ഈശോയുടെ സാമീപ്യത്തില്‍ വേദനകള്‍ മറന്ന് സ്വര്‍ഗ്ഗീയാനന്ദത്തില്‍ ലയിച്ചിരുന്ന വി. യൗസേപ്പിതാവിനെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-182/200
അപ്പോള്‍ മറിയം ജോസഫിന്റെ അരികിലെത്തി. ജോസഫ് എഴുന്നേറ്റിരുന്നു നടന്നതെല്ലാം മറിയത്തോടു പറഞ്ഞു. വലിയ സഹനശക്തിയും ക്ഷമയും ദൈവകൃപയാല്‍ ആര്‍ജ്ജിക്കുന്നതിനുവേണ്ടി അവളും പ്രാര്‍ത്ഥിക്കുകയായിരുന്നു. ദൈവത്തിന്റെ ഇഷ്ടം അതാണെങ്കില്‍ മറിയവും അതിനുവേണ്ടി സഹനങ്ങള്‍ ഏറ്റെടുക്കാനും ഏറ്റം വേദനാജനകമായ ആ നിമിഷങ്ങളെ അതിജീവിക്കുവാനുള്ള ദൈവികശക്തിക്കും കൃപയ്ക്കുംവേണ്ടി പ്രാര്‍ത്ഥിച്ച് ഒരുങ്ങാമെന്നും വാക്കു കൊടുത്തു. ദൈവഹിതമെങ്കില്‍ ജോസഫ് ഒറ്റയ്ക്ക് ആ വേദനകളും സഹനങ്ങളും അനുഭവിക്കാന്‍ ഒരുക്കമായിരുന്നു. എന്തെന്നാല്‍, രക്ഷകന്റെ സഹനത്തില്‍ പങ്കാളിയാകണമെന്നുള്ള തീവ്രമായ അഭിലാഷം അവനില്‍ അത്ര ശക്തമായിരുന്നു. ഈശോ അനുഭവിക്കാനിരിക്കുന്ന പീഡകളുടെ കാഠിന്യത്തെക്കുറിച്ചുള്ള ചിന്തകള്‍ എപ്പോഴും ജോസഫിന്റെ മനസ്സില്‍ മായാതെ തെളിഞ്ഞുനിന്നിരുന്നു.
ഈ സമയം വയറ്റില്‍ അതികഠിനമായ ഒരു വേദന ജോസഫിന് അനുഭവപ്പെട്ടു. വേദനയുടെ ആധിക്യത്താല്‍ ചിലപ്പോള്‍ അവന്‍ പുളഞ്ഞു തലകുത്തിപ്പോകും. ഒരു വശത്ത് കഠിനവേദനയുടെ പാരവശ്യം, മറുവശത്ത് ദൈവത്തോടുള്ള സ്‌നേഹത്തിന്റെ പാരമ്യം. ഇവ രണ്ടിനുമിടയില്‍ ജോസഫ് വല്ലാതെ വിഷമിക്കുകതന്നെ ചെയ്തു. ശക്തമായ നെഞ്ചിടിപ്പ് പ്രകടമായിരുന്നു. ജോസഫിന്റെ എല്ലാ സ്‌നേഹത്തിന്റെയും ഉറവിടമായ ഈശോ അടുത്തെത്തിയപ്പോള്‍ ആ വിഷമങ്ങളുെ വേദനകളും ഒരു വിഷയമല്ലാതായിത്തീര്‍ന്നു. ഈശോ അടുത്തുവരികയും അവിടുത്തെ പരിശുദ്ധ കരങ്ങളില്‍ താങ്ങിപ്പിടിച്ച് എടുക്കുകയും ചെയ്യുമ്പോള്‍ എല്ലാ വേദനകളും മാറി ജോസഫ് ആത്മീയാനുഭൂതിയില്‍ ലയിച്ചുപോയിരുന്നു. ആ മഹനീയ നിമിഷങ്ങളില്‍ അവന് അനുഭവപ്പെട്ടത് വേദനയല്ല. പറുദീസയിലെ സ്വര്‍ഗ്ഗീയാനന്ദമായിരുന്നു.
ശരീരത്തിരന്റെ ബന്ധനത്തില്‍നിന്ന് ആത്മാവു വിട്ടുപോകണമെന്ന് ആഗ്രഹിച്ചെങ്കിലും ഈശോയെയും മാതാവിനെയും വിട്ടുപിരിയേണ്ടിവരുന്നതോര്‍ത്തുള്ള മനോപീഡയും ശക്തമായി അലട്ടിയിരുന്നു. ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഠിനവ്യാധിയുടെ വേദനകളിലൂടെ, ഭൂമിയിലുള്ള എല്ലാ ബന്ധങ്ങളെയും വിട്ടുപേക്ഷിക്കാന്‍, ഈശോയോടും മറിയത്തോടുമുള്ള സ്‌നേഹംപോലും വിട്ടുപിരിയാന്‍, സ്വര്‍ഗ്ഗീയപിതാവ് ആജ്ഞാപിക്കുകയായിരുന്നു. ജോസഫിന് അവരോടുള്ള സ്‌നേഹം താരതമ്യേന പരിശുദ്ധവും പരിപൂര്‍ണ്ണവും ആണെങ്കില്‍ക്കൂടി സ്വാര്‍ത്ഥതയെ തൃപ്തിപ്പെടുത്തുന്ന അംശങ്ങള്‍ അതിലും ചിലപ്പോള്‍ അടങ്ങിയിട്ടുണ്ടാകും.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.