വി. യൗസേപ്പിതാവിന്റെ ഹൃദയത്തെ മുറിപ്പെടുത്തിയ ആ വലിയ സഹനം എന്തായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 62/100
മറിയത്തിന്റെ സൗഹൃദത്തില്‍ ജോസഫ് സന്തോഷവാനും സംതൃപ്തനുമായിരുന്നു. ഒരു ദിവസം അവള്‍ ഗര്‍ഭിണിയാണ് എന്നുള്ളതിന്റെ പ്രകടമായ അടയാളങ്ങള്‍ അവന്‍ കണ്ടു. അവന്റെ മനസ്സ് കലങ്ങി, ഉഗ്രമായ ഒരു വേദനയാല്‍ പ്രഹരിക്കപ്പെട്ടതുപോലെയായി. ഈ അടയാളങ്ങള്‍ ഏതെങ്കിലും രോഗത്തിന്റേതായിരിക്കും എന്ന് ചിന്തിക്കാന്‍ അവന്‍ ആഗ്രഹിച്ചു.എന്നാല്‍ അവള്‍ വളരെ ഉന്മേഷവതിയും സന്തോഷവതിയുമായി കാണപ്പെട്ടതുകൊണ്ട് അവന്‍ ആത്മഗതം ചെയ്തു. ‘അവള്‍ക്ക് അസുഖമാണെങ്കില്‍ അതിന് മറ്റു ലക്ഷണങ്ങളും കാണേണ്ടേ? അവള്‍ വളരെ ആരോഗ്യവതിയായി കാണപ്പെടുന്നു.’ അവന്‍ തുടര്‍ന്നു. ‘എന്റെ ദൈവമേ, എന്റെ പത്‌നിയെക്കുറിച്ച് ഞാനെന്താണ് ഈ കാണുന്നത്? ഞാന്‍ സ്വപ്‌നം കാണുകയാണോ, അതോ ഞാന്‍ ഉണര്‍ന്നിരിക്കുകയാണോ? ഒരു പക്ഷേ എന്റെ കണ്ണുകള്‍ എന്നെ ചതിക്കുന്നതായിരിക്കും. അങ്ങനെയെങ്കില്‍ എന്താണ് ഞാനീ കാണുന്നത്? എനിക്കിത് അവളോടു ചോദിക്കാനുള്ള ധൈര്യമില്ല. അവളോട് ഇതേക്കുറിച്ച് സംസാരിക്കാനും എനിക്കു കഴിയില്ല. കാരണം അവള്‍ പരിശുദ്ധയാണ്. പക്ഷെ അവള്‍ ഏതൊരവസ്ഥയിലാണ് കാണപ്പെടുന്നതെന്ന് നോക്കുക. ഓ എന്റെ ദൈവമേ, എന്നെ സഹായിക്കണമേ, നിന്റെ ദാസനെ സഹായിക്കണമേ. ഞാന്‍ മനസ്സിലാക്കേണ്ടതിന് നീ എന്നെ പ്രകാശിപ്പിക്കണമേ; അങ്ങനെ ഞാന്‍ മനസ്സിലാക്കട്ടെ; കാരണം എന്റെ കണ്ണുകള്‍കൊണ്ട് ഞാന്‍ കാണുന്നതനുസരിച്ച് മറ്റൊരു നിഗമനത്തില്‍ എത്താന്‍ എനിക്കാവുന്നില്ല.’
ജോസഫിന്റെ മനോവ്യഥ പരിശുദ്ധ അമ്മ ഇതിനകം മനസ്സിലാക്കി കഴിഞ്ഞിരുന്നതുകൊണ്ട് തന്റെ കൃപാവരങ്ങളാല്‍ ്‌വനെ സംരക്ഷിക്കണമെ എന്ന് അവള്‍ ദൈവത്തോട് തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചു. വൈകുന്നേരം വേദനയാല്‍ തളര്‍ന്ന് അവന്‍ നേരത്തെ വിശ്രമത്തിനായി പോയി. എന്തായിരിക്കും ഇതിന്റെയൊക്കെ അര്‍ത്ഥം എന്ന് ഗാഢമായി ചിന്തിച്ചു. ആ രാത്രി അവന് അല്പം മാത്രം വിശ്രമമേ ലഭിച്ചുള്ളു. ഇടയ്ക്കിടയ്ക്ക് അവന്‍ ഉണര്‍ന്നെണീറ്റു. അവന്‍ തന്റെ പത്‌നിയെ കാണണമെന്ന് അതിയായ ആഗ്രഹം തോന്നിയതുകൊണ്ട് ഓരോ നിമിഷവും ഒരു യുഗംപോലെ അവനു തോന്നി. താന്‍ ഒരുതരത്തിലും ചതിക്കപ്പെട്ടതല്ല എന്ന് ഉറപ്പിക്കണം എന്ന് അവന്‍ ചിന്തിച്ചു.
അതിരാവിലെതന്നെ അവന്‍ മറിയത്തിന്റെ മുറിക്ക് മുമ്പില്‍ കാണപ്പെട്ടു. ആകാംക്ഷയോടുകൂടി അവള്‍ക്കായി കാത്തുനിന്നു; എത്രയും പരിശുദ്ധ അമ്മ പുറത്തുവന്നപ്പോള്‍ സാധാരണപോലെ അത്രമാത്രം വാത്സല്യത്തോടെ അവനെ അഭിവാദനം ചെയ്തു. വിശുദ്ധന്‍ അവളെ നോക്കിയപ്പോള്‍ എന്നത്തേക്കാളും മനോഹരിയും കൃപനിറഞ്ഞവളുമായി കാണപ്പെട്ടു. അതോടൊപ്പം താന്‍ തലേദിവസം ശ്രദ്ധിച്ച ആ അടയാളങ്ങളും അവന്‍ കണ്ടു. തന്റെ കാഴ്ചയ്ക്കു തെറ്റുപറ്റിയതല്ല എന്നു ബോദ്ധ്യമായപ്പോള്‍ അവന്റെ ഹൃദയം വീണ്ടും വേദനയാല്‍ പിച്ചിച്ചീന്തപ്പെട്ടു. എല്ലാം വളരെ വ്യക്തവും സ്പഷ്ടവുമായിരുന്നു. ‘ഓ എന്റെ ദൈവമേ,’ അവന്‍ കരഞ്ഞു. ‘എന്റെ പ്രിയപത്‌നിയുടെ സൗന്ദര്യവും ധന്യതയും കുലീനതയും എത്ര ആശ്വാസം നല്‍കുന്നതാണ്! അവളുടെ ശരീരത്തില്‍ മാതൃത്വത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ഞാന്‍ കാണുമ്പോഴുള്ള വേദന എത്രമാത്രം എന്റെ ഹൃദയത്തെ തകര്‍ക്കുന്നു. ഓ എന്റെ ദൈവമേ, ഈ വലിയ പരീക്ഷണത്തില്‍ നിന്റെ ദാസന്റെ സഹായത്തിന് വേഗം വരണമേ. അവിടുന്ന് തന്റെ ശക്തമായ കരം നീട്ടി എന്നെ പിടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമേ. ഈ ദുരിതത്തില്‍ ഞാന്‍ മരണത്തോളം തകര്‍ന്നിരിക്കുന്നു.’
എത്രയും പരിശുദ്ധ അമ്മ ജോസഫിനുവേണ്ടി ഒത്തിരിയേറെ പ്രാര്‍ത്ഥിച്ചിരുന്നതുകൊണ്ട് അവസാനം അവന് അല്പം ആശ്വാസവും സ്വാന്തനവും അനുഭവപ്പെട്ടു. കുറച്ചുനാള്‍കൂടെ കാത്തിരുന്ന് കാര്യങ്ങള്‍ എങ്ങനെ പരിണമിക്കും എന്ന് നോക്കാമെന്നും അവന്‍ മനസ്സില്‍ വിചാരച്ചു. അവന് ദൈവത്തില്‍ പരിപൂര്‍ണ്ണ ശരണമുണ്ടായിരുന്നതുകൊണ്ട് ദൈവം തന്നെ ഉപേക്ഷിക്കില്ലെന്നും അത്യുന്നതന്‍ എന്തെങ്കിലും വിധത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കി തരുമെന്നും ഈ പ്രശനത്തിന് എന്തെങ്കിലും ഒരു പരിഹാരം ദൈവം കാണിച്ചുതരുമെന്നും കരുതി, ഇക്കാര്യത്തില്‍ ഇനി ആകുലപ്പെടുകയില്ല എന്ന് അവന്‍ തീരുമാനിച്ചു. ‘എന്റെ പ്രിയപ്പെട്ടവളും അമൂല്യയുമായ പത്‌നി വളരെ പരിശുദ്ധയും ദൈവത്താല്‍ അത്യധികം സ്‌നേഹിക്കപ്പെടുന്നവളുമാണെന്ന് എനിക്കുറപ്പുണ്ട്. ഇക്കാര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ഞാന്‍ ശാന്തനായി കാത്തിരിക്കുന്നതാണ് ഉത്തമം.’ – അവന്‍ സ്വയം പറഞ്ഞു. എന്നാല്‍ ജോസഫിന് അങ്ങനെ ശാന്തനായിരിക്കാന്‍ കഴിഞ്ഞില്ല. അവന്‍ മറിയത്തെ നോക്കിയ ഓരോ നിമിഷവും അവന്റെ ഹൃദയത്തിന് അത് പുതിയ പീഡനമായിരുന്നു. അവളാകട്ടെ, തന്റെ ജോസഫ് ആകുലതയില്‍ തളരുന്നതുകണ്ട് അനുകമ്പാലുവായി. അതുകൊണ്ട് അവള്‍ പതിവിലും കൂടുതലായി അവനോട് സ്‌നേഹവും കാരുണ്യവും പ്രകടിപ്പിച്ചു.
ഓരോ ദിവസവും രാവിലെ ജോസഫ് മറിയത്തിന്റെ മുറിക്ക് മുമ്പില്‍ കാത്തുനിന്നു. അവളിലെ അടയാളങ്ങള്‍ കൂടുതല്‍ സ്പഷ്ടമാകുന്നുണ്ടോ എന്ന് നോക്കാനുള്ള ധൃതിയിലാണ് അവന്‍ കാത്തിരുന്നത്. അത് കൂടുതല്‍ സ്പഷ്ടമായി വരുന്നെന്ന് കണ്ടപ്പോള്‍ അവന്‍ അത്യധികം ആകുലപ്പെടുകയും രോഗിയെപ്പോലെ ക്ഷീണിക്കുകയും ചെയ്തു. വാസ്തവത്തില്‍ ഇത് അവനു കിട്ടാവുന്നതില്‍ ഏറ്റവും വലിയ സഹനമായിരുന്നു. ഇത് അവന്റെ ഹൃദയത്തെ അത്യധികം മുറിപ്പെടുത്തുകയും അങ്ങേയറ്റം വേദനാജനകമായ ആകുലതയില്‍ ആഴ്ത്തുകയും ചെയ്തു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.