പരി. മറിയം വഴി തനിക്കു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ വി. യൗസേപ്പിതാവ് എന്താണ് ചെയ്തത്?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 59/100

ഇപ്രകാരം സമയം ചെലവഴിച്ച് യാത്രചെയ്തതുകൊണ്ട് ജോസഫിനും മറിയത്തിനും യാതൊരു യാത്രാക്ഷീണവും അനുഭവപ്പെട്ടില്ല. മറിച്ച് യാത്ര വളരെ എളുപ്പമായിത്തോന്നി. തന്റെ പ്രിയ പത്‌നിയുടെ സഖിത്വം വീണ്ടുകിട്ടിയതിലുള്ള സന്തോഷം ജോസഫിനു മറച്ചുവയ്ക്കാനായില്ല. വഴിയില്‍ കണ്ടുമുട്ടിയ പല തരത്തിലുള്ള ആളുകളെയെല്ലാം പരിശുദ്ധ കന്യക സഹായിച്ചു. ഓരോ യാത്രക്കാരന്റെയും ആവശ്യങ്ങള്‍ക്ക് അനുസൃതമായ കൃപകള്‍ അവളുടെ മാദ്ധ്യസ്ഥ്യം വഴി ലഭിച്ചു. തന്റെ കൃപകള്‍ വിതരണം ചെയ്യാനുള്ള ഒരുപകരണമായി ദൈവവചനം തന്റെ പരിശുദ്ധ അമ്മയെ ഉപയോഗിച്ചു. എല്ലാറ്റിലും ഉപരി മനുഷ്യരക്ഷയ്ക്കുവേണ്ടിയാണല്ലോ മനുഷ്യനായി അവതരിച്ച് തന്റെ അമ്മയുടെ ഉദരത്തില്‍ ആയിരിക്കുന്നത്. അതുകൊണ്ട് അവളുടെ അപേക്ഷ അനുസരിച്ച് എല്ലാവര്‍ക്കും പ്രത്യേകിച്ചു പാപികള്‍ക്കു തന്റെ കൃപകള്‍ നല്‍കാന്‍ ദൈവം നിശ്ചയിച്ചു.

ഈ പാപികള്‍ ആരാണ് എന്നുപറയാന്‍ പരിശുദ്ധ അമ്മയ്ക്ക് കഴിഞ്ഞിരുന്നു. പാപത്തില്‍നിന്നുള്ള അവരുടെ മാനസാന്തരത്തിനായും അവരോട് ക്ഷമിക്കുന്നതിനായും അവരെ പ്രകാശിപ്പിക്കണമേ എന്ന് അവള്‍ തന്റെ തിരുസുതനോട് അപേക്ഷിച്ചു. തന്റെ ഏറ്റം പരിശുദ്ധ അമ്മയുടെ ഈ യാചനകളോട് അവതരിച്ച വചനം അനുകൂലമായി പ്രതിപകരിച്ചു. മറിയം എന്തു ചോദിച്ചാലും രക്ഷകന് അതേക്കുറിച്ച് സന്തോഷമായിരുന്നു. ജോസഫിന്റെ ആത്മാവിന് അധികമായ കൃപകള്‍ കൊടുക്കണമെന്ന് അവള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതുകൊണ്ട് അവന്‍ ദൈവസ്‌നേഹത്തിലും കൃപയിലും നിരന്തരം മുന്നേറി.

ദൈവത്തിന്റെ ഈ പ്രത്യേക അനുഗ്രഹങ്ങളെക്കുറിച്ചു വളരെയധികം അവബോധമുള്ളവനായിരുന്നു ജോസഫ്. തന്റെ ഹൃദയത്തില്‍ ദൈവസ്‌നേഹത്തിന്റെ ജ്വാലകള്‍ എരിയുന്നത് അവന്‍ തിരിച്ചറിയുകയും ഈ അനുഗ്രങ്ങള്‍ തനിക്കായി വാങ്ങിത്തരുന്നത് മറിയമാണെന്ന് താന്‍ തിരിച്ചറിയുന്നുവെന്ന് മറിയത്തോട് പറയുകയും ചെയ്തു. ‘ഇത് സത്യമാണെന്ന് എനിക്കറിയാം’ അവന്‍ പറഞ്ഞു. ‘കാരണം നിന്നെ എന്റെ വിശ്വസ്ത പത്‌നിയായി ദൈവം നല്‍കിയ അന്നുമുതല്‍ അങ്ങനെ നിന്റെ സൗഹൃദം എനിക്ക് കിട്ടിത്തുടങ്ങിയതുമുതല്‍, എന്റെ ഹൃദയം ദൈവസ്‌നേഹത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. എന്റെ ആത്മാവിന് തൃപ്തിയും സമാശ്വാസവും അവനില്‍ മാത്രമേയുള്ള. ഞാന്‍ ഇനി മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുകയോ മറ്റ് യാ്‌തൊന്നും തേടുകയോ വേണ്ട. ഈ സ്‌നേഹത്താല്‍ ദഹിപ്പിക്കപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു. എനിക്ക് മനസ്സിലാക്കാന്‍ പറ്റാത്ത എന്തോ ഒന്ന് എന്റെ ഉള്ളില്‍ ഉള്ളതായി എനിക്കനുഭവപ്പെടുന്നു. വാക്കുകള്‍ കൊണ്ട് എനിക്ക് വിവരിക്കാന്‍ പറ്റാത്ത എന്തോ ഒന്ന്, മുമ്പുണ്ടായിരുന്നതിനേക്കാള്‍ വളരെ ഉപരിയായി, ദൈവം എത്ര സ്‌നേഹയോഗ്യനാണെന്നും മാധുര്യവാനാണെന്നും വളരെ അവാച്യമായ രീതിയില്‍ മനസ്സിലാക്കാന്‍ ദൈവം എന്നെ അനുവദിച്ചു. ദൈവം നിന്നെ അത്യധികമായി സ്‌നേഹിക്കുന്നതുകൊണ്ട് ഈ അനുഗ്രഹങ്ങള്‍ നിന്റെ പ്രാര്‍ത്ഥനവഴിയായി നീ എനിക്ക് നേടിത്തന്നതാണെന്ന് എനിക്ക് ഉറപ്പുണ്ട്.’

ഏറ്റവും എളിമയുള്ളവളായ കന്യക ഈ വാക്കുകള്‍ ശ്രവിച്ചപ്പോള്‍ തന്നെത്തന്നെ എളിമപ്പെടുത്തി ദൈവത്തിന്റെ നന്മയെ സ്തുതിക്കാന്‍ തുടങ്ങി. തന്റെ ഭര്‍ത്താവിനോട് അവള്‍ ഇങ്ങനെ പറഞ്ഞു: ‘തന്നെ സ്‌നേഹിക്കുന്നവരോട് ദൈവം എത്ര സ്‌നേഹമുള്ളവനും ഔദാര്യമുള്ളവനും നല്ലവനുമാണെന്ന് നിനക്കറിയാം. ദൈവശുശ്രൂഷയ്ക്കായി നിന്റെ ജീവിതം സമര്‍പ്പിക്കാന്‍ നീ ആഗ്രഹിക്കുന്നു. എല്ലാക്കാര്യങ്ങളിലും ദൈവഹിതം നിറവേറ്റാനും നീ ആഗ്രഹിക്കുന്നു. അതുകൊണ്ട് ദൈവം നിന്നോട് ഒത്തിരി സ്‌നേഹം കാണിക്കുന്നതിലും ഔദാര്യവാനായിരിക്കുന്നതിലും അതിശയിക്കാന്‍ ഒന്നുമില്ല. നമുക്ക് സ്വീകരിക്കാന്‍ സാധിക്കുന്നതിലും കൂടുതല്‍ നല്‍കാന്‍ മാത്രം സര്‍വ്വശക്തനാണ് ദൈവം എന്ന് നീ തിരിച്ചറിയുന്നില്ല?’

അതിനുത്തരമായി ജോസഫ് ഉദ്‌ഘോഷിച്ചു. ‘ഓ! അപരിമേയനായ ദൈവമേ, നീ അര്‍ഹിക്കുന്നവിധം നിന്നെ സ്‌നേഹിക്കാന്‍ ഈ ദാസന് എന്നു കഴിയും? നിന്റെ ശുശ്രൂഷയ്ക്കായി മാത്രം ഞാന്‍ എന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന ദിവസം എന്നുവരും?’ ഇതു പറഞ്ഞിട്ട് അവന്‍ വീണ്ടും സായൂജ്യത്തിലായി. മറിയം സന്തോഷത്തോടെ തന്റെ ജോസഫിനെ നോക്കി നിന്നു. ഓരോ നിമിഷവും ദൈവസ്‌നേഹം അവനില്‍ കൂടുല്‍ കൂടുതലായി വളരുന്നതു കണ്ട് അവള്‍ സന്തോഷിച്ചു. ജോസഫ് മിക്കപ്പോഴും അവളോട് ആവശ്യപ്പെടാറുള്ളതുപോലെ അവള്‍ അവനെപ്രതി ദൈവത്തിന് നന്ദിയും സ്തുതിയും അര്‍പ്പിച്ചു.

അവര്‍ തങ്ങളുടെ സമയം ചെലവഴിക്കുന്ന വിധം കണ്ട് ദൈവം സന്തോഷിച്ചു. അത്യുന്നത ദൈവത്തിന് അവര്‍ മഹത്വവനും ബഹുമാനവും നല്‍കിയതില്‍ അവിടുന്ന് സംപ്രീതനായി. മറിയത്തിന്റെ കന്യാഉദരത്തില്‍ കുടികൊണ്ടിരുന്ന നിത്യവചനം അവളുടെ വിശ്വസ്തനായ ജോസഫിന്റെ തീക്ഷ്ണമായ ആഗ്രഹങ്ങളിലുള്ള സംതൃപ്തി അവള്‍ക്ക് വെളിപ്പെടുത്തി. ജോസഫിന്റെ പേര്‍ക്ക് ദൈവത്തിന് നന്ദി പറഞ്ഞതിനുശേഷം പരിശുദ്ധ അമ്മ തന്റെ ഭര്‍ത്താവിനോട് പറഞ്ഞത്, ദൈവം ഇനിയും കൂടുതല്‍ കൃപകള്‍ അവനില്‍ വര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് തന്റെ സ്‌നേഹവും ആഗ്രഹങ്ങളും ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണ്.

‘നമ്മുടെ യാചനകള്‍ വര്‍ദ്ധിക്കുന്നതില്‍ നമ്മള്‍ തളര്‍ന്നുപോകരുത്.’ അവള്‍ പറഞ്ഞു: ‘കാരണം വളരെയധികം കൃപകള്‍ നാം ഇനിയും സ്വീകരിക്കും എന്ന് ഞാന്‍ പ്രത്യാശിക്കുകയാണ്. നമ്മുടെ ഔദാര്യവാനായ ദൈവത്തിന് സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നത് നമുക്ക് തുടരാം, കാരണം അവിടുന്ന് അതിനര്‍ഹനാണ്; നമ്മുടെ കൃതജ്ഞത സമര്‍പ്പിക്കുമ്പോള്‍ അവന്‍ സംപ്രീതനായുന്നു. എല്ലാറ്റിലും അവനോട് വിശ്വസ്തനായിരിക്കുക. അവന്‍ നമ്മില്‍ കോരിച്ചൊരിയുന്ന അനുഗ്രഹങ്ങള്‍ക്ക് നിന്തരം നന്ദിയര്‍പ്പിക്കുക എന്നതില്‍ കൂടുതല്‍ എന്താണ് നമുക്ക് ചെയ്യാനുള്ളത്. അപ്രകാരം പുതിയ കൃപകളും ദാനങ്ങളും സ്വീകരിക്കാന്‍ നാം നമ്മെ ഒരുക്കുകയാണ് ചെയ്യുന്നത്.’ തന്റെ ഏറ്റം പരിശുദ്ധ ഭാര്യയുടെ ഈ വാക്കുകളെ ജോസഫ് ഏറെ ശ്രദ്ധയോടെ കേള്‍ക്കുകയും അവ തന്റെ ഹൃദയം തുളച്ച് പുതിയ സ്‌നേഹത്തിന്റെയും നന്ദിയുടെയും വികാരങ്ങള്‍ ഉണര്‍ത്തുകയും ചെയ്തു.

അങ്ങനെ ഏറെ സന്തോഷത്തോടും സമാശ്വാസത്തോടുംകൂടി ദീര്‍ഘദുരം പിന്നിട്ടത് അറിയുകപോലും ചെയ്യാതെ മറിയവും ജോസഫും അവരുടെ യാത്ര പൂര്‍ത്തിയാക്കി. ഈ അനുഗ്രഹത്തിനും മറ്റെല്ലാ അനുഗ്രഹങ്ങള്‍ക്കു അവര്‍ ദൈവത്തിനു നന്ദി പറഞ്ഞു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles