വി. യൗസേപ്പിതാവിന്റെ സഹനങ്ങളില്‍ പരി. മറിയം ആശ്വാസമേകിയത് എങ്ങിനെയെന്ന് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-190/200
ഇപ്പോഴിതാ, വേദനകള്‍ കുറഞ്ഞു; ശാന്തമായി അല്പസമയം മയങ്ങാന്‍ സാധിച്ചു. പിന്നീടു മറിയം അടുത്തു വന്നപ്പോള്‍ താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവിച്ച പീഡകള്‍ ജോസഫ് വിവരിച്ചുകൊടുത്തു. സന്തോഷത്തോടുകൂടി ധൈര്യപൂര്‍വം എല്ലാം സഹിക്കണമെന്നു പറഞ്ഞ് അവള്‍ ജോസഫിനു ധൈര്യം പകര്‍ന്നു. അങ്ങനെയുള്ള സമയത്ത് കഴിവതും ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുകയാണെങ്കില്‍ കൃപകള്‍ നിറഞ്ഞുകവിഞ്ഞൊഴുകുകയും സ്വര്‍ഗ്ഗരാജ്യത്തില്‍ ഉന്നതമായ സ്ഥാനത്ത് അവിടുന്ന് അവരോധിക്കുകയും ചെയ്യും. കര്‍ത്താവിന്റെ വലിയ കൃപ ജോസഫിന്റെമേലുണ്ടെന്നും ഒരിക്കലും ഒരു വിധത്തിലും അവിടുന്നു കൈവിടുകയില്ലെന്നും മറിയം ഉറപ്പുകൊടുത്തു. യഥാര്‍ത്ഥത്തില്‍ ദൈവം തന്റെ ശക്തി പകര്‍ന്നുകൊണ്ട് അരികില്‍ തന്നെയുണ്ടായിരുന്നു. എന്നുമാത്രമല്ല, ജോസഫിന്റെ ധൈര്യത്തിലും സുദൃഢമായ വിശ്വാസത്തിലും അവിടുന്നു സംപ്രീതനാണെന്നും പറഞ്ഞു.
മറിയത്തിന്റെ വാക്കുകള്‍ ജോസഫിന്റെ പീഡകളില്‍ നിന്നു പൂര്‍ണ്ണമായ വിടുതലിനു കാരണമായില്ലെങ്കിലും ആത്മാവിനെ വലയം ചെയ്തിരുന്ന ഉല്‍ക്കണ്ഠാജനകമായ സ്വാഭാവികഭയം വിട്ടുപോകാന്‍ അത് ഉപകരിച്ചു. അവന്‍ മറിയത്തിനു നന്ദി പറഞ്ഞു. ഭീതിജനകമായ ഈ ക്ലേശത്തില്‍ ദൈവത്തിന്റെ നിരന്തരമായ സഹായം ലഭിക്കുന്നതിനു തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അവിടുത്തേക്ക് ഇഷ്ടമാണെങ്കില്‍ ഈ ക്ലേശത്തില്‍നിന്ന് എന്നെ വിടുവിക്കും. ഓരോ തവണയും അവിടുത്തെ സന്ദര്‍ശനവേളയില്‍ ഞാന്‍ അതിയായ ആനന്ദംകൊണ്ടു നിറഞ്ഞിരുന്നു. എങ്കിലും ജോസഫ് തന്റെ വിധേയത്വവും സമര്‍പ്പണവും ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു: ”യാതൊരുവിധ ആശ്വാസവും ലഭിക്കാത്ത അവസ്ഥയില്‍ തുടരുന്നതാണ് കര്‍ത്താവിനു കൂടുതല്‍ പ്രസാദകരമെങ്കില്‍ പൂര്‍ണ്ണമായും ആ അവസ്ഥയില്‍ തുടരുന്നതിനും ഞാന്‍ ഒരുക്കമാണ്.”
മറിയം തന്റെ ഭാഗത്തുനിന്നു ജോസഫിന്റെ അഭിലാഷങ്ങളെല്ലാം സാധിച്ചുകിട്ടുന്നതിന് പിതാവിനോടു നിരന്തരം പ്രാര്‍ത്ഥിക്കുകയും വിശ്വസ്തയായ ഭാര്യയെന്ന നിലയില്‍ തന്റെ കടമകളെല്ലാം നിറവേറ്റുകയും ചെയ്തു. മുന്‍കാലങ്ങളിലെന്നപോലെ ഇവിടെയും തന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ചവരുത്താതെ സഹായിച്ചുകൊണ്ടിരുന്നു. സ്‌നേഹോഷ്മളമായ പ്രവൃത്തികളിലൂടെയും ഉദാത്തമായ സേവനത്തിലൂടെയും ആനന്ദജനകമായ പ്രബോധനങ്ങളിലൂടെയും ജോസഫിന് ആവശ്യമായതെല്ലാം മറിയം ചെയ്തുകൊടുത്തു. അപാരമായ സ്‌നേഹവും അവാച്യമായ അനുകമ്പയും മറിയത്തിന്റെ ഓരോ വാക്കിനെയും പ്രവൃത്തിയെയും അലങ്കരിച്ചിരുന്നു! ഈ ഭൂമിയില്‍ ഏതൊരു സ്ത്രീക്കും ചെയ്തുകൊടുക്കാന്‍ കഴിയുന്നതിനേക്കാള്‍ എത്രയോ ഉന്നതവും കാര്യങ്ങളാണ് മറിയം തന്റെ ഭര്‍ത്താവിനു ചെയ്തുകൊടുത്തത്.
മറുവശത്ത് ജോസഫാകട്ടെ, മറിയം തന്നോടു കാണിക്കുന്ന സ്‌നേഹത്തിനും ദയാദാക്ഷിണ്യങ്ങള്‍ക്കും എപ്പോഴും നന്ദിയും അഭിനന്ദനങ്ങളും പ്രകടിപ്പിച്ചിരുന്നു. മറിയത്തിന്റെ ഉന്നതമായ സ്ഥാനവും മഹിമയും ജോസഫിനു നന്നായി അറിയാമായിരുന്നു. അതിനാല്‍ത്തന്നെ, അത്യുന്നതന്റെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടിയുടെ പരിചരണവും സ്‌നേഹവും തനിക്കു ലഭിക്കുന്നതില്‍ ജോസഫ് അത്യന്തം സന്തുഷ്ടനായിരുന്നു. മറിയത്തോടുള്ള തന്റെ സ്‌നേഹാദരവുകള്‍ എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ലെന്ന് പലപ്പോഴും ജോസഫ് പറയുമായിരുന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.