പരി. മറിയത്തെ തിരികെകൊണ്ടുവരാനുള്ള യാത്രയില്‍ വി. യൗസേപ്പിതാവിന് ഉണ്ടായ അനുഭവങ്ങളെപ്പറ്റി അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 56/100
ഇളയമ്മയായ എലിസബത്തിനോടൊപ്പമുള്ള മറിയത്തിന്റെ മൂന്നു മാസത്തെ താമസം കഴിയാറായപ്പോള്‍ ദൈവതിരുമനസ്സു പ്രകാരം തന്റെ ഭാര്യയെ കൂട്ടിക്കൊണ്ടുവരാന്‍ മാലാഖ ജോസഫിനോട് ആവശ്യപ്പെട്ടു. വാസ്തവത്തില്‍ വിശുദ്ധന്‍ മാലാഖയില്‍ നിന്നുള്ള നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയായിരുന്നു. തന്റെ സമാശ്വാസത്തിന്റെ സമയം സമാഗതമായി എന്നറിഞ്ഞ് അവന്റെ ഹൃദയം സന്തോഷത്താല്‍ തുടിച്ചു. ഒട്ടും താമസിയാതെ പ്രഭാതത്തില്‍ പ്രാര്‍ത്ഥനകള്‍ക്കുശേഷം ജോസഫ് യാത്ര പുറപ്പെട്ടു. സന്തോഷത്തോടും ആത്മവിശ്വാസത്തോടുംകൂടി, തന്റെ അരികിലെത്താന്‍ ഒരു ശുഭയാത്രയുടെ അനുഗ്രഹം തന്റെ പത്‌നി തനിക്കായി നേടിത്തരും എന്ന വിശ്വാസത്തോടെ അവന്‍ പുറപ്പെട്ടു. അവന് ഇക്കാര്യത്തില്‍ തെറ്റൊന്നും പറ്റിയില്ല. കാരണം രാത്രിയില്‍ തന്റെ ഭര്‍ത്താവ് ദൈവകൃപകളാല്‍ സംരക്ഷിക്കപ്പെടുന്നതിനായി മറിയം പ്രാര്‍ത്ഥിക്കുകയായിരുന്നു. അവളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടുകയും ജോസഫിന് ദൈവാനുഗ്രഹപ്രദമായ ഒരു യാത്ര ലഭിക്കുകയും ചെയ്തു.
സ്‌നേഹത്താല്‍ പ്രചോദിതനായും തന്റെ പ്രിയ പത്‌നിയെ കാണുന്നതിനുള്ള തിടുക്കത്തിലും ജോസഫിന്റെ ചുവടുവയ്പുകള്‍ക്ക് കൂടുതല്‍ വേഗത ലഭിച്ചു. തന്റെ ഉന്നതമായ സ്‌നേഹവിഷയമായ ദൈവത്തിലായിരുന്നു അവന്റെ ചിന്തകള്‍ കേന്ദ്രീകരിച്ചിരുന്നത്. ദൈവം അത്യധികം സ്‌നേഹിക്കുകയും അസാധാരണമായ കൃപാവരങ്ങള്‍കൊണ്ട് നിറയ്ക്കുകയും ചെയ്ത ഒരു സൃഷ്ടി എന്ന നിലയില്‍ അവന്റെ ചിന്തകള്‍ മറിയത്തെയും ചുറ്റിപ്പറ്റി നിന്നു. ഇടയ്ക്കിടയ്ക്കു നിന്ന് ഉന്നതത്തിലേക്കു നോക്കി ദൈവത്തിന്റെ കരവേലയും ദൈവികശക്തിയും ജ്ഞാനവും ഓര്‍ത്ത് അത്ഭുതപ്പെടും. ‘ഉണ്ടാകട്ടെ’ എന്ന ഒറ്റവാക്കാല്‍ ഇവയെല്ലാം എങ്ങനെ ഉണ്ടായി എന്നോര്‍ത്ത് അതിശയപ്പെട്ടു. മറ്റു സമയങ്ങളില്‍ സസ്യങ്ങളും വനവൃക്ഷങ്ങളും പുല്‍മേടുകളും ഒക്കെ കണ്ട് അതിശയിച്ചു നില്‍ക്കും.
ഇത്ര മനോഹരമായി പ്രകൃതിയിലെ സര്‍വ്വകാര്യങ്ങളും സമന്വയിപ്പിച്ചിരിക്കുന്ന ദൈവികജ്ഞാനത്തെക്കുറിച്ച് ധ്യാനിച്ച് അതിശയപ്പെട്ട് അവന്‍ ഇങ്ങനെ ഉദ്‌ഘോഷിച്ചു. ‘ഓ, എന്റെ ദൈവമേ, സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയും ആയവനേ, നീ അജയ്യനാണ്, അതുല്യനാണ്, വര്‍ണ്ണനാതീതനാണ്. നീ എത്രയധികം സ്‌നേഹയോഗ്യനാണ്. ഓ എന്തുകൊണ്ടാണ് എല്ലാ സൃഷ്ടികളും നിന്നോടുള്ള സ്‌നേഹത്താല്‍ കത്തിയെരിയാത്തത്? എന്തുകൊണ്ടാണ് ഇത്രയും വലിയ നന്മയെ സ്‌നേഹിക്കാന്‍ അവര്‍ക്കു കഴിയാത്തത്? അവിടുത്തെ നന്മയെ സ്‌നേഹിക്കാന്‍ കഴിയാത്ത ദുരിതം നിറഞ്ഞ ഹൃദയങ്ങള്‍ ഉണ്ടെന്നുള്ളത് സാധ്യമാണോ? അനന്തമായ സ്‌നേഹത്താല്‍ ഞങ്ങളുടെ സമാശ്വാസത്തിനും ശുശ്രൂഷയ്ക്കുമായിി എന്തെല്ലാമാണ് അവിടുന്ന് സൃഷ്ടിച്ചിരിക്കുന്നത്? എങ്കില്‍ അങ്ങയെ സ്‌നേഹിക്കാന്‍ വേണ്ടി വിശേഷബുദ്ധി നല്‍കി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന് അവിടുത്തേക്ക് തന്റെ സ്‌നേഹം നിരസിക്കാന്‍ എങ്ങനെ കഴിയും? ഓ എന്റെ ദൈവമേ, നിന്നെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കാത്ത അനേകര്‍ ഉണ്ട് എന്നുള്ളത് സത്യമാണോ? ദൈവം എല്ലാ മനുഷ്യരാലും സ്‌നേഹിക്കപ്പെടുന്നില്ല എന്നുള്ള തിരിച്ചറിവില്‍ ജോസഫ് ദുഃഖത്തോടെ കരയാന്‍ തുടങ്ങി.
അങ്ങനെ ഒരു ദിവസം ഒരു നല്ല ദൂരം സഞ്ചരിച്ചു കഴിഞ്ഞ് ജോസഫ് നിന്നിട്ട് സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി. തനിക്ക് നോക്കെത്തുന്ന ദൂരത്തോളം ഈ പ്രകൃതിയിലേക്കും നോക്കി. ‘ഈ സമയം ദൈവത്തോട് സംഭാഷിച്ചുകൊണ്ട് അവന്‍ ഇങ്ങനെ ഉദ്‌ഘോഷിച്ചു. ‘ഓ എന്റെ ദൈവമേ, ഞാന്‍ എന്റെ കണ്‍മുമ്പില്‍ കാണുന്ന സകലത്തിന്റെയും യഥാര്‍ത്ഥ അധിപന്‍ നീയാകുന്നു. സ്വര്‍ഗ്ഗവും ഭുമിയും നിന്റെതാകുന്നു. സമുദ്രവും നദികളും നിന്റേതാണ്. എല്ലാം നിന്റെ ശക്തിക്കു കീഴ്‌പ്പെട്ടിരിക്കുന്നു. അവിടുന്ന് ഇത്ര മഹോന്നതനായ ദൈവമാണെങ്കിലും മനുഷ്യരോടൊത്ത് വന്നു വസിക്കുന്നത് ഒരു വലിയ എളിമപ്പെടുത്തലായി നീ കണക്കാക്കുന്നില്ല. നിന്നോട് ഏറ്റം അടുത്ത് പെരുമാറാനുള്ള സന്തോഷംകൊണ്ട് അനുഗ്രഹിക്കപ്പെടുന്നത് ആരായിരിക്കും? ഓ ഉന്നതനായ ദൈവമേ, ഓ അത്യുന്നതനായ കര്‍ത്താവേ!’
അവന്‍ ഒരു സായൂജ്യത്തിലേക്ക് എടുക്കപ്പെട്ടു. രക്ഷകന്‍ മനുഷ്യരുടെ ഇടയില്‍ വസിക്കാന്‍ വരുമെന്ന് മാത്രമല്ല, അവന്‍ വളരെ എളിമപ്പെടുത്തി സാധാരണക്കാരും പാവപ്പെട്ടവരും ലളിതജീവിതം നയിക്കുന്നവരുമായ ജനങ്ങളുടെ ഇടയില്‍ വന്നു വസിക്കുമെന്നും അവന് വെളിപ്പെടുത്തപ്പെട്ടു. അതുകേട്ട് അവന്‍ ഇങ്ങനെ മന്ത്രിച്ചു: ‘അതായത് അവന്‍ ഇപ്പോള്‍ വരുകയാണെങ്കില്‍ നമ്മളെപ്പോലെ പാവപ്പെട്ടവരും എളിയവരുമായവരോട് സമ്പര്‍ക്കത്തിലാകാന്‍ അവന്‍ മടി കാണിക്കുകയില്ല. ഓ അത് നമുക്ക് എത്ര വലിയ സന്തോഷമായിരിക്കും. ഇത്രവലിയ ഒരനുഗ്രഹത്തിന് നമ്മള്‍ യോഗ്യരായിത്തീര്‍ന്നാല്‍ അത് എത്രവലിയ ഭാഗ്യമായിരിക്കും!’
മിശിഹാ വരുമ്പോള്‍ തന്നോട് ഇടപെടാന്‍ മടി കാണിക്കില്ലെന്ന ചിന്തയോടെ ജോസഫ് മിശിഹായുടെ വരവിനായി തീവ്രമായി ആഗ്രഹിക്കുക മാത്രമല്ല, ഹൃദയത്തില്‍ വലിയ സമാധാനം അനുഭവിക്കുകയും ചെയ്തു. അവന്റെ ഹൃദയത്തില്‍ നിറഞ്ഞുനിന്ന ദൈവസ്‌നേഹംമൂലവും തന്റെ ആഗ്രഹങ്ങള്‍ ദൈവത്തോട് പറയുകയും അവിടുത്തെ മനോഹരസൃഷ്ടികളെക്കുറിച്ച് ധ്യാനിക്കുകയും ചെയ്തതുമൂലവും ജോസഫ് ഹെബ്രാണില്‍ എത്തിയത് അറിഞ്ഞതേയില്ല.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.