വാര്‍ദ്ധക്യത്തിലെ ഏകാന്തതയില്‍ വി. യൗസേപ്പിതാവ് എന്താണ് ചെയ്തത് എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-187/200
അപേക്ഷകളും യാചനകളും കര്‍ത്താവിന്റെ ഇഷ്ടത്തിനു സമര്‍പ്പിച്ചശേഷം വിശുദ്ധന്‍ വളരെ പണിപ്പെട്ട് ഒന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു; അത് വിശുദ്ധസ്വര്‍ഗത്തിലേക്കു നോക്കുന്നതിനും അതുവഴി തെല്ലൊരാശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ്. സാധാരണയായി അങ്ങനെ ചെയ്യുമ്പോള്‍ വളരെയധികം ആനന്ദവും ആശ്വാസവും ലഭിക്കുക പതിവായിരുന്നു. എന്നാല്‍, ഇത്തവണ സ്വര്‍ഗ്ഗത്തിലേക്കു നോക്കിയെങ്കിലും വിശുദ്ധന്റെ ആഗ്രഹം സഫലീകരിച്ചില്ല. അതു കൊണ്ട് ഇങ്ങനെ വിലപിച്ചു: ”ഓ, ഉന്നതസ്വര്‍ഗമേ! എന്റെ എല്ലാമെല്ലാം കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്ന നീ ഇപ്പോള്‍ അടയ്ക്കപ്പെട്ടിരിക്കുന്നു. എപ്പോഴും എന്റെ മുമ്പില്‍ വിനയപൂര്‍വം തുറക്കപ്പെട്ടിരുന്ന നീ ഇപ്പോള്‍ പൂര്‍ണ്ണമായും മറയ്ക്കപ്പെട്ടിരിക്കുന്നു. എനിക്ക് യാതൊരുവിധ പ്രോത്സാഹനവും നല്കുന്നുമില്ല!”
ഏതാനും ഏതാനും നിമിഷത്തേക്ക് അതേ നിലയില്‍ത്തന്നെ നിന്നു. പിന്നീട്, തിരിച്ചുപോയി കിടന്നു. വേദനയുടെ കാഠിന്യത്താല്‍ ഒട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. ഹൃദയത്തിന്റെ ഏകാന്തത അതിലും വേദനാജനകമായിരുന്നു. ഇങ്ങനെ ക്ലേശിക്കാന്‍ കാരണമാകുംവിധം ദൈവത്തെ ദ്രോഹിച്ചത് എങ്ങനെയാണ് എന്നറിയാന്‍ വളരെ ദുഃഖത്തോടെ കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ചു. ജോസഫ് അത്യന്തം അസ്വസ്ഥനായിരുന്നു; എങ്കിലും യാതൊരു വിധത്തിലും ആശ്വാസമോ ഉത്തരമോ ലഭിച്ചതുമില്ല.
തീര്‍ത്തും കൈയൊഴിയപ്പെട്ട അവസ്ഥയില്‍ പോലും ജോസഫ് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടിരുന്നു. തന്റെതന്നെ ആത്മാവില്‍ ശക്തി സംഭരിച്ച് അവന്‍ പ്രഖ്യാപിച്ചു: ”അതെ, തീര്‍ച്ചയായും എന്റെ സ്‌നേഹമയിയായ ഭാര്യ ഉടനെ വരും; അവളെ കാണുമ്പോള്‍ എനിക്ക് ആശ്വാസം ലഭിക്കും; അവള്‍ എനിക്ക് ആശ്വാസം തരും; തന്നെയുമല്ല, സ്വര്‍ഗീയപിതാവിനോടു പ്രാര്‍ത്ഥിച്ച് എനിക്കു വേണ്ട കൃപകള്‍ വാങ്ങിത്തരാതിരിക്കില്ല. എന്റെ സ്‌നേഹം നിറഞ്ഞ ഈശോയും വീണ്ടും വരും; എന്റെ ഹൃദയം അപ്പോള്‍ നിശ്ചയമായും ആശ്വാസം കണ്ടെത്തും; എന്റെ ആത്മാവിനു നഷ്ടപ്പെട്ടിരിക്കുന്ന സമാധാനം അതു വീണ്ടെടുക്കുകയും ചെയ്യും.” ഇതു പറഞ്ഞുകൊണ്ട് അവര്‍ രണ്ടുപേരുടെയും വരവും പ്രതീക്ഷിച്ചു കാത്തിരുന്നു.
എങ്കിലും ഈശോയും മാതാവും നേരം പുലരുന്നതുവരെ ജോസഫിനെ കാണാന്‍ വന്നില്ല. ഇത് ദൈവം തയ്യാറാക്കിയ ഒരു പദ്ധതിയായിരുന്നു; ജോസഫിന്റെ ദീര്‍ഘക്ഷമ വര്‍ദ്ധിക്കുന്നതിനും കൃപകള്‍ വര്‍ഷിക്കുന്നതിനുംവേണ്ടി ആ ഒറ്റപ്പെട്ട ഏകാന്തത അവിടുന്ന് അനുവദിച്ചതായിരുന്നു. ജോസഫ് അത് ദൈവത്തിന്റെ മുമ്പില്‍ വിനയപൂര്‍വം അംഗീകരിക്കുകയും സമര്‍പ്പിക്കുകയും ചെയ്യുക മാത്രമല്ല; കൂടുതല്‍ എളിമപ്പെടുകയും തന്റെ നിസ്സാരതകളെ ഒരിക്കല്‍ക്കൂടി ഏറ്റുപറയുകയും ചെയ്തു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.