ക്ലേശങ്ങളില്‍ ആനന്ദം കണ്ടെത്തിയ വി. യൗസേപ്പിതാവിനെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-186/200
ജോസഫ് തന്റെ സഹനങ്ങളെ അഭിമുഖീകരിച്ചത് അനിതരസാധാരണമായ മനോഭാവത്തോടെയാണ്. സത്യത്തില്‍ തന്റെ ക്ലേശങ്ങളിലെല്ലാം ജോസഫ് ആനന്ദം കണ്ടെത്തി. എന്തെന്നാല്‍ എല്ലാ പ്രകാരത്തിലും ഈശോയുടെയും മാതാവിന്റെയും വരാനിരിക്കുന്ന സഹനങ്ങളെ അവന്‍ അനുകരിക്കുകയായിരുന്നു. ഈ വിധ പുണ്യങ്ങള്‍ ചെയ്തുകൊണ്ട് അവന്‍ മുന്‍കൂട്ടി ഈശോയുടെയും മാതാവിന്റെയും തനിപ്പകര്‍പ്പായിത്തീരുകയാണ് ചെയ്തത്. ഏറ്റം കഠിനവേദനകള്‍ പിടികൂടി ദുഃഖം കരകവിഞ്ഞൊഴുകുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും യാതൊരു പരാതിയും പരിഭവവും വിശുദ്ധന്റെ നാവില്‍നിന്നു പുറപ്പെട്ടില്ല.
മറിച്ച് എല്ലാകാര്യത്തിനും ദൈവമായ കര്‍ത്താവിനെ സ്തുതിക്കാനും നന്ദി പറയാനും പരിശീലിക്കുകമാത്രം ചെയ്തുകൊണ്ട് ഇങ്ങനെ പറയും: ‘എന്റെ ദൈവമേ! എന്റെ വേദനകള്‍ വര്‍ദ്ധിക്കണമെന്നാണ് അവിടുത്തെ തിരുഹിതമെങ്കില്‍ കണ്ടാലും ഞാന്‍ അതിന് ഒരുക്കമാണ്! അവിടുന്നു നല്കുന്ന എല്ലാറ്റിനും ഞാന്‍ നന്ദിപറയുകയും അവിടുത്തെ തൃക്കരങ്ങളില്‍നിന്നു വരുന്നതെല്ലാം സ്വീകരിക്കുകയും ചെയ്യുന്നു.’ ഇത് ജോസഫിനും വലിയ സമാശ്വാസം നല്കുകയും ശാരീരിക ക്ലേശങ്ങളുടെ നടുവിലും ഹൃദയത്തില്‍ ദൈവനാമം ഉരുവിടുവാനും അവിടുത്തേക്കു നന്ദിപറയാനും ശക്തിപകരുകയും ചെയ്തു.
തന്റെ വിശ്വസ്തനായ ദാസന്‍ കഠിനമായ പരീക്ഷണങ്ങള്‍ക്കു വിധേയനാകണമെന്ന് കര്‍ത്താവിന്റെ തിരുഹിതമായിരുന്നു. അതുവഴി മഹത്തായ കൃപകളാണ് അവന്‍ സ്വായത്തമാക്കിയത്. ഇപ്പോള്‍ ജോസഫ് ആന്തരികമായി ഏകാന്തതയുടെ ബന്ധനാവസ്ഥ അനുഭവിക്കണമെന്നത് ദൈവനിശ്ചയമാണ്. അതുവഴി അവന്‍ തന്റെതന്നെ ആത്മാവില്‍ ആനന്ദം കണ്ടെത്തുന്നു. ഇപ്രകാരം ദുസ്സഹമായ വിഷമങ്ങളിലൂടെ കടന്നുപൊകുന്ന ഒരു രാത്രിയില്‍ ജോസഫിന്റെ പീഡകള്‍ വീണ്ടും വര്‍ദ്ധിച്ചു. കഠിനവേദനയില്‍ പുളയുന്ന സമയത്ത് ആശ്വാസത്തിനായി അവന്‍ ദൈവത്തെ വിളിച്ചു. എങ്കിലും മുന്‍ അവസരങ്ങളില്‍ ഉണ്ടായതുപോലെ അപ്പോള്‍ സമാശ്വാസം ലഭിച്ചില്ല.
എന്റെ ദൈവമേ, എന്താണ് എനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്നത്? എത്ര ദുസ്സഹമായ വ്യഥകളാണ് ഞാനിപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്? എന്തിലാണ് ഞാന്‍ ഉപേക്ഷ വരുത്തിയത്? ഇത്ര കഠിനമായ പീഡകള്‍ക്ക് എന്നെ വിട്ടുകൊടുക്കാന്‍ മാത്രം എവിടെയാണ് ഞാന്‍ അങ്ങയെ പ്രകോപിപ്പിച്ചത്? ഈശോയും പരിശുദ്ധമാതാവും ഒരേ മേല്‍ക്കൂരയ്ക്കുള്ളില്‍ എന്നോടൊത്തു വസിക്കുന്നു. എന്നിട്ടും എല്ലാ പ്രകാരത്തിലും എനിക്ക് ആശ്വാസവും സാന്ത്വനവും നിഷേധിക്കപ്പെട്ടിരിക്കുന്നു! ഈശോയും എന്റെ ഭാര്യയായ പരിശുദ്ധമറിയവും എന്റെ വിഷമാവസ്ഥയെക്കുറിച്ച് വ്യക്തമായി അറിയുന്നുണ്ട്.
എന്നിട്ടും അവര്‍ വന്ന് ആശ്വസിപ്പിക്കുന്നുമില്ല. എന്റെ ദൈവമേ, അങ്ങയുടെ ഈ ദാസന്റെമേല്‍ കരുണയുണ്ടാകണമേ! ഞാന്‍ ഇപ്രകാരം ആശ്വാസമില്ലാതെ ക്ലേശം സഹിക്കുകയും അവഗണിക്കപ്പെടുകയും തന്നെ കഴിഞ്ഞുകൊള്ളാം. അവിടുത്തെ തിരുഹിതം നിറവേറ്റാനും അവിടുത്തെ ഇഷ്ടം ഹനിക്കാതിരിക്കാനും എനിക്കു സാധിച്ചാല്‍ മാത്രം മതി.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.