ദൈവപുത്രന്റെ മനുഷ്യാവതാരരഹസ്യം വെളിപ്പെട്ടപ്പോള്‍ വി. യൗസേപ്പിതാവ് എന്താണ് ചെയ്തതെന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 66/100
പരി. മറിയം താമസിക്കുന്ന മുറിയുടെ മുമ്പില്പോയി മുട്ടുകുത്തി അവള്‍ക്കായി കാത്തിരിക്കാനായി അവന് തിടുക്കത്തില്‍ നടന്നു. അങ്ങനെ അവതരിച്ച വചനത്തിന്റെ അമ്മയ്ക്ക് ഉചിതമായ ബഹുമാനമര്പ്പിക്കുവാന് കഴിയുമല്ലോ. അവന് ഒരു സായൂജ്യത്തില്‍ സംവഹിക്കപ്പെടുകയും തന്റെ പരിശുദ്ധയായ പത്നി പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്നത് കാണുകയും ചെയ്തു. അവന് അവളുടെ ഉദരത്തിലുള്ള ദൈവവചനത്തെ ധ്യാനപൂര്‍വ്വം ആരാധിച്ചു. അവന്റെ ആത്മാവ് വലിയ ആനന്ദം കൊണ്ട് നിറഞ്ഞു. ആ സമയം ദൈവപുത്രന്റെ മനുഷ്യാവതാരത്തിന്റെ രഹസ്യങ്ങള്‍ അവനു മുമ്പില്‍ വെളിവാക്കപ്പെട്ടു. സാവകാശം ജോസഫ് തന്റെ സ്വാഭാവികാവസ്ഥയിലേക്ക് വന്നു. ഏറ്റം പരിശുദ്ധയായ അമ്മ അപ്പോഴും പുറത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല. അവന് വീട്ടുസാധനങ്ങള്‍ ക്രമപ്പെടുത്തി വയ്ക്കാനും തന്റെ യാത്രയ്ക്കായി ഒരുക്കിയ സാധനങ്ങള്‍ തിരിച്ചുവയ്ക്കാനുമായി പോയി. വീണ്ടും അവന് മറിയത്തിന്റെ മുറിയുടെ അടുത്തുവന്നു നിന്നു. അവസാനം പരിശുദ്ധ അമ്മ പ്രകാശപൂരിതയായി തന്റെ മുറിയില്‍നിന്ന് പുറത്തുവന്നു. അവളുടെ ധന്യതയും സൗന്ദര്യവും ചിന്തകള്‍ക്ക് അപ്പുറമായിരുന്നു. സന്തോഷവാനായ ജോസഫ് അവതരിച്ച വചനത്തെ മുട്ടുകുത്തി നമസ്കരിച്ച് ആരാധിച്ച് തന്നെത്തന്നെ ദൈവപുത്രന്റെ ശുശ്രൂഷയ്ക്കായി സമര്‍പ്പിച്ചു. അവന് മറിയത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് തന്റെ തെറ്റായ തീരുമാനത്തിന് അവളോടു മാപ്പുചോദിച്ചു.
അവളുടെ ഏറ്റവും എളിയ ദാസനായി അവന് തന്നത്തെന്നെ സമര്‍പ്പിച്ചു. സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും സമ്മിശ്രവികാരങ്ങളാല്‍ നിറഞ്ഞ് കണ്ണുനീര്പൊഴിച്ചുകൊണ്ട് അവന് പറഞ്ഞു: ‘ഓ ദൈവവചനത്തിന്റെ എത്രയും പരിശുദ്ധ അമ്മേ, ഞാന്‍ നിനക്ക് വന്ദനം അര്‍പ്പിക്കുന്നു. എന്നോട് ക്ഷമിക്കണമെന്ന് ഞാന്‍ നിന്നോട് യാചിക്കുന്ന്ു. നിന്റെ സാന്നിദ്ധ്യത്തില്‍ വ്യാപരിക്കാന്‍ ഞാന്‍ തീര്‍ത്തും അയോഗ്യനാണ്. മറിച്ച്, നിന്നാല്‍ നിഷ്ക്കാസിതനാകുവാനാണ് എനിക്ക് അര്‍ഹതയുള്ളത്.’ സന്തോഷവാനായ ജോസഫ് തന്റെ ആദരവിന്റെ സൂചകമായി തന്നെത്തന്നെ അങ്ങേയറ്റം എളിമപ്പെടുത്ത്ിക്കൊണ്ടിരുന്നു. അവളോടിത്രയും നീചമായി പെരുമാറിയതിലുള്ള തന്റെ ക്ഷമാപണം അവന് തുടര്‍ന്നും പ്രകടിപ്പിച്ചു. എന്നാല്‍ എത്രയും പരിശുദ്ധ ജനനി തന്നെ ഉപേക്ഷിക്കുവാന്‍ അവന് തീരുമാനിച്ചതില്‍ അവനോടൊത്ത് സഹതപിക്കുകയും തുടര്‍ന്നും തന്റെ സ്നേഹം അവനോടൊത്തുണ്ടെന്ന് ഉറപ്പുനല്‍കുകയും ചെയ്തുകൊണ്ട്, വിനയത്തില്‍ അവനേക്കാള്‍ മികച്ചുനിന്നു. ഈ സമയം അവന് തന്നെ സമര്‍പ്പിച്ചതുപോലുള്ള ഒരു ശുശ്രൂഷയല്ല അവള് ആഗ്രഹിച്ചത്, മറിച്ച്, ആദ്യമേ അവര്‍ തമ്മിലുണ്ടാക്കിയ പദ്ധതികള്‍ മാറ്റമില്ലാതെ നിലനില്ക്കണമെന്ന് അവള് ആവശ്യപ്പെട്ടു.
മാലാഖ എന്താണ് തനിക്ക് വെളിപ്പെടുത്തിയതെന്ന് ജോസഫ് മറിയത്തോടു വിവരിച്ചു പറഞ്ഞു. ദൈവപുത്രന്റെ മനുഷ്യാവതാരം എന്ന ഉന്നതരഹസ്യത്തെക്കുറിച്ചുള്ള അറിവു ലഭിക്കാന്‍ യോഗ്യനാക്കിത്തീര്ത്തുവെന്നതിനാല് കഴിഞ്ഞ മാസങ്ങളിലും ആഴ്ചകളിലും താന്‍ അനുഭവിക്കേണ്ടിവന്ന ഉത്കണ്ഠകളെക്കുറിച്ച് ഓര്‍ത്ത് അവന് സന്തോഷിച്ചു. ‘ഓ, എന്റെ ഹൃദയം ആനന്തത്താല്‍ നിറയുന്നു.’ അവന് മറിയത്തോടു പറഞ്ഞു. ‘ഇത് വര്‍ണ്ണനാതീതമാണ്; എന്നാല്‍ അത് അങ്ങനെയാണെന്ന് നിനക്കറിയാമെന്നുള്ളത് നിസ്സംശയമാണ്. ദൈവം എന്നോടു പ്രദര്‍ശിപ്പിക്കുന്ന അനന്ത നന്മയെക്കുറിച്ച് അവിടുത്തേക്കു നന്ദിയര്‍പ്പിക്കണമെന്ന് ഞാന്‍ യാചിക്കുന്നു.’ അവര്‍ ഒരുമിച്ച് ദൈവത്തെ സ്തുതിച്ച് അവിടുത്തേക്ക് നന്ദിയര്‍പ്പിച്ചു.
അതിനുശേഷം വാഗ്ദനം ചെയ്യപ്പെട്ട രക്ഷകനെ അയച്ചതുവഴി ലോകത്തിന്മേല്‍ ചൊരിഞ്ഞ മഹോന്നതമായ അനുഗ്രഹത്തെക്കുറിച്ചും പ്രത്യേകിച്ച് പരിശുദ്ധ മറിയത്തിന്റെ നിര്‍മ്മലമായ ഉദരത്തില്‍ പിറക്കാന്‍ ഇടയായതിനെക്കുറിച്ചും ആ സമയം അവര്‍ സംസാരിച്ചു. ജോസഫ് ഇതിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്നപ്പോള് ദൈവം തന്റെമേല്‍ ചൊരിഞ്ഞ വിശിഷ്ടതയ്ക്ക് താന്‍ തീര്‍ത്തും അയോഗ്യയാണെന്ന് ഏറ്റുപറഞ്ഞ് മറിയം തന്നെത്തന്നെ വളരെയധികം എളിമപ്പെടുത്തി.
