പരി. മറിയത്തെ പിരിഞ്ഞിരിക്കേണ്ട സങ്കടകരമായ സന്ദര്‍ഭത്തില്‍ വി. യൗസേപ്പിതാവ് എന്താണ് ചെയ്തത്?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 51/100

ജോലിക്കിടയ്ക്ക് മറിയത്തെ കാണണമെന്ന അടക്കാനാവാത്ത ഒരാഗ്രഹം ജോസഫിന് അനുഭവപ്പെട്ടു. അവളോടുള്ള തീവ്രവും ബഹുമാനപുരസ്സരവുമായ ഒരു പരിശുദ്ധസ്‌നേഹത്താല്‍ അവന്റെ ഹൃദയം നിറയുന്നതായി അവന് അനുഭവപ്പെട്ടു. അവളില്‍നിന്ന് അകന്ന്ിരിക്കുന്നത് പ്രായോഗികമായി അസാധ്യമായ ഒരവസ്ഥയിലേക്ക് അവന്‍ വന്നു. വാസത്വത്തില്‍ അവളുടെ ഉള്ളിലുള്ള അവതരിച്ച വചനം അവന്റെ ആത്മാവിനെ ഇങ്ങനെ ആകര്‍ഷിക്കുകയായിരുന്നു. അവനിത് തിരച്ചറിഞ്ഞില്ലെങ്കിലും സ്‌നേഹത്തിന്റെ ശക്തി അതിന്റെ പ്രവര്‍ത്തനെ നിറുത്തുന്നില്ല. അത് പരസ്പരം കാണുകയും സംഭാഷിക്കുകയും ചെയ്യുന്നതിന്റെ ആനന്ദം അവര്‍ക്ക് നല്കാനായി ജോസഫിനെയും മറിയത്തെയും ഇടയ്ക്കിടയ്ക്ക് ഒന്നിപ്പിച്ചിരുന്നു. ജോസഫിനെ സംഭന്ധിച്ച് ഇത് വലിയ സന്തോഷത്തിന്റെ അവസരമായിരുന്നു. വളരെയേറെ ആദരവ് നിറഞ്ഞ അരൂപിയോടെ ജോസഫ് തന്റെ അടുത്ത് വന്നു നില്‍ക്കുന്നതു കാണുവാനും അതുവഴി അവന്റെമേല്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കാനും സാധിക്കുന്നത് അവതരിച്ച വചനത്തെ സംബന്ധിച്ച് ഏറെ ആനന്ദമായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയ പരി. അമ്മയ്ക്കും അതേ സന്തോഷവും നിറവും ലഭിച്ചു.

തന്റെ ഉള്ളിലെ ഭാവങ്ങളെല്ലാം ജോസഫ് മറിയത്തോട് പങ്കുവച്ചു. താനിങ്ങനെ തുടരെത്തുടരെ സന്ദര്‍ശിക്കുന്നത് മറിയത്തിന്റെ പ്രശാന്തതയ്ക്ക് ഭംഗം വരുത്തുന്നെങ്കില്‍ തന്നോട് ക്ഷമിക്കണമെന്നും അവന്‍ അപേക്ഷിച്ചു. അവളുടെ സാന്നിദ്ധ്യത്തില്‍ ഇപ്പോളനുഭവിക്കുന്ന വിധത്തിലുള്ള വലിയൊരു സമാധാനം മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലെന്നും എന്തോ ഒന്ന് തന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുന്നുണ്ടെന്നും അവന്‍ പറഞ്ഞു. അതിനാല്‍ ഇങ്ങനെയല്ലാതെ മറ്റൊരു രീതിയില്‍ ചെയ്യുവാന്‍ താന്‍ അശക്തനാണെന്നും പറഞ്ഞു.

നീ എനിക്ക് യാതൊരു കാരണവശാലും ഒരു ശല്യമല്ലെന്നും സ്വാതന്ത്ര്യത്തോടെ നിനക്ക് കടന്നുവരാമെന്നും കാരുണ്യത്തോടെ മറിയം പറഞ്ഞു. കാരണം ഇങ്ങനെ കണ്ടുമുട്ടുന്ന അവസരങ്ങളിലെല്ലാം അവരൊരുമിച്ച് ദൈവസ്തുതികള്‍ ആലപിക്കുകയും അതുവഴി കൂടുതല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്തിരുന്നു. അവളുടെ ഈ സാന്ത്വനവചസ്സുകള്‍മൂലം ജോസഫ് കൂടെക്കൂടെ അവളെ സന്ദര്‍ശിച്ചിരുന്നു. ഇപ്രകാരമുള്ള ഒരു സന്ദര്‍ശനവേളയില്‍ മറിയം കൂടുതല്‍ കൂടുതല്‍ മനോഹരിയും കൃപാവരങ്ങളാല്‍ നിറയപ്പെടുന്നതുമായി അവന് അനുഭവപ്പെട്ടു. അതിനനുസരിച്ച അവന് അവളോടുള്ള ബഹുമാനാദരവുകള്‍ വര്‍ദ്ധിച്ചുവന്നു.

