വി. യൗസേപ്പിതാവിനെ അത്യധികം ആഹ്ലാദിപ്പിച്ച മാലാഖയുടെ വെളിപ്പെടുത്തല്‍ എന്തായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 65/100
ജോസഫ് ഉറക്കം പിടിച്ചപ്പോള്‍ മാലാഖ പ്രത്യക്ഷപ്പെട്ട് പറഞ്ഞു: ‘ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ നിന്റെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള് ഉദരത്തില്‍ വഹിക്കുന്ന പുത്രന് പരിശുദ്ധാത്മാവിനാല്‍ ഉരുവായവനാണ്. അവള് പ്രസവിക്കുന്ന പുത്രന് നീ ഈശോ എന്ന് പേരു നല്‍കണം. അവന് നമ്മുടെ ജനത്തിന്റെയും ലോകം മുഴുവന്റെയും രക്ഷകനായിരിക്കും. പാപത്തിന്റെ അടിമത്തത്തില്‍നിന്ന് ലോകത്തെ സ്വതന്ത്രമാക്കാനും രക്ഷിക്കാനുമാണ് അവന് വരുന്നത്.’
‘മറിയത്തില്‍നിന്നു മിശിഹാ ജനിക്കണം എന്ന് തിരുമനസ്സായതുവഴി നിന്റെമേല്‍ ദൈവം വര്‍ഷിച്ചിരിക്കുന്ന അതിരില്ലാത്ത കൃപയെ വിലമതിക്കുക. നിന്റെ പത്നിയുടെ യോഗ്യതയും വിശുദ്ധിയും പരിഗണിക്കുക. എന്നിട്ടും അവളെ ഉപേക്ഷിക്കണം എന്ന് നീ പ്രസ്താവിച്ചിരിക്കുന്നു. അതേസമയം ദൈവം അവതരിച്ച വചത്തിന്റെ മാതാവായി അവളെ തെരഞ്ഞെടുത്തിരിക്കുന്നു.’
അവന് അനുഭവപ്പെട്ട അത്യധികമായ സന്തോഷംമൂലം അവന് ഉണര്‍ന്നു. മാലാഖ കൂടുതലായി ഒന്നും പറഞ്ഞില്ല. അവന് ലഭിച്ച അതിധാരാളമായ സമാശ്വാസം നിമിത്തം അവന് മരിച്ച് പോകാതിരിക്കുന്നതിന് ദൈവത്തിന്റെ ഒരു പ്രത്യേകസഹായം ആവശ്യമായിരിക്കത്തക്കവിധം അത്രയധികമായിരുന്നു അവന്റെ സന്തോഷവും ആഹ്ലാദവും. അവന് സ്വര്‍ഗ്ഗത്തിലേക്ക് കരങ്ങളുയര്‍ത്തി ഉദ്ഘോഷിച്ചു., ‘ഓ ദൈവമേ, എന്റെ ദൈവമേ, അളവില്ലാത്ത നന്മതന്നെയായ ദൈവമേ, ഇത്ര വലിയ കൃപകിട്ടാന്‍ ഞാന്‍ എങ്ങനെയാണ് യോഗ്യനായിത്തീര്ന്നത്? ഇത്ര മഹോന്നതമായ ഒരനുഗ്രഹം അവിടുത്തെ മഹിമയില്‍നിന്ന് എന്റെമേല്‍ വര്‍ഷിക്കുമെന്ന് ആരറിഞ്ഞു?
്അവന് സാഷ്ടാംഗം വീണ് തന്റെ മുഖം തറയിലമര്‍ത്തി ചുടുകണ്ണീരോടെ തന്റെ പത്നിയായ മറിയത്തെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ആ വലിയ തെറ്റിന് ക്ഷമ യാചിച്ചു. ‘ഓ എന്റെ ദൈവമേ, എന്റെ രാജ്ഞിയായി ഇത്രയും മഹോന്നതസൃഷ്ടിയെ തന്ന നിന്റെ വലിയ നന്മയോട് ഞാന്‍ എത്രമാത്രം നന്ദിയില്ലാത്തവനായിപ്പോയി. അവളെ മറന്ന് ദൂരെ പോകാന്‍ തുനിഞ്ഞതുവഴി ഞാന്‍ ചിന്തയില്ലാത്തവനും ദൈവദാനത്തെ വിലമതിക്കാത്തവനുമായി. അവിടുന്ന് ഈ വലിയ രഹസ്യം എനിക്ക് വെളിപ്പെടുത്തി തന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരു വിഡിഢിയെപ്പോലെ എന്റെ സന്തോഷമെല്ലാം നഷ്ടപ്പെടുത്തി അലഞ്ഞുതിരിയുമായിരുന്നു. എങ്കില്‍ ഈ ദുരിതം പിടിച്ച സൃഷ്ടിക്ക് എന്തു സംഭവിക്കുമായിരുന്നു? ഓ എന്റെ ദൈവമേ, നീ എത്ര നല്ലവനാകുന്നു! ഇത്ര നന്ദിയില്ലാത്തവനായ എന്നോട് നിന്റെ കൃപകള്‍ എത്ര ഔദാര്യപൂര്ണമാണ്! മറിയത്തിന്റെ സുകൃതങ്ങളാലും യോഗ്യതകളാലുമാണ് അവിടുന്ന് എന്നെ ഇങ്ങനെ സമാശ്വസിപ്പിച്ചതെന്ന് ഞാന്‍ ഉറപ്പായി വിശ്വസിക്കുന്നു. അതുകൊണ്ട് ഞാന്‍ അങ്ങയോട് യാചിക്കുന്നു. അവളുടെ യോഗ്യതകള്‍ പരിഗണിച്ച് ഞാന്‍ ചെയ്ത ഈ തെറ്റ് അവിടുന്ന് എന്നോടു ക്ഷമിക്കണമേ.’