സന്തോഷവാനായ ജോസഫ് ആശ്ചര്യത്തോടെ ഉദ്ഘോഷിച്ചു. ‘ഓ, രക്ഷകന് നിന്നില്‍നിന്നു പിറക്കുമെന്നും നിന്നോടൊപ്പം വസിക്കുമെന്നും ആരെങ്കിലും ഒരിക്കലെങ്കിലും ചിന്തിച്ചിരിക്കുമോ? ഓ, നമ്മുടെ ഭാഗധേയം എത്രയോ വിശിഷ്ടമാണ്? ഓ ഇത്രയും മഹത്വമേറിയ കാരുണ്യത്തിനും ഔദാര്യത്തിനും എങ്ങനെയാണ് നന്ദിയും സ്തുതിയും അര്‍പ്പിക്കാന്‍ കഴിയുക? ഞാന്‍ തനിച്ച് അതു ചെയ്യുവാന്‍ തീരെ അപ്രാപ്യനാണ്. എന്നാല്‍ എന്റെ മണവാട്ടിയായ നിനക്ക്, രക്ഷകന്റെ അമ്മയാകുവാന്‍ ഭാഗ്യം സിദ്ധിച്ചവളായ നിനക്ക് ഏറ്റവും പ്രീതിജനകമായ വിധത്തില്‍ അത് ചെയ്യുവാന്‍ കഴിയും.’
ഇതു ശ്രവിച്ച മറിയം വീണ്ടും തന്നെത്തന്നെ കൂടുതല്‍ എളിമപ്പെടുത്തി; ഈ ചിന്തകള്‍ അവരെ ഹര്ഷോന്മാദത്തിലാക്കി. അതിനുശേഷം കഴിഞ്ഞ ആഴ്ചകളില്‍ താന്‍ അവളില്‍ ദര്‍ശിച്ച അനിതരസാധാരണമായ കാര്യങ്ങളെക്കുറിച്ച് ദൈവമാതാവിനോട് പറഞ്ഞു. അവളെ കാണുവാനായി തന്റെ അന്തരാത്മാവില്‍ എന്തോ ഒന്ന് തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അവള് കാണാതെ അവളെ താന്‍ വന്ദിച്ചിരുന്നുവെന്നും അവന് വെളിപ്പെടുത്തി. ‘ഇതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല’ അവള് പറഞ്ഞു. ‘എന്റെ ദൈവംതന്നെയാണ് നിന്റെയുള്ളില്‍ വസിക്കുന്നത്. അതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുവാന്‍ ആന്തരിക പ്രേരണ എനിക്ക് ലഭിച്ചത്. ദീര്‍ഘനാളായി കാത്തിരുന്ന രക്ഷകനെ ആരാധിക്കാന്‍ എന്റെ ആത്മാവ് എന്നെ നിര്‍ബന്ധിക്കുകയായിരുന്നു. കൂടാതെ, നിന്റെ സഹവാസത്തില്‍ വളരെ ഉന്നതമായ ഒരു ആനന്ദം എനിക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. തത്ഫലമായി ഞാന്‍ എന്നെത്തന്നെ നിര്‍ബന്ധിച്ചാണ് നിന്റെ സാന്നിധ്യത്തില്‍നിന്ന് ഓരോ കാര്യങ്ങള്‍ക്കായി വിട്ടുപോയിരുന്നത്.
അവന് പ്രാര്‍ത്ഥിച്ചു. ‘ഓ എന്റെ ദൈവമേ, ഒരു ശക്തിയേറിയ കാന്തംപോലെ അങ്ങാണല്ലോ എന്നെ ആകര്‍ഷിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അത് എവിടെനിന്നാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല! അങ്ങയുടെ സാന്നിധ്യാവബോധമില്ലാതെതന്നെ ഞാന്‍ ആരാധിച്ചു! സത്യത്തില്‍ അങ്ങ് എവിടെയാണ് വസിക്കുന്നതെന്ന് അറിയാതെ എപ്പോഴും അങ്ങയുടെ ആരാധ്യമായ സാന്നിധ്യത്തിലായിരിക്കുവാന് ഞാന്‍ അഭിലഷിച്ചു! അത്യുന്നതമായ അങ്ങേ ദൈവികമഹത്വത്തിന് സ്തുതിയും പുകഴ്ചയും! ഞാനങ്ങയെ തിരിച്ചറിഞ്ഞില്ലെങ്കിലും അവിടുത്തെ അതിയായ കൃപാവരങ്ങളാല്‍ അവിടുന്ന് എന്നെ നിറച്ചു.’
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.