എന്നാല്‍ ഈ സന്തോഷങ്ങളെല്ലാം അധികകാലം നീണ്ടുനിന്നില്ല. കാരണം മംഗളവാര്‍ത്താ സമയത്തു ലഭിച്ച അറിയിപ്പനുസരിച്ച് തന്റെ ഇളയമ്മയായ എലിസബത്തിനെ സന്ദര്‍ശിക്കുവാന്‍ അവള്‍ ആഗ്രഹിച്ചു. തന്റെ മുന്നോടിയായ യോഹന്നാനെ വിശുദ്ധീകരിക്കുവാന്‍ വേണ്ടി എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പോകണമെന്നത് അവതരിച്ച വചനത്തിന്റെ തിരുമനസ്സാണെന്ന് അവള്‍ക്ക് മനസ്സിലായി. ജോസഫിന്റെ മാലാഖ എലിസബത്ത് ഗര്‍ഭിണിയാണെന്നും സ്‌നാപകയോഹന്നാന്റെ ജനനത്തിനു മുമ്പ് മൂന്നു മാസത്തേക്ക് അവള്‍ക്ക് ശുശ്രൂഷ ചെയ്യാന്‍ മറിയത്തെ കൊണ്ടുചെന്നാക്കണമെന്നും ജോസഫിനു വെളിപ്പെടുത്തി. ഇത്രയും നീണ്ട ഒരു കാലത്തേക്ക് മറിയത്തെ പിരിഞ്ഞിരിക്കുകയെന്ന സന്ദേശം അവന് ഹൃദയഭേദകമായിരുന്നു. എന്നിരുന്നാലും ദൈവതിരുമനസ്സിന് മുമ്പില്‍ അവന്‍ ശിരസ്സു നമിച്ചു. ഈ സന്ദേശത്തെക്കുറിച്ച് മറിയത്തോട് പറഞ്ഞപ്പോള്‍ ഇത് ദൈവത്തിന്റെ ഹിതമാണെന്നും തന്നെ ഉടനെ അവിടെയാക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു.

ജോസഫിന്റെ സങ്കടം കണ്ട് അവനെ സന്തോഷിപ്പിക്കാനായി മറിയം ഇപ്രകാരം പറഞ്ഞു: ‘ജോസഫേ, നീ ഭയപ്പെടരുത്, ഞാന്‍ നിന്നെ എപ്പോഴും ഓര്‍ക്കും. ദൈവത്തോട് നിനക്കുവേണ്ടി ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കും. മൂന്നുമാസത്തിനുശേഷം നമ്മള്‍ വീണ്ടും ഒരുമിച്ച് ദൈവസ്തുതികള്‍ പാടും. നമ്മള്‍ ദൂരത്താണെങ്കിലും നമ്മിലെ ദൈവസ്‌നേഹത്തിന്റെ അരൂപി നമ്മളെ ഒരിക്കലും വേര്‍പിരിക്കില്ല. എല്ലാറ്റിലും ഉപരി നമ്മുടെ സ്‌നേഹത്തിനും സ്തുതിക്കും വിശ്വസ്തമായ ശുശ്രൂഷയ്ക്കും അര്‍ഹനായവന്‍ അവിടുന്നു മാത്രമാണ്. നമ്മള്‍ വിശ്വസ്തരും ദൈവഹിത്തിനു വിധേയത്വമുള്ളവരുമാണോ എന്നറിയാന്‍ വേണ്ടി അവിടുന്ന് ഈ വേര്‍പാട് നമുക്കായി ഒരുക്കുന്നു. അവിടുത്തെ വലിയ കൃപകള്‍ക്കും ദാനങ്ങള്‍ക്കും പകരമായി അങ്ങേയറ്റം വിശ്വസ്തത നമ്മില്‍ നിന്ന് അവിടുന്ന് പ്രതീക്ഷിക്കുന്നു.’

മറിയത്തിന്റെ വാക്കുകള്‍ ജോസഫിന് എന്തെന്നില്ലാത്ത ശക്തി പകര്‍ന്നു. തനിക്ക് ഏറ്റം പ്രിയപ്പെട്ടവളും സമാശ്വാസകാരണവുമായ അവളുടെ സഹവാസം തനിക്ക് തത്ക്കാലം നഷ്ടപ്പെടുമെങ്കില്‍ക്കൂടി ദൈവഹിതം നിറവേറ്റുന്നതില്‍ അവന്‍ സംതൃപ്തനായി. ദൈവത്തിന്റെ മുമ്പിലുള്ള ജോസഫിന്റെ കീഴ്‌വഴക്കം മറിയത്തിന് അനല്പമായ സമാശ്വാസം പകര്‍ന്നു. അവര്‍ അത്യുന്നതന് നന്ദിയര്‍പ്പിച്ചു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles