും നമ്മുടെ ഭവനത്തില്‍ നമ്മോടൊത്ത് വസിക്കുകയും ചെയ്യുന്ന മഹോന്നതമായ ഭാഗ്യമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്! അതുകണ്ട് മാലാഖമാര്‍ക്കുപോലും നമ്മോട് അസൂയ തോന്നും! ഓ, തീര്‍ച്ചയായും, നമ്മള്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവരാണ്!’

ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ജോസഫ് ആനന്ദാശ്രുക്കള്‍ പൊഴിക്കുകയായിരുന്ന്ു. മറിയമാകട്ടെ, തന്റെ അരൂപിയാല്‍ ലഭിച്ച പ്രചോദനമനുസരിച്ച് പുതിയ പുതിയ ദൈവസ്തുതികള്‍ ആലപിക്കുകയായിരുന്നു. ഇതു ശ്രവിച്ച ജോസഫ് ആനന്ദത്താല്‍ നിറഞ്ഞ് ഏറ്റവും പരിശുദ്ധയും നിര്‍മ്മലയുമായ ഈ അമ്മ എന്ന് മഹാദാനത്തിനായി ദൈവത്തിന് നന്ദിയും സ്തുതിയുമര്‍പ്പിച്ചു.

ജോലിക്കു പോകുമ്പോഴും തന്റെ തൊഴിലിനാവശ്യമായ സാധനങ്ങളോ വീട്ടുസാധനങ്ങളോ വാങ്ങാനായി പുറത്തു പോകുമ്പോഴുമെല്ലാം ആദ്യം അവതാരം ചെയ്ത വചനത്തിന്റെ മുമ്പില്‍ മുട്ടുകുത്തി അവിടുത്തെ സഹായവും ആശീര്‍വാദവും യാചിച്ചിരുന്നു. അവന് അതു സമൃദ്ധമായി ലഭിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ മറിയത്തിന്റെ ആശീര്‍വാദവുംകൂടി ലഭിക്കുവാന്‍ അവന്‍ അഭിലഷിച്ചിരുന്നു. എന്നാല്‍ തന്നെത്തന്നെ ഏറ്റവും വിനീതയാക്കുവാന്‍ ആഗ്രഹിച്ചിരുന്ന അവള്‍ ഒരിക്കലും അങ്ങനെ ചെയ്തിരുന്നില്ല. അതിനാല്‍ തന്റെ ദൈവത്തോട് ആശീര്‍വാദത്തിനായി യാചിക്കുമ്പോള്‍ അവന്‍ നിശ്ശബ്ദനായി അവളുടെ ആശീര്‍വാദവുംകൂടി തരണമെന്ന് അവിടുത്തോട് അപേക്ഷിച്ചിരുന്നു. അങ്ങനെ ജോസഫ് അതില്‍ സംതൃപ്തി കണ്ടെത്തി.

ദാരിദ്യംമൂലം തന്റെ ഭാര്യയ്ക്ക് താന്‍ ആഗ്രഹിച്ചിരുന്നതുപോലെ എല്ലാക്കാര്യങ്ങളും പ്രദാനം ചെയ്യാന്‍ സാധിക്കാത്തതില്‍ അവന്‍ വേദനിച്ചിരുന്നു. എല്ലാ സാഹചര്യങ്ങളിലും അവളുടെ സേവനത്തിനായി തന്നെത്തന്നെ സമര്‍പ്പിക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്നതുപോലെതന്നെ ഈ പ്രത്യേകാവസ്ഥ.യില്‍ ആവശ്യമായ നല്ല പോഷകാഹാരങ്ങള്‍ അവള്‍ക്ക് നല്കുവാനും അവന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു. ഇടയ്ക്കിടെ അവന്‍ അവളോടു പറഞ്ഞിരുന്നു: ‘ഓ എന്റെ പ്രിയേ, നിനക്കാവശ്യമായതെല്ലാം വാങ്ങിക്കാന്‍ സാധിക്കാത്തത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു! അത്യാവശ്യ ഭക്ഷണം വാങ്ങുവാന്‍ മാത്രമേ എന്റെ ദാരിദ്ര്യാവസഥ എന്നെ അനുവദിക്കുന്നുള്ളു. നമ്മുടെ ദൈവവും എല്ലാ സൃഷ്ടികളുടെയും നാഥനുമായവന്‍ നിന്നില്‍നിന്ന് വളരെ അപര്യാപ്തമായ പോഷണം സ്വീകരിക്കുവാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.’

ഈ വാക്കുകള്‍ കേട്ട് ദൈവമാതാവ് പുഞ്ചിരി തൂകി. തന്റെ ദൈവസുതന്‍ തികഞ്ഞ സംതൃപ്തനാണ്. അതിനാല്‍ ഈ അവസ്ഥയോര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ലെന്ന് അവള്‍ അവനെ ഉപദേശിച്ചു. അല്ല; അവന്‍ മറ്റെന്തെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍് അതിനുള്ള അവസരം അവിടുന്നതന്നെ ഒരുക്കിക്കൊള്ളുമെന്നും അവള്‍ പറഞ്ഞു. ഇത് ജോസഫിനെ സാന്ത്വനപ്പെടുത്തി. തങ്ങളുടെ ദാരിദ്ര്യത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് എപ്രകാരമുള്ള ഒരു ജീവിതമാണ് രക്ഷകന് നയിക്കേണ്ടിവരിക എന്ന കാര്യത്തെപ്പറ്റി ഇടയ്ക്കിടെ അവര്‍ പരസ്പരം പറയുമായിരുന്നു. ഇതോര്‍ത്ത് അവര്‍ വിതുമ്പിക്കരഞ്ഞിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles