വി. യൗസേപ്പിതാവിന്റെ മരണസമയത്ത് നടന്ന അത്ഭുതങ്ങളെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-199/200
മരിക്കുമ്പോള്‍ ജോസഫിന് അറുപത്തിയൊന്നു വയസ്സു പ്രായമുണ്ടായിരുന്നു. വിശുദ്ധന്റെ മൃതശരീരത്തിനു ചുറ്റും ഒരു പ്രകാശവലയം രൂപപ്പെട്ടിരുന്നു; വളരെ ഹൃദ്യമായൊരു സുഗന്ധം നാലുപാടും പരക്കുകയും ചെയ്തിരുന്നു. അത്യാകര്‍ഷകമായ ആ അവസ്ഥയ്ക്ക് അവസാനംവരെ മാറ്റമുണ്ടായില്ല; ജോസഫിന്റെ മുഖം ഒരു മാലാഖയുടേതുപോലെ കാണപ്പെട്ടു. അതു കണ്ടവരെല്ലാം അവനെ വണങ്ങാന്‍ തുടങ്ങി.
ജോസഫിന്റെ ചരമവാര്‍ത്ത നസ്രത്തു മുഴുവന്‍ അറിഞ്ഞു. എല്ലാവരും അവനെ ഓര്‍ത്തു കരഞ്ഞു; പ്രത്യേകിച്ച് ജോസഫിന്റെ സുകൃതങ്ങള്‍ കണ്ടറിഞ്ഞവരും അടുത്ത സുഹൃത്തുക്കളും അവന്റെ സദ്ഗുണങ്ങളെ എടുത്തു പറയുകയും അനുസ്മരിക്കുകയും ചെയ്തു. യഹൂദ പാരമ്പര്യമനുസരിച്ചുള്ള ആചാരബഹുമതികളോടെ വിശുദ്ധന്റെ ഭൗതികശരീരം അടക്കം ചെയ്തു. അപ്പോള്‍ വലിയൊരു ജനാവലി അവിടെ തടിച്ചുകൂടിയിരുന്നു.
വിശുദ്ധന്റെ ഭൗതികശരീരത്തില്‍നിന്നു വമിച്ച സുഗന്ധവാസനയും അസാധാരണമായ പ്രകാശവലയവും കണ്ടവരെല്ലാം അത്ഭുതപരതന്ത്രരായി പറഞ്ഞു: തീര്‍ച്ചയായും ജോസഫ് കര്‍ത്താവിന്റെ കല്പനകള്‍ കുറ്റമറ്റവിധം പാലിക്കുന്നവനും ദൈവത്തിന്റെ ആത്മാവില്‍ നിറഞ്ഞവനുമായിരുന്നു എന്ന്. എല്ലാ കണ്ണുകളും നിറഞ്ഞൊഴുകി; ആ സംഭവം അവരുടെയെല്ലാം ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ചു.
ജോസഫിന്റെ കബറടക്കശുശ്രൂഷയ്ക്കുള്ള വിലാപയാത്ര ആരംഭിച്ചു. മാതാവും ഈശോയും വിശുദ്ധന്റെ മൃതശരീരത്തിന്റെ ഇരുവശങ്ങളിലായി നടന്നു. മാതാവിനെ ആശ്വസിപ്പിക്കുന്ന ഏതാനും ഭക്തസ്ത്രീകളും ഒപ്പം നടന്നിരുന്നു. പൊതുജനത്തിന് അദൃശ്യമായിരുന്നെങ്കിലും, സ്വര്‍ഗ്ഗത്തിന്റെ രാജാവിനും രാജ്ഞിക്കും അഭിവാദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് മാലാഖമാരുടെ വ്യൂഹനിരയും ആ വിലാപയാത്രയെ അനുഗമിച്ചിരുന്നു. ശാന്തവും സൗമ്യവുമായ അന്തരീക്ഷം പ്രകൃതിയുടെ അനുശോചനം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു; ഏവരെയും അതിശയിപ്പിച്ചു കൊണ്ട് പക്ഷിജാലങ്ങള്‍ മധുരമായ ഗാനാലാപത്തോടെ അവരുടെ സഹതാപം പ്രകടിപ്പിക്കുന്നുണ്ടായിരു ന്നു. ജോസഫിന്റെ ശരീരത്തില്‍നിന്നു പ്രവഹിച്ച സുഗന്ധവാസന സകലരെയും ആശ്ചര്യഭരിതരാക്കി.