എളിമയോടെ ജോസഫ് ഇങ്ങനെ സാഷ്ടാംഗപ്രണാമം ചെയ്ത് ക്ഷമ യാചിച്ചു കിടന്നപ്പോള്‍ അവന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ അത്യുന്നത ദൈവത്തിന്റെ ശബ്ദം കേട്ടു. അവിടുത്തെ ക്ഷമ മാത്രമല്ല വലിയ സ്നേഹവും ഉറപ്പിക്കുന്ന സ്വരം ഇങ്ങനെ പറഞ്ഞു: ‘എന്റെ വിശ്വസ്ത ദാസനായ ജോസഫേ, എനിക്ക് നിന്നോടുള്ള സ്നേഹം വളരെ വലുതാണ്.’ ഈ പ്രിയപ്പെട്ട വാക്കുകള്‍ ജോസഫിനെ അളവില്ലാത്തവിധം സമാശ്വസിപ്പിച്ചു. അവന് എഴുന്നേറ്റ് രാജകീയപ്രവാചകന്റെ വാക്കുകളില്‍ ദൈവത്തിന് നന്ദി പറഞ്ഞു. ‘എന്റെ ഹൃദയത്തിന്റെ ആകുലതകള്‍ വര്‍ദ്ധിക്കുമ്പോള്‍ അങ്ങ് നല്കുന്ന ആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു.’ (സങ്കി. 94:19).
ജോസഫിന് തന്റെ പ്രിയപത്നിയെ എത്രയും പെട്ടെന്ന് കാണണമെന്ന് വലിയ ആഗ്രഹം തോന്നി. അവന് സ്വയം മന്ത്രിച്ചു. ‘ഓ എന്റെ അമൂല്യമായ പത്നീ, ഓ എന്റെ നിഷ്കളങ്കയായ പ്രാവേ, അവതരിച്ച വചനത്തിന്റെ ഏറ്റം യോഗ്യയായ മാതാവേ, നിന്റെ മുമ്പില്‍ ഞാന്‍ എങ്ങനെയാണ് പ്രത്യക്ഷപ്പെടുക? എന്റെ ഹൃദയം നിന്നെ കാണാന്‍ തുടിക്കുന്നനു. പക്ഷെ, നീ എന്നെ തള്ളിക്കളയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. നീ അങ്ങനെ ചെയ്താല്‍ അത് ശരിയായിരിക്കും, കാരണം, നീ എല്ലാം അറിയുന്നതുകൊണ്ട് എന്റെ നന്ദിഹീനതയും നീ അറിഞ്ഞുകാണുമല്ലോ. എന്നാല്‍ ദൈവം എന്നോട് ക്ഷമിച്ചുകഴിഞ്ഞതുകൊണ്ട് നീ വളരെ ദയയും മാധുര്യവുമുള്ളവളായതുകൊണ്ട് നീയും എന്നോട് ക്ഷമിക്കും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഓ ഏറ്റം പരിശുദ്ധയായ അമ്മേ, നീ ഇത്രമാത്രം പ്രകാശം പ്രസരിപ്പിക്കുന്നവളായി, സൗന്ദര്യവും മഹിമയും കൃപയും നിറഞ്ഞവളായി കാണപ്പെടുന്നതില്‍ ഞാന്‍ അതിശയിക്കുന്നില്ല. കാരണം നി നിന്റെ ഉദരത്തല്‍ ദൈവപുത്രനെ വഹിക്കുന്നു!
ഞാന്‍ ഇത്രയും നിന്ദാര്ഹനായവന് എന്റെ എല്ലാ ആവശ്യങ്ങളിലും നിന്നാല്‍ ശുശ്രൂഷിക്കപ്പെട്ടു എന്ന് ഓര്‍ക്കുമ്പോള്‍! ഓ എന്തുകൊണ്ടാണ് നീ എന്റെയീ തന്റേടത്തിനും തുനിവിനും എന്നെ ശകാരിക്കാത്തത്? ഓ എന്റെ പ്രിയപത്നിയേ, എനിക്കെങ്ങനെ നിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാനാകും? എന്നിരുന്നാലും എന്റെ ഹൃദയം ഒട്ടും താമസം വരുത്താതെ നിന്നെ കാണാനായി കരയുകയാണ്, നിന്നോടു മാപ്പുചോദിക്കാനും നിന്നിലുള്ള അത്യുന്നത ദൈവത്തെ ആരാധിക്കാനും.’
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.