സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ ജീവിതം നമുക്ക് അനുഭവവേദ്യമാകുന്നത് എങ്ങിനെ എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-200/200
ഏറ്റം ദാരുണമായ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ശേഷം മൂന്നാം ദിവസം വിജയശ്രീലാളിതനായി വലിയ മഹത്വത്തോടെ രക്ഷകന്‍ ഉയിര്‍ത്തെഴുന്നേറ്റു. കല്ലറകളില്‍ അടക്കപ്പെട്ടിരുന്നവരെ പുറത്തു കൊണ്ടുവരുവാനും തന്നോടൊത്ത് സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടികൊണ്ടുപോകുവാനും അവനും അവരുടെ അടുത്തേക്ക് ഇറങ്ങണമായിരുന്നു. ജോസഫിന്റെ മഹത്വപൂര്‍ണ്ണമായ ആത്മാവ് ദൈവത്തിന്റെ ശക്തിയാല്‍ അവന്റെ അനുഗൃഹീതമായ ശരീരവുമായി വീണ്ടും കൂട്ടിയോജിപ്പിക്കപ്പെട്ടു. അതുവഴി ശരീരവും മഹത്വീകരിക്കപ്പെട്ടു. കല്ലറകളില്‍ കഴിഞ്ഞ പ്രവാചകന്മാരുടെ ശരീരം ഉയിര്‍പ്പുദിനത്തില്‍ ക്രിസ്തുവിനോടൊത്ത് മഹത്വപൂര്‍ണ്ണമായി ഉയിര്‍പ്പിക്കപ്പെട്ടതുപോലെ തന്നെ.
നീതിവിധിയുടെ സമയത്തു ദൈവപുത്രന്‍ സകല വിശുദ്ധരോടുമൊത്തു പ്രത്യക്ഷനാകുമ്പോള്‍ ജോസഫും തന്റെ മഹത്വീകരിക്കപ്പെട്ട ശരീരത്തോടുകൂടി ആഗതനാകും. ക്രിസ്തുവിന്റെ മഹത്വ പൂര്‍ണ്ണമായ സ്വര്‍ഗ്ഗാരോഹണസമയത്ത് ജോസഫിന്റെ ശരീരവും അതിന്റെ എല്ലാ സവിശേഷതകളോടുംകൂടി സമുചിതമായി തന്റെ ചാരിത്ര്യശുദ്ധിയുടെയും ആത്മവിശുദ്ധിയുടെയും യോഗ്യതയാല്‍, ഉന്നതമായ സ്ഥാനത്തേക്ക് പ്രവേശനം നേടി. അവിടെ വിശുദ്ധന്‍ സമുന്നതമായ ഒരു സിംഹാസനത്തില്‍ അവരോധിക്കപ്പെട്ടു. ദൈവത്തിന്റെ കളങ്കമറ്റ കുഞ്ഞാടിന്റെ സമീപത്ത്, ഭൂമിയിലെ മറ്റേതൊരു സൃഷ്ടിയെക്കാളും തന്നോടു സാധര്‍മ്മ്യമുണ്ടായിരുന്ന, തന്റെ ഏറ്റം പരിശുദ്ധിയും വിശ്വസ്തതയുമുള്ള ഭാര്യയുടെ സിംഹാസനത്തിനോടു ചേര്‍ന്ന്, മാലാഖമാരുടെയും മനുഷ്യരുടെയും രാജ്ഞിയുടെ സിംഹാസനത്തിനോടടുത്തുതന്നെ വിശുദ്ധ ജോസഫിനും സ്ഥാനം ലഭിച്ചു.
സ്വര്‍ഗ്ഗത്തില്‍ വിശുദ്ധ ജോസഫ് അനുഭവിക്കുന്ന മഹിമ ആര്‍ക്കും വിവരിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്; സകല വിശുദ്ധരെക്കാളും സമുന്നതമാണ്. ആ മഹിമ മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമാണ്; അതുകൊണ്ടുതന്നെ ഈ ലോകത്തിന് അജ്ഞാതവുമാണ്. എന്നിരുന്നാലും, ആ മഹിമയെ വിശുദ്ധസ്വര്‍ഗ്ഗത്തില്‍ നിത്യതയില്‍ എത്തിച്ചേര്‍ന്ന എല്ലാവരും എല്ലാക്കാലത്തും മനസ്സിലാക്കുകയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
മരിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കള്‍ക്കുവേണ്ടി വിശുദ്ധന്‍ തന്റെ മാദ്ധ്യസ്ഥ്യം നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. രക്ഷകന്റെ പരിശുദ്ധ രക്തത്താല്‍ മോചനം പ്രാപിച്ചിട്ടുള്ള ആത്മാക്കളുടെ നന്മയ്ക്കുവേണ്ടി വിശുദ്ധന് ആഴമായ താല്പര്യവും കരുതലുമാണുള്ളത്. എല്ലാവര്‍ക്കും വിശുദ്ധന്‍ കൃപകള്‍ നേടിക്കൊടുക്കുന്നുണ്ട്. തന്നെ വണങ്ങുന്നവരോട് പ്രത്യേകം ഔദാര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. വിശുദ്ധന് ദൈവത്തോടു ചോദിച്ച് വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത ഒരു കൃപയും സ്വര്‍ഗ്ഗത്തില്‍ വേറെയില്ല.
വിശുദ്ധ ജോസഫ് എല്ലാവര്‍ക്കുംവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നുണ്ട്; പ്രത്യേകിച്ച് ഏറ്റം ക്ലേശവും ദുരിതവും അനുഭവിക്കുന്നവര്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുംവേണ്ടി. എന്തെന്നാല്‍, ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ ആ വിധത്തില്‍ അവന്‍ വളരെയധികം സഹനങ്ങളിലൂടെ കടന്നുപോയിരുന്നു. വൈദികരും സന്ന്യസ്തരുമായ ആത്മാക്കളോട് വളരെ പ്രത്യേകമായ താത്പര്യവും സ്‌നേഹവുമാണ് വിശുദ്ധന്‍ പ്രകടിപ്പിക്കുന്നത്. അതുകൊണ്ട്, ജീവിതത്തിന്റെ എല്ലാ മേഖലകളിലുംപെട്ട എല്ലാ ആത്മാക്കളോടും പ്രത്യേകം അഭ്യര്‍ത്ഥിക്കുകയാണ്, ഏറ്റവും പരിശുദ്ധനായ വിശുദ്ധ ജോസഫിനോടു പ്രത്യേകമായ വണക്കം പ്രകടിപ്പിക്കുകയും മാദ്ധ്യസ്ഥ്യം തേടുകയും ചെയ്യണമെന്ന്. അതുവഴി അത്ഭുതാവഹമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുഭവവേദ്യമാകും എന്ന് ഉറപ്പാണ്.
(സമാപനം)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.