മരണത്തിനു മുമ്പ് വി. യൗസേപ്പിതാവിനു ലഭിച്ച അത്ഭുതകരമായ കൃപകളെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-191/200
ഇപ്പോഴാകട്ടെ, ജോസഫിന്റെ നയനങ്ങള്‍ മറിയത്തിന്റെ കാല്പ്പാടുകളെ പിന്തുടരുന്നു. അവള്‍ പോകുമ്പോള്‍ ആ വിശുദ്ധ പാദസ്പര്‍ശമേറ്റ മണ്‍തരികളെ അവന്‍ ആദരപൂര്‍വം ചുംബിച്ചിരുന്നു. മറിയത്തോടുള്ള ആദരവ് അതിലും ഉപരിയാണെന്ന് അവന്‍ കരുതിയിരുന്നു. മാലാഖമാര്‍ ആദരപൂര്‍വം തന്റെ ഭാര്യയെ വണങ്ങുന്നത് അവന്‍ നേരിട്ടു കണ്ടിട്ടുള്ളതാണ്. അതേ മാനദണ്ഡത്തില്‍ത്തന്നെയാണ് ജോസഫിനു രക്ഷകനോടും ഉണ്ടായിരുന്ന ആദരവ്; പക്ഷേ, ദൈവസുതന്‍ എന്ന നിലയില്‍ അത് താരതമ്യപ്പെടുത്താവുന്നതിലും എത്രയോ ഉപരിയായിരുന്നു! ഈശോയെ ആദരിക്കുന്നത് നിശ്ചയമായും ദൈവമെന്ന നിലയ്ക്കാണ് എന്ന് എപ്പോഴും അവന്റെ ഹൃദയം മന്ത്രിച്ചിരുന്നു.
മറിയം പാകപ്പെടുത്തിക്കൊടുക്കുന്ന ഭക്ഷണം എന്തുതന്നെയായിരുന്നാലും സ്വര്‍ഗത്തില്‍ നിന്നു നല്കപ്പെടുന്ന ‘മന്ന’ എന്നപോലെയാണ് ജോസഫ് അതു സ്വീകരിച്ചിരുന്നത്. നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ ഭക്ഷണത്തോടുള്ള താല്പര്യക്കുറവിന്റെ പ്രശ്‌നം വല്ലാതെ അലട്ടിയിരുന്നെങ്കില്‍ക്കൂടി അതിനെ അതിജീവിച്ചുകൊണ്ട് മാതാവു നല്കുന്നതൊന്നും അവന്‍ നിരസിച്ചില്ല. വളരെ താല്പര്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഭക്ഷണം കഴിച്ചിരുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ കാര്യമായ സംതൃപ്തി ലഭിക്കുകയും ചെയ്തിരുന്നു.
മരണത്തിനുമുമ്പ് അസാധാരണമായ സമാശ്വാസവും അത്ഭുതകരമായ കൃപകളും ജോസഫിനു ലഭിക്കുന്നു. കഠിനപരീക്ഷണങ്ങളുടെയും മാരകമായ രോഗപീഡകളുടെയും നടുവില്‍ ക്ലേശങ്ങളും ഉല്‍ക്കണ്ഠകളും ഒട്ടേറെ ജോസഫ് സഹിക്കുക തന്നെ ചെയ്തു. ഇതെല്ലാമാണെങ്കിലും അസാമാന്യസഹനശക്തിയും ദിര്‍ഘക്ഷമയുമാണു ജോസഫ് പ്രകടമാക്കിയത്. ക്ലേശങ്ങളുടെയും വലിയ സഹനങ്ങളുടെയും നടുവില്‍ വളരെയധികം സുകൃതങ്ങള്‍ ചെയ്യാന്‍ ജോസഫിനു സാധിച്ചു. അത്യുന്നതനായ ദൈവത്തെ അത് അത്യധികം പ്രസാദിപ്പിച്ചു. അവിടുന്ന് ജോസഫിനെ ഏറ്റവും അധിക സന്തോഷവും പ്രദാനം ചെയ്തുകൊണ്ട് അവിടുന്ന് അവനെ അനുഗ്രഹിച്ചു.
ക്ലേശങ്ങളുടെ പാരമ്യത്തില്‍ അത്യന്തം പീഡിതനായി കഴിയുന്ന സമയത്ത് സ്വര്‍ഗത്തില്‍നിന്ന് ഒരു മാലാഖ (പ്രത്യക്ഷപ്പെട്ട്, ഈ കഠിന പരീക്ഷയില്‍നിന്നു മോചിപ്പിക്കാന്‍ ദൈവം തിരുമനസ്സായിരിക്കുന്നു എന്നും വളരെയേറെ പുതിയ കൃപകള്‍ ജോസഫിന്റെമേല്‍ വര്‍ഷിക്കാന്‍ പോകുകയാണെന്നും അറിയിച്ചു. പരീക്ഷണങ്ങള്‍ അടിച്ചേല്പിക്കപ്പെട്ട അവസരങ്ങളില്‍ വിശുദ്ധന്‍ ധാരാളം കൃപകള്‍ സ്വായത്തമാക്കുക മാത്രമല്ല തികഞ്ഞ വിധേയത്വത്തിലൂടെ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് തെളിയിക്കുകയും അതുവഴി ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്തു എന്ന് വെളിപ്പെടുത്തുകകൂടി ചെയ്തു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.