രക്ഷകനു വഴിയൊരുക്കാന്‍ ജനിച്ച കുഞ്ഞിനെ ദര്‍ശിച്ച വി. യൗസേപ്പിതാവിനു വെളിപ്പെട്ടതെന്തായിരുന്നു?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 57/100
കൃത്യം മൂന്നുമാസം കഴിയുമ്പോള്‍ അവന്‍ വരുമെന്ന് അറിയാവുന്നതുകൊണ്ട് മറിയത്തോടൊപ്പം തന്നെ കാത്തിരിക്കുന്ന സക്കറിയായുടെ ഭവനത്തിലേക്ക് ജോസഫ് തിടുക്കത്തില്‍ പ്രവേശിച്ചു.അവര്‍ അവന് വളരെ ഹൃദ്യമായ സ്വാഗതമരുളി. മറിയമാകട്ടെ, ഏറെ വാത്സല്യം നിറഞ്ഞ ഭാവങ്ങളോടെ അവനെ സ്വീകരിച്ചു.
അവളെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അവന്റെ ഹൃദയം സന്തോഷവും ആഹ്ലാദവുംകൊണ്ടു നിറഞ്ഞു കവിഞ്ഞു. അവളുടെ വര്‍ദ്ധമാനമായ സൗന്ദര്യത്തിലും മഹനീയതയിലും ദൈവകൃപയിലും അവന്‍ അത്ഭുതം കൂറി. വളരെ ബഹുമാനത്തോടെ അവളെ അഭിവാദനം ചെയ്ത് അവന്‍ ഇപ്രകാരം പറഞ്ഞു: ‘ഓ എന്റെ പ്രിയപ്പെട്ടവളെ, നിന്നെ കാണാന്‍ ഞാനെത്ര കൊതിച്ചു. എത്രമാത്രം കൊതിയോടെയാണ് ഞാനീ യാത്ര ചെയ്തത്. ഇപ്പോള്‍ എനിക്ക് സംതൃപ്തിയായി. എന്റെ വിശ്വസ്തസഹചാരിയായി ദൈവം നിന്നെ എനിക്കു തന്നതിനാല്‍ വലിയ വേദനയോടെയല്ലാതെ നിന്നെ പിരിഞ്ഞു ജീവിക്കാന്‍ എനിക്കാവില്ല.’
തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളെപ്രതി ദൈവത്തെ സ്തുതിക്കാമെന്ന് മറിയം പറഞ്ഞപ്പോള്‍ ജോസഫ് ആ നിര്‍ദ്ദേശം സന്തോഷത്തോടെ സ്വീകരിച്ചു. അവര്‍ ഒരുമിച്ച് ദൈവത്തിനു നന്ദി പറഞ്ഞു. ദൈവം ജോസഫിനു നല്‍കിയ സമാശ്വാസങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും അവനെ സംരക്ഷിച്ചതിനുമൊക്കെ അവര്‍ നന്ദി പറഞ്ഞു.
സ്‌നാപകയോഹന്നാന്‍ ജനിച്ചുകഴിഞ്ഞെന്ന് ജോസഫ് മനസ്സിലാക്കി. കുഞ്ഞിനെ കണ്ട ക്ഷണത്തില്‍ത്തന്നെ അവനില്‍ വര്‍ഷിക്കപ്പെട്ട ദൈവിക കൃപകളെയും സ്വര്‍ഗ്ഗീയദാനങ്ങളെയും ജോസഫ് തിരിച്ചറിഞ്ഞു. മുന്നോടിയും ജോസഫിനെ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ അഭിവാദനം ചെയ്യാനെന്നപോലെ തലയിളക്കി. ജോസഫിനെ കണ്ടതിലുള്ള സന്തോഷം യോഹന്നാന്‍ പ്രകടമാക്കുകയായിരുന്നു.
ഇത്രയും വ്യതിരിക്തനായ ഒരു അനന്തരാവകാശിയെ നല്‍കി ദൈവം അവരെ അനുഗ്രഹിച്ചതിന് ജോസഫ് ആ ദമ്പതികളെ പ്രശംസിച്ചു. ദൈവത്തിന്റെയും മനുഷ്യരുടെയും കണ്ണുകളില്‍ ഇവന്‍ ഒരു വലിയ പ്രവാചകനായിത്തീരും എന്നും ശ്രദ്ധേയമായ കാര്യങ്ങള്‍ ഞാനവനില്‍ കാണുന്നുവെന്നും ജോസഫ് പറഞ്ഞു. അവര്‍ ഒരുമിച്ച് ദൈവത്തെ സ്തുതിച്ച് നന്ദി പറഞ്ഞു.
മറിയവും ജോസഫുംകൂടി മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തി. ഇത്രയും നല്ല ഒരു സൗഹൃദം നഷ്ടമാകുന്നല്ലോ എന്നുള്ള കുണ്ഠിതതത്തില്‍ അവരിവിടെ താമസിച്ചിരുന്നെങ്കില്‍ എന്ന് എലിസബത്തും സക്കറിയായും ആഗ്രഹം പ്രകടിപ്പിച്ചു. മറിയവും ജോസഫും നസ്രത്തിലേക്ക് തിരിച്ചുപോകാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നു. തങ്ങള്‍ക്കായി ദൈവം നിശ്ചയിച്ചിരിക്കുന്ന സ്ഥലം നസ്രത്താണെന്ന് അറിയാവുന്നതുകൊണ്ട് ദൈവഹിതം നിറവേറ്റാന്‍ അവര്‍ ആഗ്രഹിച്ചു. അതുകൊണ്ട് ഏറെ ഭവ്യതയോടെ അവര്‍ ആ ക്ഷണം നിരസിച്ചു. തങ്ങളുടെ കൃതാര്‍ത്ഥതയില്‍നിന്നു മറിയത്തിനും ജോസഫിനും ധാരാളം സമ്മാനങ്ങള്‍ നല്കാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍, ദാരിദ്ര്യത്തില്‍ ജീവിക്കാന്‍ തീരുമാനിച്ചിരുന്നതുകൊണ്ട് തങ്ങള്‍ക്ക് അ്ത്യാവശ്യമുള്ളതു മാത്രമെ അവര്‍ സ്വീകരിച്ചുള്ളു.
അവര്‍ യാത്ര പുറപ്പെടേണ്ട ദിവസം പുലര്‍ന്നപ്പോള്‍ സക്കറിയായുടെ ഭവനത്തില്‍ കണ്ണീര്‍മഴയായിരുന്നു. കാരണം പരിശുദ്ധ കന്യകയുടെ സഹവാസംമൂലം ആ വീട്ടില്‍ എല്ലാവര്‍ക്കും ആശ്വാസവും പ്രചോദനവും ലഭിച്ചിരുന്നു. എലിസബത്തിനായിരുന്നു ഏറ്റവും കൂടുതല്‍ സങ്കടം. കാരണം തന്റെ ഈ ചാര്‍ച്ചക്കാരി യഥാര്‍ത്ഥത്തില്‍ ആരാണ് എന്നും അവളുടെ പരിശുദ്ധമായ ഉദരത്തില്‍ വഹിക്കുന്ന നിധി ആരാണെന്നും യഥാര്‍ത്ഥത്തില്‍ അറിയാവുന്നത് അവള്‍ക്കു മാത്രമായിരുന്നു. മറിയിത്തെ ജീവിതപങ്കാളിയായി കിട്ടിയതുകൊണ്ട് ഏറ്റവും ഭാഗ്യശാലിയും അനുഗൃഹീതനുമാണ് ജോസഫ് എന്ന് എലിസബത്ത് പല പ്രാവശ്യം അവനോടു പറഞ്ഞു. അവള്‍ക്ക് ജോസഫിനോട് ദൈവികമായ ഒരു അസൂയ തോന്നി. തനിക്കുവേണ്ടി ഈ മഹാദാനത്തിന് ദൈവത്തിന് നന്ദി പറയാന്‍ ജോസഫ് എലിസബത്തിനോട് പറഞ്ഞു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.