ഫെബ്രായരുടെ ആചാരമനുസരിച്ച് ജോസഫിന്റെ കബറടക്കശുശ്രൂഷകള്‍ നിര്‍വ്വഹിച്ചശേഷം മാതാവും ഈശോയും വീട്ടിലേക്കു തിരിച്ചുപോന്നു. അടുത്ത സുഹൃത്തുക്കളും അയല്‍വാസികളും അവരെ സമാശ്വസിപ്പിക്കാന്‍ വീട്ടിലേക്കു തിരിച്ചുവരികയും അല്പസമയത്തിനുശേഷം മടങ്ങിപ്പോകുകയും ചെയ്തു. ദൈവം നല്കുന്ന ആശ്വാസ്ത്തിന് തടസ്സമാകാതിരിക്കാന്‍ അതാവശ്യമായിരുന്നു.
ജോസഫ് മരണം വരിച്ച അതേ സമയത്ത് നസ്രത്തിലും മറ്റു സ്ഥലങ്ങളിലും മോശയുടെ നിയമമനുസരിച്ച് ജീവിച്ച് മറ്റു പലരും മരിച്ചു. അവര്‍ മരണവേദനയിലകപ്പെട്ടിരിക്കുകയാണെന്ന രഹസ്യം പിതാവായ ദൈവം ജോസഫിനെ അറിയിച്ചു. മരണത്തിന്റെ വക്കിലെത്തി വലിയ സഹനത്തിലായിരുന്നിട്ടുപോലും മരിക്കുന്നവരുടെ
മദ്ധ്യസ്ഥന്‍ എന്ന തന്റെ കടമ നിര്‍വ്വഹിച്ചുകൊണ്ട് അവര്‍ക്കെല്ലാം വേണ്ടി ജോസഫ് പ്രാര്‍ത്ഥിച്ചു. അവരുടെ ആത്മാവിന്റെ നിത്യരക്ഷയ്ക്കാവശ്യമായതെല്ലാം പിതാവിന്റെ മുമ്പില്‍ സമര്‍പ്പിച്ചു. ജോസഫിന്റെ സുകൃതങ്ങളാലും പ്രാര്‍ത്ഥനയാലും ദൈവം അവര്‍ക്കു മോചനം പ്രദാനം ചെയ്തു.
എന്നുതന്നെയുമല്ല ദൈവം തന്റെ ഏറ്റം വിശ്വസ്തനായ ശുശ്രൂഷകന്റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നു എന്ന് കാണിച്ചുകൊടുത്തുകൊണ്ട് സമാശ്വസിപ്പിക്കുകകൂടിയായിരുന്നു. യഥാര്‍ത്ഥത്തില്‍ അത്രമാത്രം വിശുദ്ധനായ ഒരു മനുഷ്യന്റെ യാചനകള്‍ ദൈവത്തിന് എങ്ങനെ അവഗണിക്കാന്‍ കഴിയും? തന്നെ അത്യധികമായി സ്‌നേഹിക്കുകയും ഏറ്റം വിശ്വസ്തുതാപൂര്‍വ്വം സേവിക്കുകയും ചെയ്ത ഒരുവനെ, തന്റെ കല്പനകളും ആജ്ഞകളും കൃത്യമായി അനുസരിക്കുകയും പരിപൂര്‍ണ്ണമായി വിധേയപ്പെടുകയും ഈശോയും മാതാവും ജീവിച്ച അതേ മാതൃകയില്‍ ജീവിതം നയിക്കുകയും ചെയ്ത ഒരുവനെ, ദൈവത്തിന് എങ്ങനെ നിരസിക്കാന്‍ കഴിയും?
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.