വി. യൗസേപ്പിതാവ് തന്റെ ആത്മാവിനെ അത്യുന്നതങ്ങളില്‍ സമര്‍പ്പിക്കുന്ന നിമിഷങ്ങളെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-197/200

ജോസഫ് തന്റെ ജീവിതയാത്രയില്‍ സ്വായത്തമാക്കിയ പുണ്യങ്ങളും ദൈവം ആ ആത്മാവില്‍ മുന്‍കൂട്ടി വര്‍ഷിച്ച എല്ലാ വിശുദ്ധിയും അതിന്റെ പാരമ്യത്തിലേക്ക് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്; ഏറ്റം പരിശുദ്ധമായ അവന്റെ ആത്മാവിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്താന്‍ ദൈവം നിശ്ചയിച്ചിരിക്കുകയാണ്; പരിശുദ്ധ പിതാക്കന്മാരുടെ അടുത്തേക്ക് അതിനെ കൂട്ടിക്കൊണ്ടുപോകുന്നതിനുള്ള സദ്‌വാര്‍ത്തയുടെ കാഹളം അവന്റെ തലയ്ക്കു മുകളില്‍ മുഴങ്ങുകയായി.

തന്റെ ജീവന്റെ അവസാനനിമിഷങ്ങള്‍ ഏറ്റം അടുത്തിരിക്കുകയാണെന്ന് വിശുദ്ധനു ബോദ്ധ്യംവന്നു. ജോസഫിന്റെ ധന്യമായ ആത്മാവിനെ അബ്രാഹത്തിന്റെ മടിയിലേക്ക് സംവഹിച്ചുകൊണ്ടുപോകുവാന്‍ നിയുക്തരായ സ്വര്‍ഗ്ഗീയമാലാഖമാരുടെ സംഗീതധ്വനി ജോസഫിന് ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം. ദൈവത്തോടുള്ള സ്‌നേഹം അതിന്റെ പൂര്‍ണ്ണമായ അവസ്ഥയില്‍ എന്നത്തേക്കാള്‍ അധികമായി തന്റെ ഹൃദയത്തില്‍ ഉജ്ജ്വലിക്കുന്നതായി വിശുദ്ധന് അനുഭവപ്പെട്ടു. ഏറ്റം തീവ്രമായ ആത്മീയാനന്ദമാണ് അപ്പോള്‍ അനുഭവപ്പെട്ടത്. ഏതാനും മണിക്കൂറുകള്‍ അതു നീണ്ടുനിന്നു. പറുദീസയിലെ പരമാനന്ദത്തില്‍ ദൈവത്തോട് ഏറ്റവും അടുത്തിടപഴകുന്ന ആത്മീയനിര്‍വൃതിയുടെ വിശുദ്ധ നിമിഷങ്ങള്‍!

അതിനെ തുടര്‍ന്ന്, ഈശോയോടും മറിയത്തിനോടും നന്നായി സംസാരിക്കാന്‍ ജോസഫിന് കഴിഞ്ഞു. അവര്‍ ജോസഫിന്റെ അടുത്തുതന്നെ ഉണ്ടായിരുന്നു. അവരോടൊത്തു ജീവിക്കാന്‍ ലഭിച്ച അനുഗൃഹീതമായ കാലയളവില്‍ തന്റെ ഭാഗത്തുനിന്നു വന്നുപോയ വീഴ്ചകളും കുറവുകളും ക്ഷമിക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിച്ചു. തന്നോട് അവര്‍ പ്രകടിപ്പിച്ച സ്‌നേഹത്തിനും തന്റെ കുറവുകളെല്ലാം ക്ഷമയോടെ സഹിച്ചതിനും തനിക്കു ചെയ്തുതന്ന എണ്ണമറ്റ നന്മകള്‍ക്കും സ്വര്‍ഗ്ഗീയപിതാവില്‍നിന്നു നേടിത്തന്ന നിരവധിയായ കൃപാവരങ്ങള്‍ക്കും അവന്‍ അവരോടു നന്ദി പറഞ്ഞു.

രോഗബാധിതനായി കിടപ്പിലായിരുന്ന ദൈര്‍ഘ്യമേറിയ വേദനാപൂര്‍ണ്ണമായ ആ നാളുകളില്‍ അവര്‍ തന്നോടു പ്രകടിപ്പിച്ച ഔദാര്യത്തിനും പരിപാലനയ്ക്കും അവന്‍ പ്രത്യേകം കൃതജ്ഞത പറഞ്ഞു. അവസാനമായി രക്ഷകന്‍ ഇതുവരെ അനുഭവിച്ചതും മനുഷ്യവംശത്തിന്റെ വിമോചനത്തിനുവേണ്ടി ഇനിയും അനുഭവിക്കാനിരിക്കുന്നതുമായ സഹനത്തിനും അവന്‍ നന്ദി പറഞ്ഞു. മാതാവും ഈശോയും മുമ്പു തന്നോടു പറഞ്ഞതൊക്കെ ജോസഫ് മറന്നുപോയിരുന്നു;

തന്മൂലം അവരില്‍നിന്നു തനിക്കു ലഭിച്ച എല്ലാ നല്ല കാര്യങ്ങളെക്കുറിച്ചും അവന്‍ മനനംചെയ്തു. തന്റെ പരിശുദ്ധയായ ഭാര്യയോടുള്ള തികഞ്ഞ സ്‌നേഹത്തിന്റെ പ്രതീകമായി, കണ്ണീരോടും ഏറ്റം വികാരനിര്‍ഭരമായ സ്‌നേഹത്തോടുംകൂടി ഈശോയെ മാതാവിന്റെ സമ്പൂര്‍ണ്ണമായ സംരക്ഷണത്തിന് ഭരമേല്പിച്ചു കൊടുത്തു. ഈ സമയത്തു ജോസഫ് മറിയത്തെ നോക്കുമ്പോള്‍ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും നീറുന്ന ചിന്തകള്‍ അവന്റെ മനസ്സിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. രക്ഷകന്റെ മരണസമയത്ത് അവള്‍ അഭിമുഖീകരിക്കാനിരിക്കുന്ന അതിദാരുണമായ പീഡകളും സഹനങ്ങളും തിരസ്‌കരണങ്ങളും എത്ര കഠിനമായിരിക്കും! വിവരിക്കാനാവാത്ത ദുഃഖസാഗരത്തില്‍ മറിയത്തിന്റെ ഹൃദയം മുങ്ങിപ്പോകുമല്ലോ എന്ന ചിന്തകള്‍ ജോസഫിന്റെ അനുകമ്പാര്‍ദ്രമായ നോട്ടത്തില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles